ADVERTISEMENT

കൊളംബിയയിലെ പൗട്ടോ നദിയിൽ മരണം കാത്ത് കഴിഞ്ഞിരുന്ന ഡോൾഫിന് പുതുജീവൻ നൽകാൻ നാവികസേനയും വ്യോമസേനയും നാട്ടുകാരും കൈകോർത്തു. പൗട്ടോ നദിയിൽ ജലനിരപ്പ് കുറവായതിനാൽ  ഡോൾഫിന്റെ ജീവൻ അപകടത്തിലായേക്കാമെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് കൊളംബിയയിലെ സൈനിക ഉദ്യോഗസ്ഥരും പ്രദേശവാസികളും രക്ഷാദൗത്യവുമായി മുന്നിട്ടിറങ്ങിയത്. ഇരുപതിലധികം ദിവസങ്ങൾ നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ്  ഡോൾഫിനെ പുതിയ വാസസ്ഥലത്തേക്ക് എത്തിക്കാനായത്. 

പൗട്ടോ നദിയിൽ നിന്നും ഡോൾഫിനെ പുറത്തെടുത്ത ശേഷം ട്രക്കിൽ കയറ്റി പാസ് ഡെ അരിപോറോ എന്ന നഗരത്തിലേക്കാണ് ആദ്യമെത്തിച്ചത്. ഇവിടെ നിന്നും വിമാന മാർഗം മെറ്റാ നദിക്ക് സമീപത്തേക്കു കൊണ്ടുവന്നു. വലിയ ടാർപ്പാളിൻ ഉപയോഗിച്ച് ഡോൾഫിനെ താങ്ങിയെടുത്താണ് മെറ്റാ നദിയിലേക്ക് തുറന്നു വിട്ടത്. പൗട്ടോ നദിയിൽ നിന്നും മെറ്റാ നദിയിലേക്കുള്ള ഡോൾഫിന്റെ യാത്രയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഏറെ പ്രയാസപ്പെട്ടാണ് പൗട്ടോ നദിയിൽനിന്നും ഡോൾഫിനെ പിടികൂടിയത്.  നദിയിൽ നിന്നും പുറത്തെടുക്കാത്ത പക്ഷം ഡോൾഫിന്റെ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായതിനാൽ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുകയായിരുന്നു എന്ന് കൊളംബിയൻ നാവിക ഉദ്യോഗസ്ഥർ അറിയിച്ചു. ഡോൾഫിനെ മെറ്റാ നദിയിലേക്ക് എത്തിക്കുന്നതു വരെയുള്ള തയാറെടുപ്പുകൾ നടത്തുന്നതിനാണ് 20 ദിവസത്തോളം വേണ്ടിവന്നത്. ഇരു സേനാംഗങ്ങൾക്കുമൊപ്പം പൊതുജനങ്ങളും രക്ഷാദൗത്യത്തിൽ പങ്കാളികളായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 

ഇന്യ ജിയോഫ്രൻസിസ് എന്നാണ് പിങ്ക് ഡോൾഫിനുകളുടെ ശാസ്ത്രീയ നാമം. കൊളംബിയയ്ക്കു പുറമേ ബൊളീവിയ, ബ്രസീൽ, ഇക്വഡോർ, പെറു, വെനസ്വേല എന്നിവിടങ്ങളിലും പിങ്ക് ഡോൾഫിനുകളുടെ സാന്നിധ്യമുണ്ട്. എന്നാൽ ഉയർന്ന തോതിലുള്ള ജലമലിനീകരണവും മത്സ്യബന്ധനവും  ശുദ്ധജലത്തിൽ ജീവിക്കുന്ന പിങ്ക് ഡോൾഫിനുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

 

ഡോൾഫിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് അതിനെ രക്ഷിക്കാനായി സൈനിക ഉദ്യോഗസ്ഥരും ജനങ്ങളും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട്  നിരവധി മൃഗസ്നേഹികളും മൃഗസംരക്ഷണ സംഘടനകളും മുന്നോട്ടു വരുന്നുണ്ട്. ഒരു ഡോൾഫിന്റെ  ജീവൻ രക്ഷക്കാനായി ഇത്രയും ശ്രമകരമായ ദൗത്യം നടത്താൻ അനുമതി നൽകിയ ഭരണകൂടങ്ങളുടെ തീരുമാനം മാതൃകാപരമാണെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

 

English Summary:: WATCH: Endangered Pink Dolphin Rescued From Shallow Waters of Colombian River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com