ADVERTISEMENT

കൂറ്റൻ രാജവെമ്പാലയെ വെറും കൈകൊണ്ട് പിടിച്ച് യുവാവ്. തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിലാണ് സംഭവം നടന്നത്. എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാലയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം മറ്റൊരു രാജവെമ്പാലയെയും പ്രദേശവാസികൾ കണ്ടെത്തിയിരുന്നു. അതിനെ ഉടൻതന്നെ ആളുകൾ അടിച്ചു കൊല്ലുകയായിരുന്നു. 

 

എണ്ണപ്പനകൾ നിറഞ്ഞ തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ ഓ നാങ് സുരക്ഷാസംഘത്തിലെ അംഗമായ സൂറ്റീ നേവാദ് ആണ് സെപ്റ്റിക് ടാങ്കിൽ ഒളിക്കാൻ ശ്രമിച്ച രാജവെമ്പാലെ വലിച്ച് പുറത്തേക്കെെടുത്തത്. 20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് സൂറ്റീ നേവാദിന് പാമ്പിനെ പൂർണമായും വലിച്ച് പുറത്തേക്കിടാനായത്.

 

4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു കൂറ്റൻ പാമ്പിന്. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വെറും കൈകൊണ്ടാണ് സൂറ്റീ നേവാദ് പാമ്പിനെ പുറത്തെത്തിച്ചത്. റോഡിലേക്കെത്തിച്ച പാമ്പ് കഴുത്തിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പലതവണ നേവാദിനെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ പാമ്പിന്റെ ശ്രദ്ധതിരിച്ച് അതിന്റെ കഴുത്തിൽ പിടിത്തമിട്ടു പാമ്പിനെ വലിയബാഗിനുള്ളിലേക്ക് കയറ്റി.  

 

കൃത്യമായ പരിശീലനം കൊണ്ട് മാത്രമാണ് തനിക്ക് പാമ്പിനെ അനായാസേന പിടികൂടാൻ സാധിച്ചതെന്ന് സൂറ്റീ നേവാദ് വിശദീകരിച്ചു. പരിശീലനം കൂടാതെ പാമ്പിനെ കൈകാര്യം ചെയ്താൽ അപകടം സംഭവിക്കുമെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പ്രദേശവാസികൾ അടിച്ചുകൊന്ന ഇണയെ തേടിയാകാം ഈ പാമ്പെത്തിയതെന്നും സൂറ്റീ നേവാദ് വ്യക്തമാക്കി.

 

English Summary: Krabi rescue volunteer catches giant king cobra with bare hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com