ADVERTISEMENT

നമ്മുടെയെല്ലാം ജീവിതത്തിൽ മൊബൈൽ ഫോൺ ഇന്ന് ശക്തമായ സ്വാധീനമായി കഴിഞ്ഞിരിക്കുന്നു. ആവശ്യത്തിനുള്ള ഉപയോഗ ഉപകരണം എന്ന നിലയിൽ നിന്നു മാറി പലരുടെയും ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളും മൊബൈൽഫോണിൽ തന്നെയാണ്. തക്കം കിട്ടിയാൽ മിക്കവരുടെയും കൈ പോകുന്നത് മൊബൈലിലേക്കാണ്. അതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ 16 വയസ്സുള്ള അമാരെയുടെ കാര്യത്തിൽ അദ്ഭുതമുണ്ട്. അമാരെക്കും മൊബൈൽ ഫോൺ വലിയ ഇഷ്ടമാണ്. വിചിത്രമായ സംഭവമെന്തെന്നാൽ അമാരെ ഒരു മനുഷ്യനല്ല. യുഎസിലെ ഷിക്കാഗോയിലുള്ള ലിങ്കൺ പാർക്ക് മൃഗശാലയിലെ അന്തേവാസിയായ ഒരു ഗൊറില്ലയാണ്.

 

ലിങ്കൺ പാർക്ക് മൃഗശാലയിലെ പ്രത്യേക ആൾക്കുരങ്ങു സംരക്ഷണ കേന്ദ്രത്തിലാണ് 188 കിലോ ഭാരമുള്ള അമാരെയുള്ളത്. തന്നെ കാണാനെത്തുന്നവരുടെ മൊബൈൽഫോണിലെ ചിത്രങ്ങൾ കാണുകയാണ് ഇവന്റെ പ്രധാന വിനോദം. ഈ വിനോദത്തിനായി മണിക്കൂറുകൾ ചെലവിടാനും അമാരെയ്ക്കു മടിയില്ലെന്ന് മൃഗശാലയിലെ ആൾക്കുരങ്ങു സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ സ്റ്റീഫൻ റോസ് പറയുന്നു.

ഗൊറില്ലകൾ ശക്തമായ സാമൂഹിക ക്രമം പുലർത്തുന്ന ജീവികളാണ്. യുവാക്കളായ മറ്റു ഗൊറില്ലകൾക്കൊപ്പമാണ് അമാരെയുടെയും താമസം. ഈ പ്രായത്തിൽ അമാരെ സഹജീവികളായ ഗൊറില്ലകൾക്കൊപ്പം ഇടപെട്ട് അവരോടൊപ്പം കളിച്ച്, വഴക്കുണ്ടാക്കി ഗ്രൂപ്പിന്റെ നായകസ്ഥാനം നേടാനുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്. എന്നാൽ അമാരെയ്ക്ക് ഈ ഗൊറില്ലാക്കളികളിലൊന്നും ഇപ്പോൾ യാതൊരു താൽപര്യവുമില്ല.

 

കുരങ്ങുസംരക്ഷണകേന്ദ്രത്തെ സന്ദർശകരിൽ നിന്നു വേർതിരിക്കുന്ന ഗ്ലാസ് പാളിയോടു ചേർന്ന് ഇരിക്കാനാണ് അമാരെയ്ക്കു താൽപര്യം. ഇവിടെ സന്ദർശകരെ അവനു കാണാം. ആദ്യമൊക്കെ കൗതുകം കൊണ്ട് അവനു സമീപമെത്തിയ സന്ദർശകരിൽ ചിലർ അവനൊപ്പം സെൽഫിയെടുക്കുകയും വിഡിയോ പിടിക്കുകയും ചെയ്തു. മൊബൈലിൽ അമാരെ പുലർത്തുന്ന താൽപര്യം കണ്ട് അതിശയം കൂറിയ സന്ദർശകർ തങ്ങളുടെ മൊബൈൽ ഗാലറിയിലൈ ചിത്രങ്ങളും വിഡിയോകളുമൊക്കെ അവനെ കാണിക്കാൻ തുടങ്ങി. സെൽഫികൾ മുതൽ കുടുംബമായി ടൂർ പോയതിന്റെ ചിത്രങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

 

ഇതെല്ലാം താൽപര്യത്തോടെ അമാരെ കാണാൻ തുടങ്ങി. അമാരെയുടെ മൊബൈൽ ഫോൺ പ്രേമം ആളുകൾക്കിടയിൽ ചർച്ചയാകുകയും കൂടുതൽ പേർ അവനെ മൊബൈൽ ഫോൺ ചിത്രങ്ങൾ കാട്ടാൻ രംഗത്തുവരികയും ചെയ്തു. അതോടെ അമാരെയ്ക്ക് മൊബൈൽ ഫോൺ അഡിക്ഷൻ ഉടലെടുത്തെന്ന് സ്റ്റീഫൻ റോസ് പറയുന്നു. ഭക്ഷണത്തിനുള്ള നേരത്തല്ലാതെയുള്ള സമയങ്ങളിൽ അവനിതു തന്നെ പണി. മണിക്കൂറുകളാണ് മൊബൈൽ ഫോൺ ചിത്രങ്ങൾ കാണാൻ അമാരെ ചിലവിടുന്നത്.

 

കഴിഞ്ഞ മാർച്ച് 28നു വിചിത്രമായ ഒരു സംഭവമുണ്ടായി. അമാരെ വസിക്കുന്ന കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരൻ ഗൊറില്ല അവനുസമീപമെത്തി വെല്ലുവിളിക്കുകയും ഏറ്റുമുട്ടലിനു താൽപര്യംപ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അമാരെ തിരിഞ്ഞൊന്നു നോക്കിയ ശേഷം തന്റെ മൊബൈൽ ഫോൺ ചിത്രം കാണൽ തുടർന്നു. ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്ന് സ്റ്റീഫൻ റോസ് പറയുന്നു. ഒരു ഗൊറില്ലയെന്ന നിലയിലുള്ള അമാരെയുടെ വ്യക്തിത്വ വികാസത്തിനു സാമൂഹിക ഇടപെടൽ ആവശ്യമാണ്. എന്നാൽ മൊബൈലിൽ താൽപര്യം വളർന്നതോടെ അവന് മറ്റു കാര്യങ്ങളിൽ താൽപര്യം കുറഞ്ഞു.

 

ഇതു കണക്കാക്കി നടപടികൾക്കൊരുങ്ങുകയാണ് ലിങ്കൺ പാർക്ക് സൂ അധികൃതർ. അമാരെയെ മൊബൈൽ ചിത്രങ്ങൾ കാട്ടരുതെന്ന് സന്ദർശകരോട് അഭ്യർഥിച്ചുകൊണ്ടുള്ള ബോർഡുകൾ അവർ മൃഗശാലകളിൽ സ്ഥാപിച്ചു കഴിഞ്ഞു. മൊബൈലിൽ ചിത്രങ്ങൾ കണ്ടിരിക്കുന്നതു കൊണ്ട് അമാരെയുടെ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്ന് സ്റ്റീഫൻ റോസ് പറയുന്നു. എന്നാൽ ഈ ശീലം ഗൊറില്ലയെന്ന നിലയിലുള്ള വികാസത്തിനു വിഘാതമാകും. മനുഷ്യരുടെ ജനിതകഘടനയുമായി 98 ശതമാനം സാമ്യം ഗൊറില്ലകൾക്കുണ്ട്. ആൾക്കുരങ്ങുകളിൽ ഒറാങ് ഉട്ടാൻ, ബൊണോബോ, ചിമ്പാൻസി എന്നിവർക്കൊപ്പം ബിഗ് ഫോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗൊറില്ലകൾ മനുഷ്യരുമായി പരിണാമദശയിൽ അടുത്തു നിൽക്കുന്ന ജീവികളാണ്. ബിഗ് ഫോറിലെ ഏറ്റവും വലുപ്പമുള്ള ജീവികളും ഇവയാണ്. മനുഷ്യരെപ്പോലെ തന്നെ സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

 

ആഫ്രിക്കയിലെ കോംഗോ ബേസിൻ ജന്മദേശമായുള്ള ഗൊറില്ലകൾ ഈസ്റ്റേൺ ഗൊറില്ലകൾ, വെസ്റ്റേൺ ഗൊറില്ലകൾ എന്നീ രണ്ടു വിഭാഗങ്ങളിൽ പെടുന്നു. ഈസ്റ്റേൺ ഗൊറില്ലകളിൽ പെട്ട മൗണ്ടൻ ഗൊറില്ല എന്ന ഉപവിഭാഗം വംശനാശ ഭീഷണി നേരിടുന്നവയാണ്. ലോകത്ത് 1063 എണ്ണം മാത്രമാണ് ഈ വിഭാഗത്തിൽ ബാക്കിയുള്ളത്. ഗൊറില്ലകൾ 5 മുതൽ 50 വരെയുള്ള ഗ്രൂപ്പുകളായാണു താമസിക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലും ശക്തനായ ഒരു പുരുഷഗൊറില്ലയാകും നേതാവ്. ചിമ്പാൻസികളെ അപേക്ഷിച്ച് കൂടുതൽ ശാന്തരാണ് ഗൊറില്ലകൾ. എന്നാൽ അനധികൃത വേട്ടയും പരിസ്ഥിതി നാശവും ഇവയുടെ നില പരുങ്ങലിലാക്കുന്നുണ്ട്. 2020-2030 കാലയളവിൽ കോംഗോ നദീതടപ്രദേശത്തു ഗൊറില്ലകൾ വംശനാശം അഭിമുഖീകരിക്കാനിടയുണ്ടെന്നാണു ഗവേഷകരുടെ അഭിപ്രായം.

 

English Summary: Teenage Gorilla Getting Addicted to Screen Time on Visitor Phones, Says Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com