നീന്തിത്തുടിച്ച് ബ്ലാങ്കറ്റ് ഒക്ടോപസ്, കണ്ടെത്തൽ 20 വർഷത്തിനു ശേഷം; അമ്പരന്ന് ഗവേഷകർ, വിഡിയോ

Rare blanket octopus spotted after 20 years in Australia
Image Credit: jacintashackleton/Instagram
SHARE

സമുദ്രം വിസ്മയങ്ങളുടെ കലവറയാണ്. കണ്ണുകൾക്ക് വിശ്വസിക്കാനാവാത്തത്ര സൗന്ദര്യമുള്ള ജീവജാലങ്ങളാണ് കടലിന്റെ ആഴങ്ങളിൽ ജീവിക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു സമുദ്രജീവിയുടെ  ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന് സമീപത്തുനിന്നും പകർത്തിയിരിക്കുന്നത്. അപൂർവമായി മാത്രം കാണാൻ കഴിയുന്ന, വർണവൈവിധ്യം നിറഞ്ഞ ഉടലുള്ള ഒരു ബ്ലാങ്കറ്റ് ഒക്ടോപസിന്റെ ചിത്രങ്ങളാണിത്. സമുദ്രത്തിൽ സ്നോർക്കലിങ് നടത്തുകയായിരുന്ന ജെസീന്ത ഷാക്കിൽടൺ എന്ന സമുദ്ര ഗവേഷകയാണ് അപൂർവ നീരാളിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

പിങ്കും ഓറഞ്ചും മഞ്ഞയും കലർന്ന  നിറങ്ങളിൽ നൃത്തച്ചുവടുകൾ വയ്ക്കും പോലെ മനോഹരമായി  നീന്തി നീങ്ങുന്ന നീരാളിയെ കണ്ട് ആദ്യം വലിയ ചിറകുള്ള ഏതോ മീനാണെന്നാണ് ജെസീന്ത കരുതിയത്. എന്നാൽ കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ് അതൊരു ബ്ലാങ്കറ്റ് ഒക്ടോപസാണെന്ന് തിരിച്ചറിഞ്ഞത്.  ഉടൻ തന്നെ നീരാളിയുടെ ദൃശ്യങ്ങളും  പകർത്തി. ഇളം ഓറഞ്ച് നിറത്തിൽ അർധ സുതാര്യമായ ശരീരമുള്ള പെൺ നീരാളിയുടെ ദൃശ്യങ്ങൾ ജെസീന്ത ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. 20 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ബ്ലാങ്കറ്റ് ഒക്ടോപസിനെ ഓസ്ട്രേലിയയിൽ കണ്ടെത്തുന്നത്.  നീരാളിയുടെ കൃത്യമായ വലുപ്പം എത്രയാണെന്ന് ജെസീന്ത വ്യക്തമാക്കിയിട്ടില്ല. എങ്കിലും സാധാരണഗതിയിൽ ഈ ഇനത്തിൽപ്പെട്ട പെൺ നീരാളികൾ ആറടി വരെ നീളത്തിൽ വളരുന്നവയാണ്. എന്നാൽ ആൺ നീരാളികൾക്കാവട്ടെ ഒരു വോൾനട്ടിനോളം വലുപ്പം മാത്രമേ ഉണ്ടാകൂ. ആൺ നീരാളികൾ ഇണ ചേർന്ന ശേഷം അധികകാലം ജീവിക്കാറുമില്ല. 

1963 ലാണ് ബ്ലാങ്കറ്റ് ഒക്ടോപസിനെ ആദ്യമായി കണ്ടെത്തിയത്. കൈകൾ നീട്ടുമ്പോൾ ബ്ലാങ്കറ്റിന്റെ ആകൃതിയിൽ ശരീരം രൂപപ്പെടുന്നത് കൊണ്ടാണ് അവയ്ക്ക് ഈ പേര് ലഭിച്ചത്.  ഇരപിടിയന്മാരെ  ഭയപ്പെടുത്തി അകറ്റി നിർത്താനായി അവ സ്വീകരിക്കുന്ന ഒരു മാർഗം കൂടിയാണിത്. ഉൾക്കടലിൽ നീന്തിയാണ് അവ കൂടുതൽ സമയവും ചിലവിടുന്നത്. മനുഷ്യർക്ക് പലപ്പോഴും ഇവയെ അടുത്തു കാണാനാവാത്തതും ഇതു മൂലമാണ്. 

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്നാണ് തനിക്ക് ലഭിച്ച അവസരത്തെ ജെസീന്ത വിശേഷിപ്പിക്കുന്നത്. നീരാളിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ ചിത്രങ്ങൾ പകർത്താൻ ഏറെ ബുദ്ധിമുട്ടിയതായും ജെസീന്ത പറയുന്നു. ജെസീന്ത പങ്കുവച്ച ദൃശ്യങ്ങൾ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. അവിശ്വസനീയമായ കാഴ്ചയെന്നാണ് പലരും ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്. നീരാളിയുടെ സൗന്ദര്യം കണ്ട് വിശ്വസിക്കാനാവാതെ ഇത് ഫൊട്ടോഷോപ്പ് ചെയ്ത ദൃശ്യമാണോയെന്ന് ചോദിക്കുന്നവർ വരെയുണ്ട്.

English Summary: Rare blanket octopus spotted after 20 years in Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS