ADVERTISEMENT

മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് പട്ടികളും പൂച്ചകളുമാണ്. ഇതില്‍ പട്ടികളെയാണ് താരതമ്യേന കൂടുതൽ അപകടകാരികളായി എല്ലാവരും കരുതുന്നതും. അതുകൊണ്ട് തന്നെ പാവങ്ങളായ ഓമന മൃഗങ്ങളായി തൊട്ടുരുമ്മി നില്‍ക്കാനുള്ള അവകാശം എപ്പോഴും പൂച്ചകള്‍ക്കാണ്. പക്ഷേ പൂച്ചകളെ ശ്രദ്ധയോടെ നിരീക്ഷിച്ചവര്‍ക്കറിയാം എപ്പോഴും സ്നേഹം പ്രകടിപ്പിക്കാന്‍ അവസരം കാത്തുനില്‍ക്കുന്ന നായ്ക്കളെ പോലെ അല്ല പൂച്ചകള്‍. പലപ്പോഴും വിളിച്ചാല്‍ ശ്രദ്ധിക്കാത്ത, തന്നിഷ്ടത്തോടെ നടക്കുന്ന തന്‍റേടികളാണ് പൂച്ചകള്‍. ചുരുക്കി പറഞ്ഞാല്‍ വലുപ്പക്കുറവ് കൊണ്ട് മാത്രം മര്യാദക്കാരായി നടക്കാന്‍ തീരുമാനിച്ചവരാണ് പൂച്ചകളെന്ന് പറയാം.

 

സാവന്നയിലെ കറുത്ത കാട്ടുപൂച്ച

ഇത്ര നേരം പറഞ്ഞത് വളര്‍ത്തുപൂച്ചകളെ കുറിച്ചാണെങ്കില്‍ ഇനി കാട്ടുപൂച്ചകളെക്കുറിച്ച് പറയാം. മനുഷ്യരോട് കടുവയും സിംഹവും വരെ മെരുങ്ങിയാലും ഒരിക്കലും മെരുങ്ങില്ലെന്ന് തീരുമാനിച്ചിട്ടുള്ള ജീവികളാണ് കാട്ടുപൂച്ചകള്‍. അതേ സമയം ലോകത്തെ ഏറ്റവും മികച്ച വേട്ടക്കാരായി കണക്കാക്കുന്നതും കാട്ടുപൂച്ചകളെയാണ്. വേട്ടയ്ക്കിറങ്ങായാല്‍ ഇവയുടെ വിജയശതമാനം അന്‍പത്തിയഞ്ചിനും മുകളിലാണ്. ആ കാട്ടുപൂച്ചകളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ആഫ്രിക്കയിലെ സാവന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കറുത്ത കാൽപാദമുള്ള പൂച്ചകള്‍. ചീറ്റ മുതല്‍ സിംഹം വരെയുള്ള ജീവികളുടെ വിജയശതമാനം മൂപ്പതിനും നാല്‍പ്പതിനും ഇടയ്ക്കാണെങ്കില്‍ സാവന്നയിലെ കാട്ടുപൂച്ചകളുടേത് അറുപത് ശതമാനത്തിനും മുകളിലാണ്.

The rare black-footed cat: the world's deadliest feline

 

