ഇരയ്ക്കും സ്രാവിനുമിടയിൽ അകപ്പെട്ടു; പാഡിൽബോർഡറെ കടലിലേക്ക് തള്ളിയിട്ട് ടൈഗർ സ്രാവ്– വിഡിയോ

Paddleboarder Stuck Between Tiger Shark And Prey Gets Knocked Into Sea
പ്രതീകാത്മക ചിത്രം. Image Credit : sirtravelalot /Shutterstock
SHARE

എത്ര പരിശീലനം നേടിയവരാണെങ്കിലും കടലിൽ ഇറങ്ങുമ്പോൾ അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകാമെന്ന കരുതലോടെയിരിക്കണം. ഇക്കാര്യം ഓർമിപ്പിക്കുന്ന ഒരു വിഡിയോയാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. കടലിൽ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്തുകൂടി പാഡിൽബോർഡിങ് നടത്തുകയായിരുന്ന ഒരു വ്യക്തിയെ ടൈഗർ ഷാർക്ക് വെള്ളത്തിലേക്ക് തള്ളിയിടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

ബ്രോഡി മോസ് എന്ന വ്യക്തിയാണ് പാഡിൽബോർഡിങ്ങിനിറങ്ങിയത്. കടലിൽ കൂടി നീങ്ങുന്നതിനിടെ  പെട്ടെന്ന് ഒരു കടലാമ അരികിലേക്ക് വരുന്നത് ബ്രോഡി കണ്ടു. കടൽ സഞ്ചാരത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ബ്രോഡിയുടെ ക്യാമറയിൽ ഈ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാൽ ആമയ്ക്ക് തൊട്ടുപിന്നാലെ അതിനെ പിടിക്കാനായി ടൈഗർ ഷാർക്കും ഉണ്ടെന്നകാര്യം അപ്പോഴാണ് അദ്ദേഹം മനസ്സിലാക്കിയത്.

സംഗതി അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ ബ്രോഡി എത്രയും പെട്ടെന്ന് അവിടെനിന്ന് അകലേക്ക് നീങ്ങാനുള്ള ശ്രമത്തിലായി. എന്നാൽ പാഡിൽബോർഡിനു ചുറ്റുമായി രക്ഷതേടി നീങ്ങുകയായിരുന്നു കടലാമ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അസാധാരണ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ബ്രോഡി പകർത്തുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് അവിടെനിന്നും മാറാൻ കഴിയുന്നതിനു മുൻപ് ആമ പാഡിൽബോർഡിന് നേരെ നീന്തിയടുത്തു. ഇതോടെ ആമയ്ക്കും സ്രാവിനുമിടയിൽ ബ്രോഡി പെട്ടു പോവുകയും ചെയ്തു. 

കടലാമ ഏതാണ്ട് രക്ഷപ്പെട്ടു എന്ന് തോന്നിയ നിമിഷത്തിലാണ് സ്രാവ് ബ്രോഡിക്കുനേരെ തിരിഞ്ഞത്. വെള്ളത്തിൽ നിന്നും തലയുയർത്തിയ സ്രാവ് പാഡിൽബോർഡിൽ ശക്തിയായി കടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ നിലതെറ്റിയ ബ്രോഡി ക്യാമറയുമായി വെള്ളത്തിലേക്ക്വീഴുകയായിരുന്നു. ക്യാമറ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ബ്രോഡി ക്യാമറ തിരികെ എടുക്കുന്നതും ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. 

ഭയാനകമായ ദൃശ്യം ബ്രോഡി തന്നെയാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കടൽ സമുദ്രജീവികളുടേതാണെന്നും താൻ അവിടുത്തെ വെറുമൊരു സന്ദർശകൻ മാത്രമാണെന്നും ഓർമിപ്പിച്ച സംഭവമാണിതെന്ന അടിക്കുറിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. സ്രാവ് ഇനങ്ങളിൽതന്നെ അപകടകാരികളായവയുടെ പട്ടികയിലാണ് കടുവാ സ്രാവുകൾ ഇടം നേടിയിരിക്കുന്നത്. അവയിലൊന്നുമായി ഇത്ര അടുത്ത് ഏറ്റുമുട്ടൽ ഉണ്ടായിട്ടും അപകടം കൂടാതെ രക്ഷപ്പെടാനായത് ബ്രോഡിയുടെ ഭാഗ്യമാണെന്നാണ് പലരുടെയും പ്രതികരണം.

English Summary: Paddleboarder Stuck Between Tiger Shark And Prey Gets Knocked Into Sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA