ADVERTISEMENT

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ ദുധ്വ കടുവസങ്കേതത്തിനു സമീപം കർഷകനെ കടുവ ആക്രമിച്ചു കൊന്നു. കടുവ സങ്കേതത്തിനു സമീപമുള്ള കരിമ്പിൻ തോട്ടത്തിൽ പണികഴിഞ്ഞു മടങ്ങുകയായിരുന്ന കമലേഷ് കുമാറാണ് കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. 30 വയസ്സുകാരനായ കമലേഷിനെ വനത്തിനുള്ളിലേക്കു വലിച്ചുകൊണ്ടുപോകാനും കടുവ ശ്രമം നടത്തി. ലഖിംപുർ ഖേരിയിലെ തികുനിയ വനമേഖലയിൽ മജാറ റെയിൽവേ സ്റ്റേഷനു സമീപത്തായാണു സംഭവം. ജോലി കഴിഞ്ഞ് സൈക്കിളിലാണു കമലേഷ് മടങ്ങിയത്. സൈക്കിളിലേക്കു കടുവ ചാടിവീണ് കമലേഷിനെ ആക്രമിക്കുകയായിരുന്നു. പരുക്കുപറ്റിയ കമലേഷിനെ വലിച്ചുകൊണ്ടുപോകാനായി കടുവ ശ്രമിക്കുന്നതിനിടെ പുറകെ കാളവണ്ടിയിൽ വന്ന കമലേഷിന്റെ സുഹൃത്തുക്കൾ ഇതു കാണുകയും കടുവയ്ക്ക് നേരെ ഒച്ചവച്ച ശേഷം കമ്പുകളും കല്ലുകളും അതിനു നേർക്ക് വലിച്ചെറിയുകയും ചെയ്തു.

ഇതോടെ കമലേഷിനെ ഉപേക്ഷിച്ച് കടുവ കടന്നു. സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ശരീരം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കടുവയുടെ ആക്രമണത്തിൽ ശ്വസനനാളി തകർന്നതാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോർട്ടം ഫലങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ദുമേദ എന്ന ഗ്രാമത്തിൽ നിന്നുള്ള മഹേഷ് എന്ന യുവാവും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

രണ്ടു വർഷത്തിനിടെ മനുഷ്യർക്ക് നേരെയുള്ള 18ാമത്തെ കടുവ ആക്രമണമാണ് ഇപ്പോൾ നടന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെയുള്ള കാലയളവിൽ മാത്രം 5 ആക്രമണങ്ങൾ നടന്നു. വനമേഖലയിൽ നിന്നു മാറി നിൽക്കാൻ ഗ്രാമവാസികൾക്ക് അറിയിപ്പു കൊടുത്തിട്ടുണ്ടെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുന്ദ്രേഷ് പറഞ്ഞു.

മേഖലയിലെ കടുവകളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ മോഷൻ സെൻസറുകൾ സ്ഥാപിക്കുകയാണ്. കടുവകളിൽ മനുഷ്യമാംസം ഇഷ്ടപ്പെടുന്നവയെ മാൻഈറ്റർ എന്നു വിശേഷിപ്പിക്കുകയും ഇവയെ അപകടകാരികളായി പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ കടുവ മാൻഈറ്ററാണെന്നു തോന്നുന്നില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുർ ഖേരി, ബറൈച്ച് ജില്ലകളിലായാണു ദുധ്വ കടുവസങ്കേതം സ്ഥിതി ചെയ്യുന്നത്.1300 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ഈ മേഖലയിൽ കൃഷിയിടങ്ങളുമുണ്ട്. 80 മുതൽ 110 വരെ കടുവകൾ ഇവിടെ അധിവാസമുറപ്പിച്ചിരിക്കുന്നതായാണു കണക്ക്.

 

English Summary: Another man mauled to death by tiger in UP’s Lakhimpur Kheri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com