കാട്ടിലും കോവിഡ്, പുലിയിൽ കണ്ടെത്തിയത് ഡെല്‍റ്റാ വകഭേദം; വൈറസ് ബാധിച്ചതെങ്ങനെ?

Wild Leopard Infected With SARS-CoV-2 Found In India – But How?
Image Credit: Shutterstock
SHARE

ഇന്ത്യയില്‍ വനമേഖലയിൽ കഴിയുന്ന ജീവിക്ക് ഇതാദ്യമായാണ് കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്- 2 എന്ന വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതുവരെ ഈ പുള്ളിപ്പുലിയിലേക്ക് കോവിഡ് ബാധ എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മനുഷ്യവാസമുള്ള പ്രദേശത്തുള്‍പ്പടെ അലഞ്ഞു തിരിഞ്ഞ ഈ പുലി മനുഷ്യര്‍ കഴിച്ചതിന്‍റെ ബാക്കി ഭക്ഷിക്കാന്‍ ശ്രമിച്ചതാകാം വൈറസ് ബാധിയിലേക്ക് നയിച്ചതെന്നാണ് അനുമാനം.

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമേഖലയില്‍ നിന്നാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു ആണ്‍ പുലിയുടെ ജഡം 2021 ഒക്ടോബറില്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരെത്തി പുലിയെ പരിശോധിച്ചു. ഈ പരിശോധനയില്‍ തലയ്ക്കും കഴുത്തിനും പരുക്കേറ്റതാണ് പുലിയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തി. മറ്റേതെങ്കിലും ജീവിയുടെ ആക്രമണമാകാം ഇതിനു കാരണമെന്ന അനുമാനത്തിലാണ് അന്ന് ഗവേഷകരെത്തിയത്. പക്ഷേ അന്ന് തന്നെ പുലിയുടെ ശരീരത്തില്‍ നിന്ന് കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ സ്വാബും ഗവേഷകര്‍ ശേഖരിച്ചിരുന്നു.

കണ്ടെത്തിയത് ഡെല്‍റ്റാ വകഭേദം

തുടര്‍ന്ന് നടത്തിയ ഈ സ്വാബ് പരിശോധനയിലാണ് പുലിയുടെ ശരീരത്തില്‍ കോവിഡ് അണുബാധ ഉണ്ടായിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. പുലിയുടെ തലച്ചോറ്, സ്പ്ലീന്‍, ശ്വാസകോശം തുടങ്ങി വിവിധ ശരീരഭാഗങ്ങളില്‍ ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ ആ സമയത്ത് വ്യാപകമായി കണ്ട് വന്ന ഡെല്‍റ്റാ വിഭാഗത്തില്‍ പെട്ട വൈറസായിരുന്നു പുലിയുടെ ശരീരത്തിലും കണ്ടെത്തിയത്. അതേസമയം ഒരു ജീവിവര്‍ഗത്തില്‍ നിന്നും മറ്റൊരു ജീവിവര്‍ഗത്തിലേക്കെത്തിയിട്ടും വലിയ തോതിലുള്ള ജനിതക മാറ്റമൊന്നും ഈ വൈറസില്‍ കണ്ടത്താനുമായില്ല. 

2020 അവസാനത്തോടെയാണ് ഇന്ത്യയില്‍ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത്. ഇന്ത്യയില്‍ ഏറ്റവുമധികം നാശം വിതച്ചതും ഏറ്റവുമധികം വ്യാപകമായതുമായ കോവിഡ് വകഭേദമായിരുന്നു ഡെല്‍റ്റ. ഇന്ത്യയിലുഡടെ മുക്കിലും മൂലിയിലും വരെ ഈ ഡെല്‍റ്റാവകഭേദം എത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഗ്രാമമേഖലയില്‍ മനുഷ്യര്‍ക്കിടയില്‍ പലപ്പോഴും കണ്ടുവന്നിരുന്ന ഈ പുലിയില്‍ കോവിഡ് വൈറസ് എത്തിയതില്‍ വലിയ അദ്ഭുതമില്ലെന്ന് ഗവേഷകര്‍ പറയുന്നതും. 

അതേസമയം എങ്ങനെ ഈ ആണ്‍പുലിയിലേക്ക് വൈറസ് എത്തി എന്നതിനെ കുറിച്ചുള്ള അനുമാനങ്ങള്‍ ഇപ്പോഴും ഈ ഗവേഷകര്‍ തുടരുകയാണ്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായല്ല. വളര്‍ത്ത് മൃഗങ്ങളായ പട്ടിയിലും, പൂച്ചയിലും, പശുവിലും എല്ലാം കോവിഡ് അണുബാധ കണ്ടെത്തിയിരുന്നു. കൂടാതെ വിദേശരാജ്യങ്ങളില്‍ മൃഗശാലകളിലെ ജീവികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ചില വന്യമൃഗങ്ങളിലും കോവിഡ് കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു.

മൃഗങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കോവിഡ് 19

യൗവന ദശയിലുള്ള ഈ പുലിക്ക് കോവിഡ് വരാനുനുള്ള കാരണം മനുഷ്യരുമായുള്ള ഇടപെടലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയൊന്നും ഇതിലൂടെ വിലയിരുത്താനാവില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായി അവഗണിക്കാന്‍ കഴിയില്ലെന്നാണ് രാജ്യാന്തര ഗവേഷകര്‍ പറയുന്നത്. അമേരിക്കയില്‍ ഒരു മാന്‍ വിഭാഗത്തിലും മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. മാനുകള്‍ പോലെ കൂട്ടമായി ജീവിക്കുന്ന ജീവികളില്‍ കോവിഡ് ബാധ പടരാന്‍ എളുപ്പമാണ്.

ഈ വൈറസ് മൃഗങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ഒരു പക്ഷേ വര്‍ഷങ്ങളോളം മൃഗങ്ങളില്‍ മറഞ്ഞു കിടന്ന് വകഭദം സംഭവിച്ചോ അല്ലാതെയോ മനുഷ്യരിലേക്ക് തിരികെയെത്താനുള്ള സാധ്യതയും ഗവേഷകര്‍ ഭയക്കുന്നു. ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ തയാറാക്കിയ പുള്ളിപ്പുലി അനുബന്ധ പ്രബന്ധത്തിലും ഈ മുന്നറിയിപ്പുണ്ട്. ഉത്തര്‍പ്രദേശിലേത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും, ഇന്ത്യയിലെ വന്യജീവികളെയും കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ നിരീക്ഷിക്കണണെമെന്നാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. 

English Summary:Wild Leopard Infected With SARS-CoV-2 Found In India – But How?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS