ADVERTISEMENT

യുഎസിലെ മേരിലാൻഡിൽ സ്ഥിതി ചെയ്യുന്ന ചാൾസ് കൗണ്ടിയിലെ ഒരു വീട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം സ്ഥിതി ചെയ്ത വീട്ടിൽ തുടർന്ന് 124 വിവിധയിനം പാമ്പുകളെ കൂടി കണ്ടെത്തിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടി. മരിച്ചയാൾ വളർത്തിയിരുന്ന പാമ്പുകളാണ് ഇവയെന്നും എന്നാൽ ഇവയുടെ കടിയേറ്റല്ല, ഉടമ മരിച്ചതെന്നും പൊലീസ് പറയുന്നു. ഇയാളുടെ മരണകാരണത്തെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

നോർത്ത് കാരലീന, വെർജീനിയ സംസ്ഥാനങ്ങളിലെ മൃഗവകുപ്പ് വിദഗ്ധർ അന്വേഷണത്തിൽ പങ്കു ചേർന്നിട്ടുണ്ട്. ചാൾസ് കൗണ്ടിയിലെ പോംഫ്രെറ്റിൽ ജീവിച്ചിരുന്ന ഡേവിഡ് റിസ്റ്റൺ എന്ന വ്യക്തിയാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിനോദത്തിനായാണ് ഇയാൾ നൂറുകണക്കിനു പാമ്പുകളെ വളർത്തിയതെന്നും അധികൃതർ പറയുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു റിസ്റ്റൺ. വിഷപ്പാമ്പുകളും വിഷമില്ലാത്തവയും റിസ്റ്റൺ വളർത്തിയ കൂട്ടത്തിലുണ്ട്.

മേരിലാൻഡിലെ നിയമപ്രകാരം വിഷപ്പാമ്പുകളെ വളർത്തുന്നത് കുറ്റകരമാണ്. തങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും റിസ്റ്റണിന്റെ ഈ അപൂർവ വിനോദത്തെക്കുറിച്ച് തങ്ങൾക്കറിയില്ലായിരുന്നെന്ന് അയൽക്കാർ പറയുന്നു. അയാളുടെ വീട്ടിൽ പാമ്പുകൾ വസിച്ചിരുന്നെന്ന് അയൽക്കാർ അറിയുന്നതുപോലും ഇപ്പോഴായിരുന്നു. തികച്ചും പ്രഫഷനലായ രീതിയിൽ ഇരുമ്പുകൂടുകൾക്കുള്ളിലാക്കിയാണ് പാമ്പുകളെ വളർത്തിയിരുന്നത്.

10 അടി വരെ വിഷം തുപ്പിത്തെറിപ്പിക്കാൻ കഴിവുള്ള സ്പിറ്റിങ് കോബ്ര, റാറ്റിൽ സ്നേക്ക്, ബ്ലാക്ക് മാംബ തുടങ്ങിയ വിഷപ്പാമ്പുകൾ,16 അടി വരെ നീളം വയ്ക്കുന്ന വമ്പൻ പെരുമ്പാമ്പായ ബർമീസ് പൈത്തൺ ഉൾപ്പെടെയുള്ള പാമ്പുകളെ റിസ്റ്റണിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ ഒട്ടേറെപ്പേർ പാമ്പുകളെ വിനോദത്തിനായി വളർത്തുന്നുണ്ട്. പത്തു ലക്ഷത്തിലധികം പാമ്പുകളെ യുഎസിലെ വീടുകളിൽ വളർത്തുന്നുണ്ടെന്നാണു കണക്ക്. നിയമവിധേയമായതും അല്ലാത്തതുമായ വളർത്തലുകൾ ഇക്കൂട്ടത്തിൽപെടും. പൈതണുകളുൾപ്പെടെ പെരുമ്പാമ്പുകൾക്കും വിനോദ ഉരഗക്കച്ചവടത്തിൽ വലിയ ഡിമാൻഡാണ്.

1996–2006 കാലഘട്ടത്തിൽ ഒരു ലക്ഷത്തോളം ബർമീസ് പൈത്തണുകളെ യുഎസിലേക്ക് വിനോദ ഉരഗക്കച്ചവടക്കാർ കൊണ്ടുവന്നെന്നാണ് കണക്ക്. പിന്നീട് ഫ്ളോറിഡ പോലുള്ളിടങ്ങളിൽ രക്ഷപ്പെട്ട പൈതണുകൾ കടന്നുകയറ്റ ജീവികളായി മാറുകയും പ്രദേശത്തെ തദ്ദേശീയമായ മുയൽ, ഒപോസം, റാക്കൂൺ തുടങ്ങിയ ജീവികളുടെ എണ്ണത്തെ വൻതോതിൽ കുറയ്ക്കുകയും ചെയ്തു. ഇതേ ത്തുടർന്ന് യുഎസിൽ പൈത്തണുകളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.

English Summary: 124 snakes found with body of dead man in Maryland home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com