ജിറാഫിനെ പോലും അടിച്ചിടുന്നവര്‍

സാവന്ന കാട്ട് പൂച്ചകളെ കുറിച്ച് പ്രദേശവാസികള്‍ പറയുന്നത് ജിറാഫിനെ പോലും അടിച്ചിടാന്‍ സാധിക്കുന്ന ജീവികളെന്നാണ്. ഇത് യാഥാർഥ്യമാകാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും ഒരു പക്ഷേ വളരെ ഉയരത്തില്‍ ചാടാനുള്ള ഈ പൂച്ചകളുടെ ശേഷിയെ സൂചിപ്പിക്കാനായിരിക്കാം ഇങ്ങനെ പറയുന്നതെന്നാണ് കരുതുന്നത്. ഒറ്റയ്ക്ക് ജീവിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ജീവികളാണ് ഈ കാട്ടുപൂച്ചകള്‍. സിംഹങ്ങളെ പോലെ കൂട്ടത്തോടെ വേട്ടയാടുന്നവരാണെങ്കില്‍ ജിറാഫിനെ പോലും അടിച്ചിടാനുള്ള വേഗവും, സൂക്ഷ്മതയും മൂര്‍ച്ചയുള്ള നഖങ്ങളും പല്ലും ഇവയ്ക്കുണ്ട്.

 

സാവന്ന പുല്‍‍മേടുകള്‍ കാണപ്പെടുന്ന ബോട്സ്വാന, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിലാണ് ഈ കാട്ടുപൂച്ചകളെ സാധാരണയായി കണ്ടുവരുന്നത്. തീറ്റയുടെ കാര്യത്തില്‍ വിശ്രമമില്ലാത്ത വീരന്‍മരാണ് ഈ പൂച്ചകള്‍, ഈ തീറ്റഭ്രാന്ത് തന്നെയാകാം ഇവയെ കൃത്യതയുള്ള വേട്ടക്കാരാക്കി മാറ്റുന്നതും. സാധാരണ എലികളും അണ്ണാനും ചെറിയ ഉരഗവര്‍ഗത്തിലുള്ള ജീവികളും, പക്ഷികളും മറ്റുമാണ് ഇവയുടെ ഇരകള്‍. എന്നാല്‍ തങ്ങളേക്കാള്‍ വലുപ്പവും വേഗതയും ഉള്ള കേപ്പ് ഹേര്‍ എന്ന മുയല്‍ ഇനത്തെയും ഇവ വേട്ടയാടാറുണ്ട്. ഇര തേടി ഒരു രാത്രി 50 കിലോമീറ്റര്‍ വരെ നടക്കാനും ഇവയ്ക്ക് മടിയില്ല.

 

തീര്‍ന്നില്ല, ഒരു ദിവസം ഇവ വേട്ടയാടുന്ന ജീവികളുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ദിവസേന അതായത് ഒരു രാത്രി കൊണ്ട് 16 ജീവികളെ വരെ ഇവ വേട്ടയാടി കൊന്നുതിന്നും. അതായത് ഓരോ അന്‍പത് മിനിട്ടിലും ഒരു ജീവി എന്ന കണക്കിലാണ് ഇവയുടെ വേട്ടയാടല്‍. മരത്തില്‍ കയറാന്‍ മറ്റ് പൂച്ചകളെ പോലെ ഇവ അത്ര മിടുക്കരല്ല. എന്നാൽ ചാട്ടത്തിന്‍റെ കാര്യത്തില്‍ കംഗാരുവിനെ പോലും ഇവ തോല്‍പ്പിക്കും. അതുകൊണ്ട് തന്നെ നിലത്ത് നിന്ന് പറന്നുയര്‍ന്ന പക്ഷിയെ പോലും ചാടി പിടിച്ച് വായിലാക്കാന്‍ ഇവയ്ക്ക് കഴിയും. ശക്തമായ കാഴ്ചയും, തീവ്രമായ കേള്‍വിശക്തിയുമാണ് ഇവയെ മികച്ച വേട്ടക്കാരാക്കുന്ന മറ്റ് ഘടകങ്ങൾ. ഇവ കാണപ്പെടുന്ന രാജ്യങ്ങളിലെല്ലാം തന്നെ സംരക്ഷിത ജീവി വര്‍ഗമാണ്. അതുകൊണ്ട് തന്നെ ഇവയെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ പൂച്ചകളുടെ അംഗസംഖ്യയ്ക്ക് വലിയ കോട്ടം സംഭവിച്ചിട്ടുമില്ല. 

 

English Summary: The rare black-footed cat: the world's deadliest feline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com