ചൂണ്ടയിൽ അബദ്ധത്തിൽ കുടുങ്ങിയത് വമ്പൻ സ്രാവ്; പിന്നീട് സംഭവിച്ചത്?

 Fisherman Catches Great White Shark By Mistake
Image Credit: Shutterstock
SHARE

വമ്പൻ മീനുകൾ വലയിൽ കുടുങ്ങണം എന്ന പ്രതീക്ഷയിലാവും  മീൻപിടുത്തക്കാർ കടലിലേക്കിറങ്ങുന്നത്. എന്നാൽ ഏറെനേരം വല വീശിയിട്ടും പലപ്പോഴും നിരാശരായി മടങ്ങേണ്ടി വരുന്നവരുമുണ്ട്.  മറ്റു ചിലർക്കാവട്ടെ ആഗ്രഹിക്കാതെ തന്നെ ചെറിയ ചൂണ്ടയിൽ പോലും വമ്പൻ മത്സ്യങ്ങൾ കുടുങ്ങിയെന്നും വരാം. അത്തരം ഒരു സംഭവമാണ് ന്യൂസീലൻഡിലെ ബേ ഓഫ് പ്ലെന്റി എന്ന പ്രദേശത്തിനു സമീപം കടലിൽ മീൻ പിടുത്തത്തിനിറങ്ങിയ ഒരു സംഘത്തിനുണ്ടായത്. ഇവരുടെ ചൂണ്ടയിൽ കുടുങ്ങിയത് ഒരു വമ്പൻ സ്രാവാണ്. 

ജോയൽ ഗ്രേ എന്ന വ്യക്തിയുടെ ചൂണ്ടയിലാണ് സ്രാവ് വിഭാഗത്തിൽ തന്നെ ഏറ്റവും അപകടകാരിയായയായ ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട ഒന്ന് കുടുങ്ങിയത്. ജോയലും സുഹൃത്തുക്കളും ചൂണ്ടയിടാനിറങ്ങിയ പ്രദേശത്ത് സ്രാവുകളെ കണ്ടെത്തുന്നത് അത്ര സാധാരണമല്ല. അതിനാൽ ചൂണ്ടയിൽ എന്തോ കുടുങ്ങിയതായി മനസ്സിലായപ്പോൾ ചെറിയ ഇനത്തിൽപ്പെട്ട ഏതെങ്കിലും ഒന്നാവും എന്നാണ് കരുതിയത്. എന്നാൽ ചൂണ്ട നൂൽ വലിച്ചു പൊക്കാൻ ശ്രമിച്ചപ്പോൾ ഏറെ ഭാരമുള്ള എന്തോ ഒന്നാണെന്ന് മനസ്സിലായി. 

സുഹൃത്തുക്കളുടെ സഹായത്തോടെ  ചൂണ്ട വലിച്ചു പൊക്കാൻ ശ്രമിക്കുന്നതിനിടെ സ്രാവ് വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് കുതിച്ചു ചാടി. തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവാത്ത  കാഴ്ചയായിരുന്നു അതെന്ന് ജോയൽ പറയുന്നു. രണ്ടര മീറ്ററിലധികം വലുപ്പമാണ് സ്രാവിനുണ്ടായിരുന്നത്. എന്നാൽ പൂർണവളർച്ചയെത്തിയ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾക്ക് 4 മീറ്റർ വരെ നീളമുണ്ടാവും. അതിനാൽ താരതമ്യേന പ്രായം കുറഞ്ഞ സ്രാവുകളിൽ ഒന്നാവാം ജോയലിന്റെ ചൂണ്ടയിൽ കുടുങ്ങിയതെന്നാണ് നിഗമനം. 

അബദ്ധത്തിൽ സ്രാവ് ചൂണ്ടയിൽ കുടുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതോടെ എങ്ങനെയും  അതിനെ ചൂണ്ടയിൽ നിന്നും രക്ഷിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനിടെ പലയാവർത്തി സ്രാവ് വെള്ളത്തിന് മുകളിലേക്കെത്തുകയും ചെയ്തിരുന്നു. ഒടുവിൽ സ്രാവിന്റെ പരാക്രമത്തിനിടെ ചൂണ്ട നൂൽ പൊട്ടി അത് ദൂരേക്ക് നീന്തിയകുന്നു. സംഭവമറിഞ്ഞതോടെ പ്രദേശവാസികളാണ് ഏറെ ഭയപ്പെട്ടത്. കാരണം ഇവിടത്തുകാർ ഈ പ്രദേശത്ത് നീന്താൻ ഇറങ്ങുന്നത് പതിവാണ്. സ്രാവുകളുടെ സാന്നിധ്യമുണ്ടായിട്ടും ഇന്നോളം ആർക്കും അപകടമുണ്ടാകാതിരുന്നതിന്റെ ആശ്വാസത്തിലാണ് ഇവർ. 

എന്നാൽ ഈ പ്രദേശത്തിന് സമീപം സ്രാവുകളെ കണ്ടെത്തിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് കൺസർവേഷന്റെ പ്രാദേശിക വിഭാഗം ഏതാനും ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എങ്കിലും സംഭവത്തിന് ഗൗരവം  ഇപ്പോൾ മാത്രമാണ് പ്രദേശവാസികൾക്ക് മനസ്സിലാക്കാനായത്. കടലിൽ ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സമുദ്ര വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

English Summary: Fisherman Catches Great White Shark By Mistake 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA