ADVERTISEMENT

677 അംഗങ്ങളുള്ള കുരങ്ങിൻ പറ്റത്തിന്റെ അധികാരം പിടിച്ചെടുത്ത് പെൺകുരങ്ങ്. തെക്കൻ ജപ്പാനിൽ നിന്നുള്ള ഈ അവിശ്വസനീയ സംഭവത്തിന്റെ പിന്നിലെ പൊരുൾ അന്വേഷിക്കുകയാണ് ജന്തുശാസ്ത്രജ്ഞർ. സ്വന്തം അമ്മയെയും കുരങ്ങിൻ സംഘത്തിലെ തലമുതി‍ർന്ന 4 ആൺകുരങ്ങുകളെയും കായികമായി അടിച്ചൊതുക്കിയാണ് യാക്കിയെന്ന പെൺകുരങ്ങ് പറ്റത്തിന്റെ അനിഷേധ്യ നേതാവായി മാറിയത്.

 

ജാപ്പനീസ് മക്കാക്ക് എന്ന കുരങ്ങുവിഭാഗത്തിൽ പെടുന്നതാണ് ഒൻപതു വയസ്സുള്ള യാക്കി. മക്കാക്കുകൾ കൂട്ടമായി അധിവസിക്കുന്ന താകാസാക്കിയാമ നാച്ചുറൽ സൂവോളജിക്കൽ ഗാർഡൻ എന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് യാക്കിയുടെ താമസം. മഞ്ഞുകുരങ്ങൻമാരെന്നും മക്കാക്കുകൾ അറിയപ്പെടാറുണ്ട്.  തികഞ്ഞ പുരുഷാധിപത്യം നിലനിൽക്കുന്ന ജീവിസമൂഹമാണ് മക്കാക്കുകൾക്കുള്ളത്. പറ്റത്തിൽ ഉന്നത സ്വാധീനമുള്ള പെൺകുരങ്ങുകളുണ്ടാകുമെങ്കിലും ഇവയും പുരുഷ ഭരണത്തിന്റെ കീഴിലാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ പറ്റത്തിലെ ഏറ്റവും പ്രബലയായ പെൺകുരങ്ങായിരുന്നു യാക്കിയുടെ അമ്മക്കുരങ്ങ്. സ്വന്തം അമ്മയെത്തന്നെ അടിച്ചൊതുക്കിയ യാക്കി ആ സംഭവത്തോടെ പറ്റത്തിലെ ഏറ്റവും കരുത്തയായ പെൺകുരങ്ങായി മാറി.

 

ഇതിനു ശേഷമാണ് പറ്റത്തിന്റെ നേതൃത്വ സ്ഥാനം വഹിച്ച ആൺകുരങ്ങുകളെ ഒന്നൊന്നായി മല്ലയുദ്ധത്തിൽ അടിച്ചൊതുക്കുന്നതിനു യാക്കി തുടക്കമിട്ടത്. യാക്കിയുടെ കരുത്തിനു മുന്നി‍ൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു. ഇതിനു ശേഷം പറ്റത്തിന്റെ അനിഷേധ്യ നേതാവും തലവനുമായ നാൻചുവെന്ന 31 വയസ്സുള്ള മുതിർന്ന ആൺകുരങ്ങിനെ യാക്കി ലക്ഷ്യമിട്ടു. താമസിയാതെ പോരാട്ടം തുടങ്ങി. നാൻചുവും കീഴടങ്ങിയതോടെ യാക്കി പറ്റത്തിന്റെ ഏകാധിപത്യം പേറുന്ന റാണിയായി ഉയർന്നു. യാക്കിയോട് എതിരിട്ട ആൺകുരങ്ങുകൾക്കെല്ലാം ഗുരുതരമായ നിലയിൽ പരുക്ക് പറ്റിയിട്ടുണ്ട്.

 

70 വർഷമായി ജപ്പാനിൽ പ്രവർത്തിക്കുന്നതാണ് താകാസാക്കിയാമ വന്യജീവി സംരക്ഷണ കേന്ദ്രം. ഈ പാർക്കിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് മക്കാക്ക് കുരങ്ങിൻകൂട്ടത്തിൽ ഒരു പെൺകുരങ്ങ് അധികാരമേറ്റെടുക്കുന്നതെന്നു ജീവനക്കാർ പറയുന്നു. യാക്കിയുടെ വിചിത്രമായ ജീവിതത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണവും നടത്തുന്നുണ്ട്. അധികാരമൊക്കെ ലഭിച്ച് റാണിയായെങ്കിലും മറ്റൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് യാക്കിയിപ്പോൾ. സംഭവം പ്രണയം തന്നെ. 18 വയസ്സുകാരനായ ലുഫി എന്ന ആൺകുരങ്ങ് ഇപ്പോൾ യാക്കിയുടെ പിന്നാലെ പ്രണയപരവശനായി നടക്കുകയാണത്രേ. ലുഫിയോടു യാക്കിക്കുള്ള വികാരമെന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

 

മറ്റ് ആൺകുരങ്ങുകളെ അടിച്ചോടിച്ചതുപോലെ ലുഫിയെ യാക്കി ഉപദ്രവിച്ചിട്ടില്ല. എന്നാൽ തിരിച്ചും പ്രണയമുണ്ടെന്ന സൂചനകളും നൽകുന്നില്ല. ലുഫിയുടെ ഉദ്ദേശ്യത്തിലും ശാസ്ത്രജ്ഞർക്കു സംശയമുണ്ട്. യഥാർഥ പ്രണയമാണോ എതോ യാക്കിയെ ചാക്കിട്ട് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢതന്ത്രമാണോ എന്നും വ്യക്തമല്ല. ശക്തമായ സാമൂഹികക്രമം പാലിക്കുന്നവരാണ് മക്കാക്കുകൾ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ക്രമത്തിന്റെ ഏറ്റവും മുകളിലുള്ള കുരങ്ങുകൾക്ക് ഭക്ഷണം, ഇണ തുടങ്ങിയവ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിലും സുലഭമായും ലഭിക്കും.

 

English Summary: Monkey 'queen' led a violent coup to become her troop's first female leader. Now her reign is in jeopardy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com