ADVERTISEMENT

റോഡ് മറികടക്കാൻ ശ്രമിച്ച ബ്ലാക്ക് മാമ്പയുടെ ശരീരത്തിലൂടെ കാറ് കയറിയിറങ്ങി. അപകടത്തിൽ പരുക്കേറ്റ ബ്ലാക്ക് മാമ്പയെ കണ്ട പ്രദേശവാസികൾ ഉടൻതന്നെ പാമ്പുപിടുത്ത വിദഗ്ധനായ നിക്ക് ഇവാൻസിനെ വിവരമറിയിക്കുകയായിരുന്നു.  സൗത്ത് ആഫ്രിക്കയിലെ ക്വാസുലു പ്രവിശ്യയിലാണ് സംഭവം നടന്നത്.  ഉടൻതന്നെ ഇവിടെയെത്തിയ നിക്ക് ഇവാൻ കണ്ടത് തലഉയർത്തി റോഡിലൂടെ ഇഴയാൻ ശ്രമിക്കുന്ന പാമ്പിനെയാണ്. പാമ്പിന്റെ അവസ്ഥകണ്ട പ്രദേശവാസികൾ കൂടുതൽ വാഹനങ്ങൾ അതിന്റെ ശരീരത്തിലൂടെ കയറാതിരിക്കാനായി അവിടേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിരുന്നു.

സാധാരണയായി ബ്ലാക്ക് മാമ്പകൾ തല ഉയർത്തിപ്പിടിക്കാറില്ല. ഭയപ്പെടുമ്പോൾ മാത്രമാണ് അവ ഇങ്ങനെ ചെയ്യാറുള്ളത്. ശരീരത്തിലെ മുറിവുകളും ചുറ്റും ആളുകൾ കൂടിനിൽക്കുന്നതുമാകാം പാമ്പിനെ ഭയപ്പെടുത്തിയതെന്നാണ് നിക്കിന്റെ നിഗമനം. പരുക്കേറ്റ പാമ്പിനെ ഏറെ ശ്രദ്ധയോടെയാണ് നിക്ക് പിടികൂടിയത്. അതിന്റെ വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തുവന്നിരുന്നു. കാറു കയറിയപ്പോൾ സംഭവിച്ച ഒടിവുകളും ആന്തരിക രക്തസ്രാവവും ആണ് ഇതിനു കാരണമെന്നും നിക്ക് വിശദീകരിച്ചു.

പരുക്കേറ്റ ബ്ലാക്ക് മാമ്പയെ മൃഗാശുപത്രിയിലെത്തിച്ച ശേഷം എക്സറേ എടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സാധാരണ ഒടിവുകളാണെങ്കിൽ അത് തനിയെ ശരിയാകാറാണ് പതിവ്. ഈ പാമ്പിന്റെ കാര്യത്തിൽ ആന്തരിക രക്തസ്രാവമാണ് പ്രശ്നം.പാമ്പ് രക്ഷപ്പെടാനുള്ള സാധ്യത പകുതി മാത്രമാണെന്നും നിക്ക് വിശദീകരിച്ചു. വിദഗ്ധ ചികിത്സകൾ നൽകി പാമ്പിനെ സംരക്ഷിക്കാനാണ് നിക്കിന്റെ തീരുമാനം. പാമ്പിനെ സംരക്ഷിച്ച പ്രദേശവാസികളോടും നന്ദിയറിയിച്ച ശേഷമായിരുന്നു നിക്ക് അവിടെനിന്നും മടങ്ങിയത്.

ബ്ലാക്ക് മാംബ

Black-Mamba

അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തനും കുപ്രസിദ്ധനുമായ വിഷപ്പാമ്പ്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയെപ്പറ്റി കഥകൾ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിക്കുന്നുണ്ട്. ഒട്ടേറെ ഭീതിദമായ കഥകൾ. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം.

കുതിരയേക്കാൾ വേഗത്തിൽ നീങ്ങുന്ന പാമ്പ്, മലഞ്ചെരിവുകളിൽ ശരീരം വളയം പോലെയാക്കി അതിവേഗത്തിൽ ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആളുകളെ പ്ലാൻ ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന പാമ്പ്.. ഇതു കടിച്ചാൽ മരണം ഉടനടി നടക്കും.. ബ്ലാക്ക് മാംബയെക്കുറിച്ച് പ്രചരിക്കുന്ന അദ്ഭുത കഥകൾക്ക് പഞ്ഞമൊന്നുമില്ല. എന്നാൽ ഇതെല്ലാം വെറുതെയാണ്. പക്ഷേ ബ്ലാക്ക് മാംബ അപകടകാരിയായ ഒരു പാമ്പാണ്. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ കഥകളിൽ പറയുന്നതു പോലെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ച് ആക്രമിക്കുന്ന പാമ്പല്ല ബ്ലാക്ക് മാംബയെന്ന് ഗവേഷകർ പറയുന്നു. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. എന്നാ‍ പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്. 

കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും. ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്.

ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.

 

English Summary: Enormous Black Mamba Snake Filmed Crossing Road in South Africa After Being Run Over By Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com