പ്രാർത്ഥനാ മുറിയിൽ പതുങ്ങിയിരുന്നത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്; നടുങ്ങിവിറച്ച് കുടുംബം

Highly Venomous Mozambique Spitting Cobra Found In South African Family's Prayer Room
Image Credit: Nick Evans- Snake Rescuer/Facebook
SHARE

വീട്ടിലെ പ്രാർഥനാ മുറിയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്കയിലെ ഒരു കുടുംബം. സൗത്താഫ്രിക്കയിലെ റിസർവോയർ ഹിൽസിലാണ് സംഭവം നടന്നത്. പാമ്പുപിടുത്ത വിദഗ്ധനായ നിക്ക് ഇവാൻസാണ് സമൂഹമാധ്യമങ്ങളിലൂടെ പാമ്പിനെ പുറത്തെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്. പ്രാർത്ഥനാ മുറിയിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് ഇവർ നിക്കിനെ വിവരമറിയിച്ചത്. മുറിയിലെ ഒരു മാളത്തിൽ നിന്നാണ് സ്പിറ്റിങ് കോബ്ര വിഭാഗത്തിൽപ്പെടുന്ന വിഷ പാമ്പിനെ പിടികൂടിയത്. 

"ഞാൻ അവിടെയെത്തിയപ്പോൾത്തന്നെ ഭിത്തിയിലുള്ള ദ്വാരത്തിൽ ഫോൺ വിഡിയോ മോഡിൽ വച്ചു. മൂർഖൻ പാമ്പുകളെ പ്രകോപിപ്പിക്കുമ്പോൾ അവ ചില ശബ്ദങ്ങൾ‌ പുറപ്പെടുവിക്കാറുണ്ട്. അത് റെക്കോർഡ് ചെയ്യാനായിരുന്നു ശ്രമം. പാമ്പ് എവിടെയെന്ന് ആദ്യം ഒരു ഊഹവും ലഭിച്ചില്ല. ഒടുവിൽ വീടിന്റെ ഭിത്തി തകർത്താണ് പാമ്പിനെ പുറത്തെടുത്തത്." - ഇവാൻസ് പറയുന്നു. പാമ്പിനെ പിടികൂടുന്ന ചിത്രങ്ങളും ഇവാൻസ് പങ്കുവെച്ചിട്ടുണ്ട്.

പ്രതിരോധത്തിനായി വിഷം ചീറ്റല്‍

വിഷം ചീറ്റുന്ന പാമ്പുകളാണ് ശത്രുക്കളെ ഭയപ്പെടുത്തുന്നതിനായി വിഷം ഉപയോഗിക്കുന്ന വിഭാഗത്തില്‍ പെടുന്നത്. ആഫ്രിക്കയില്‍ കാണുന്ന വിഷം ചീറ്റുന്ന മൂര്‍ഖനും, റിംഖാല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കഴുത്തില്‍ വളയമുള്ള മൂര്‍ഖനും ഇത്തരത്തില്‍ വിഷം ചീറ്റുന്ന വിഭാഗത്തില്‍ പെട്ട പാമ്പുകളാണ്. 3 മീറ്റര്‍ വരെ ദൂരത്തേക്ക് വിഷം ചീറ്റാന്‍ കഴിയുന്ന ഇവ ആ രീതിയില്‍ അതീവ അപകടകാരികളുമാണ്. ആഫ്രിക്കന്‍ വിഭാഗങ്ങള്‍ക്കു പുറമെ ഏഷ്യയിലുള്ള ചില കോബ്ര ജനുസ്സുകളും ഇത്തരത്തില്‍ വിഷം ചീറ്റാന്‍ ശേഷിയുള്ളവയാണ്.

ശത്രുക്കളില്‍ നിന്ന് പ്രത്യേകിച്ച് മനുഷ്യര്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സ്പിറ്റിങ് കോബ്ര എന്ന വിഷം തുപ്പുന്ന മൂര്‍ഖന്‍ വിഭാഗവും സമാന ഗണത്തില്‍ പെട്ട മറ്റ് പാമ്പുകളും വിഷം ഉപയോഗിക്കുന്നത്. വിഷം ചീറ്റുക മാത്രമല്ല കടിക്കുമ്പോഴും ഇവ വിഷം കുത്തി വയ്ക്കും. എന്നാല്‍ ഇവയുടെ ദംശനത്തിലൂടെ ശരീരത്തിലെത്തുന്ന വിഷം മറ്റ് മൂര്‍ഖന്‍ ഇനത്തിന്‍റെ വിഷം പോലെ ജീവഹാനി ഉണ്ടാക്കില്ല. പക്ഷേ കടിയേല്‍ക്കുന്ന ഭാഗത്തെ സെല്ലുകള്‍ നശിക്കാനും കടുത്ത വേദയുണ്ടാക്കുന്ന മുറിവ് രൂപപ്പെടാനും ഇവയുടെ വിഷം കാരണമാകാറുണ്ട്.

കാഴ്ച തന്നെ നഷ്ടപ്പെടാം

എന്നാല്‍ ഇവയുടെ കടിയേല്‍ക്കുന്നതിനേക്കാള്‍ ഭയപ്പെടേണ്ടത് സ്പിറ്റിംഗ് കോബ്ര, റിംഖാല്‍സ് ഇനങ്ങളുടെ വിഷം ചീറ്റുന്ന രീതിയാണ്, ഉന്നം തെറ്റാതെ വിഷം ചീറ്റുന്ന ഇവ മിക്കപ്പോഴും ഉന്നം വയ്ക്കുന്നത് ശത്രുവെന്ന് തോന്നുന്ന ജീവിയുടെ കണ്ണിലേക്കായിരിക്കും. സാധാരണ ഗതിയില്‍ ഇവ ചീറ്റുന്ന വിഷത്തിന്‍റെ അളവില്‍ ഒരംശം കണ്ണിലെത്തിയാല്‍  കടുത്ത നീറ്റല്‍ അനുഭവപ്പെടും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്നതിലേക്കു പോലും ഇവയുടെ വിഷം കാരണമായേക്കാം.

പ്രതിരോധത്തിന്‍റെ ഭാഗമായി ശത്രുക്കളെ അകലെ നിന്ന് തന്നെ ഭയപ്പെടുത്തി അയയ്ക്കുക എന്ന മാര്‍ഗമാണ് സ്പിറ്റിങ് കോബ്രകള്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കുന്നു. മറ്റ് മൂര്‍ഖന്‍ ഇനങ്ങളെ പോലെ അടുത്തേക്കെത്തിയ ശേഷം കടിക്കുന്ന ശൈലിയല്ല സ്പിറ്റിങ് കോബ്രയുടേത്. ഇതില്‍ നിന്ന് തന്നെ പ്രതിരോധത്തിനാണ് ഇവ മുന്‍തൂക്കം കൊടുക്കുന്നത് എന്നു വ്യക്തമാകുന്നുണ്ട്.

സ്പിറ്റിങ് കോബ്രയുടെ ഈ പ്രതിരോധമാര്‍ഗത്തിന്‍റെ ഭാഗമായി അവയുടെ വിഷം ചീറ്റുന്ന ശൈലിയില്‍ മാത്രമല്ല മാറ്റം  കാണാനാകുന്നത്. ഇതോടൊപ്പം ഇവയിലെ വിഷത്തിന്‍റെ ഘടനയ്ക്കും മറ്റ് മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തില്‍ നിന്ന് വ്യത്യാസമുണ്ട്. മറ്റ് മൂര്‍ഖന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വിഷം ചീറ്റുന്ന മൂര്‍ഖന്‍മാര്‍ക്കുള്ള പ്രധാനം വ്യത്യാസം വിഷപ്പല്ലിലാണ്. സാധാരണ മൂര്‍ഖന്‍ വിഭാഗങ്ങളുടെ പല്ലില്‍ നിന്ന് വ്യത്യാസ്തമാണ് വിഷം ചീറ്റുന്ന മൂര്‍ഖന്‍മാരിലെ പല്ല്. വെള്ളം ചീറ്റുന്ന പിസ്റ്റളുകള്‍ക്ക് സമാനമാണ് ഇവയുടെ വിഷപ്പല്ലുകളെന്ന് ഗവേഷകര്‍ പറയുന്നു.

English Summary: Highly Venomous Mozambique Spitting Cobra Found In South African Family's Prayer Room

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA