വീടിന്റെ മൺ ഭിത്തിക്കുള്ളിൽ മറഞ്ഞിരുന്നത് മൂന്ന് മൂർഖൻ പാമ്പുകൾ. ഉത്തർ പ്രദേശിലെ ജോധ്പൂരിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. വർഷങ്ങൾ പഴക്കമുള്ള മൺഭിത്തികൾകൊണ്ടുള്ള വീടുകൾ ഇപ്പോഴും ഗ്രാമങ്ങളിലുണ്ട്. ഇത്തരം വീടുകളിൽ മാളമുണ്ടാക്കി എലികൾ താമസിക്കുന്നത് സ്വാഭാവികമാണ്. അവയെ ഇരയാക്കാനായി പാമ്പുകളും പിന്നാലെയെത്തും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് പാമ്പുപിടുത്ത വിദഗ്ധനായ മുരളിവാലെ ഹോസ്‌ല വ്യക്തമാക്കി.
വീടിന്റെ ഭിത്തികൾ തകർത്താണ് മാളത്തിനുള്ളിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പുകളെ പിടികൂടിയത്. അസാാധാരണ വലുപ്പമുള്ള പാമ്പുകളാണ് വീടിനുള്ളിൽ പതുങ്ങിയിരുന്നത്. അതുകൊണ്ട്തന്നെ ഏറെക്കാലമായി മൺഭിത്തിക്കുള്ളിലെ മാളത്തിൽ താമസമാക്കിയതാകാം പാമ്പുകളെന്നാണ് നിഗമനം. ഇന്ത്യൻ സ്പെക്ടാക്കിൾഡ് കോബ്ര വിഭാഗത്തിൽപ്പെട്ട മൂർഖൻ പാമ്പുകളാണിതെന്ന് മുരളിവാലെ ഹോസ്‌ല വിശദീകരിച്ചു. ഭിത്തികളിൽ നിറയെ മാളങ്ങളുണ്ടായിരുന്നു. ഇവയിലൂടെയാണ് പാമ്പുകൾ ഉള്ളിൽ പ്രവേശിച്ചിച്ചിരുന്നത്. വീടിനുള്ളിൽ രണ്ട് പാമ്പുകളെ കണ്ടതിനെ തുടർന്നാണ് വീട്ടുകാർ വിവരമറിയിച്ചത്. ഭിത്തി തകർത്ത് ആദ്യ പാമ്പിനെ പിടികൂടി ബാഗിനുള്ളിലാക്കിയ ശേഷമാണ് രണ്ടാമത്തെ പാമ്പിനെ പിടികൂടാനിറങ്ങിയത്.
ഭിത്തിയുടെ മറ്റൊരു ഭാഗം തകർത്തപ്പോൾ ഇവർ കണ്ടത് മറ്റ് രണ്ട് പാമ്പുകൾകൂടി മാളത്തിനുള്ളിൽ പതുങ്ങിയിരിക്കുന്നതാണ്. ഒരേ വലുപ്പമുള്ള മൂന്ന് മൂർഖൻപാമ്പുകളെയാണ് ഇവിടെനിന്നും പിടികൂടിയത്. മൂന്നു പാമ്പുകളെയും ബാഗുകളിലാക്കിയാണ് മുരളിവാലെ ഹോസ്‌ല അവിടെനിന്നും പിടികൂടിയത്. പിന്നീടിവയെ വനത്തിനുള്ളിൽകൊണ്ടുപോയി സ്വതന്ത്രമാക്കുകയായിരുന്നു. ഭിത്തിയുടെ മറ്റു ഭാഗങ്ങൾ കൂടി പരിശോധിച്ചാൽ ഇനിയും പാമ്പുകൾ ഉണ്ടാകാമെന്നും ഹോസ്‍ല വ്യക്തമാക്കി. ഭാഗ്യംകൊണ്ട് മാത്രമാണ് പാമ്പുകൾ നിറഞ്ഞ വീടിനുള്ളിൽ കഴിഞ്ഞിരുന്ന കുടുംബം രക്ഷപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു. മുളിവാലെ ഹൊസ്‍ലെയുടെ യൂട്യൂബ് ചാനലിലാണ് ദൃശ്യം പങ്കുവച്ചത്.
English Summary: 3 cobras rescued from house in Jodhpur