ADVERTISEMENT

പെഞ്ചിന്റെ അമ്മ എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ അമ്മക്കടുവ കോളർവാലിയുടെ അന്ത്യനിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏറെ ആരാധകരുള്ള അമ്മക്കടുവ ജനുവരി 14നാണ് പ്രായാധിക്യം മൂലം ജീവൻവെടിഞ്ഞത്. അവസാനമായി പകർത്തിയ കോളർവാലിയുടെ ദൃശ്യമാണ് ഇപ്പോൾ പരക്കുന്നത്. കോളർവാലിക്ക് ഏറെ പ്രിയപ്പെട്ട കാട്ടരുവിയുടെ തീരത്താണ് കടുവ അന്ത്യനിമിഷങ്ങൾ ചിലവഴിച്ചത്. ഇവിടെയെത്തുമ്പോൾ കടുവ തീർത്തും അവശയയായിരുന്നു. കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ച ശേഷം അരുവിയുടെ തീരത്തെ പുല്ലുകൾ നിറഞ്ഞ പ്രദേശത്ത് കിടക്കുകയായിരുന്നു. അവിടെത്തന്നെയായിരുന്നു കടുവ ജീവൻ വെടിഞ്ഞതും.

2005 സെപ്റ്റംബറിലാണ് കോളർവാലി ജനിച്ചത്. 2008 മെയ് മാസത്തിലാണ് ആദ്യമായി 3 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. എന്നാൽ ആ കുഞ്ഞുങ്ങൾ അധികകാലം ജീവിച്ചില്ല . 2018ലാണ് അവസാനമായി 4 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. 2008 മുതൽ 2018വരെ 29 കുഞ്ഞുങ്ങൾക്കാണ് ഈ അമ്മക്കടുവ ജൻമം നൽകിയത്. 17 വയസ്സായിരുന്നു കടുവയുടെ പ്രായം. തന്റെ ജീവിത കാലയളവിൽ 29 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയ കോളർവാലി സൂപ്പർ മോം എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 11 വർഷത്തിനിടയിലാണ് ടി15 എന്നറിയപ്പെടുന്ന കടുവ 29 കുട്ടികൾക്ക് ജൻമം നൽകിയത്.

കർമാഝിരി വനപരിധിയിൽ 14 ശനിയാഴ്ച വൈകുന്നേരം 6.15ഓടെയാണ് കോളർവാലി മരണപ്പെട്ടതെന്ന് പെഞ്ച് കടുവാ സങ്കേതം പുറത്തിറക്കിയ പ്രസ് റിലീസിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യം മോശമായിരുന്ന കോളർവാലിയെ കഴിഞ്ഞ ഒരാഴ്ചയായി ഒരു സംഘം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. പ്രായാധിക്യമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. 12 വയസ്സുവരെയാണ് കടുവകളുടെ ശരാശരി ആയുസ്സ്. 2008 മാർച്ചിലാണ് ലാണ് കടുവയ്ക്ക് കോളർ നൽകിയത്. 2010ൽ അത് പ്രവർത്തനരഹിതമായതോടെ പുതിയ കോളർ നൽകി. ഇതോടെയാണ് പ്രദേശവാസികൾക്കിടയിൽ കോളർവാലി എന്ന പേരിൽ കടുവ അറിയപ്പെട്ടു തുടങ്ങിയത്. നിലവിൽ മധ്യപ്രദേശിൽ 526 കടുവകളുണ്ട്.

പെഞ്ച് കടുവാ സങ്കേതം സന്ദർശിക്കുന്നവർക്കെല്ലാം കോളർവാലി എന്ന കടുവ സുപരിചിതയായിരുന്നു. മധ്യപ്രദേശിലെ കടുവകളുടെ എണ്ണം വർധിച്ചതിൽ നിർണായക സ്ഥാനം കോളർവാലിക്കുണ്ടായിരുന്നു. ‘പെഞ്ച് കടുവാ സങ്കേതത്തിന്റെ റാണി’ എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ കോളർവാലിയെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളെടുക്കപ്പെട്ട കടുവയും കോളർവാലി അഥവാ പെഞ്ചിന്റ അമ്മ എന്നറിയപ്പെടുന്ന ഈ കടുവയായിരുന്നുവെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ വ്യക്തമാക്കി.

പ്രദേശവാസികൾക്ക് പ്രിയങ്കരിയായിരുന്ന കോളർവാലിയെ ഏറെ ബഹുമതികളോടെയാണ് സംസ്ക്കരിച്ചത്. പൂമാലകൾക്കൊണ്ടലങ്കരിച്ച് ചിതയൊരുക്കിയായിരുന്നു സംസ്ക്കാരം. തൊഴുകൈകളോടെ ഒട്ടേറെ ഗ്രാമവാസികൾ കോളർവാലിയെന്ന പെഞ്ചിന്റെ അമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. 

English Summary: Videos of final moments of Madhya Pradesh's famous tigress Collarwali go viral after her death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com