ADVERTISEMENT

മരിച്ച് ശരീരം അഴുകാന്‍ തുടങ്ങിയിട്ടും തലച്ചോറിനെ പാരസൈറ്റുകള്‍ നിയന്ത്രിക്കുന്നത് മൂലം ചലിക്കാന്‍ കഴിയുന്ന സാങ്കല്‍പിക ജീവികളെയാണ് സോംബികള്‍ എന്നു വിളിയ്ക്കുന്നത്. കഥകളിലൂടെയും സിനിമകളിലൂടെയും  സോംബികളെ അറിയാം. യഥാര്‍ഥ ജീവിതത്തിലും ഇത്തരത്തിലുള്ള സോംബികളുണ്ടോ എന്നു സംശയിപ്പിക്കുന്നതാണ് വടക്കു പടിഞ്ഞാറന്‍ പസിഫിക്കിലെ ചില മത്സ്യങ്ങള്‍. നേരിട്ട് കണ്ടാല്‍ ഭയപ്പെടുത്തില്ലെങ്കിലും നേരിയ തോതിലെങ്കിലും ഒരു ഞെട്ടല്‍ സൃഷ്ടിക്കാന്‍ ഈ മത്സ്യത്തിന് കഴിയുമെന്നുറപ്പാണ്.

ജീവിതം പ്രത്യുൽപാദനത്തിനു വേണ്ടി

എന്തുകൊണ്ടാണ് ഇവയെ സോംബി മത്സ്യങ്ങള്‍ എന്നു വിളിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കും മുന്‍പേ, ഇവയെ സോംബികളെ പോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിന് കാരണമാകുന്നതെന്താണെന്ന് വിശദീകരിക്കാം. ഈ സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് ഒരേയൊരു ജീവിത ലക്ഷ്യമാണുള്ളത്, കൂടുതല്‍ സാല്‍മണുകളെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് അവയെ നയിക്കുന്നത്.അതുകൊണ്ട് തന്നെ ഇവയുടെ ശരീരത്തിലെ ഊര്‍ജം മുഴുവന്‍ ഇണ ചേരുന്നതിനും പ്രത്യുൽപാദനത്തിനും വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

ഊര്‍ജത്തിന്‍റെ ഈ അസന്തുലിതമായ ഉപയോഗം മൂലം ഇവയുടെ ശരീരം ഒരു പ്രായം കഴിയുമ്പോള്‍ അഴുകാന്‍ തുടങ്ങും. ഈ സാല്‍മണുകള്‍ സഞ്ചരിക്കുകയും വേട്ടയാടുകയുമെല്ലാം ചെയ്ത് ജീവനോടെ ഇരിക്കുമെങ്കിലും ഇവയുടെ ശരീരം മരിച്ച് കഴിഞ്ഞതിന് ശേഷമുള്ളതിന് തുല്യമായ അവസ്ഥയിലേക്ക് മാറും. അതുകൊണ്ട് തന്നെ മരിച്ച ശരീരവുമായി സഞ്ചരിക്കുന്ന ഇവയെ കണ്ടാല്‍ സോംബി ചിത്രങ്ങളിലെ പാരസൈറ്റ് കയറിയ മത്സ്യങ്ങളാണോയെന്ന് നമ്മള്‍ സംശയിച്ചേക്കാം.

പുറത്ത് കാണുന്ന അസ്ഥികളും പല്ലുകളും

ആദ്യം തൊലിയും പിന്നീട് തൊലിയുടെ അടിയിലുള്ള കൊഴുപ്പ് നിറഞ്ഞ ഭാഗവും പതിയെ ഇവയ്ക്ക് നഷ്ടമാകും ഇതോടെ മാംസം അഴുകാന്‍ തുടങ്ങും. ഈ അവസ്ഥയിലാണ് ഏതാണ്ട് പൂര്‍ണമായും സോംബികളെന്ന് തോന്നുന്ന രൂപത്തിലേക്ക് മാറുക. എന്നാല്‍ ഇത്തരത്തില്‍ രൂപം മാറിയാലും ഇവയുടെ ബുദ്ധിയിലോ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലോ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

സോംബി സാല്‍മണുകള്‍ അവസാന ഘട്ടത്തിലാകുമ്പോഴേക്കും കണ്ടാല്‍ അറപ്പ് തോന്നുന്ന വിധത്തിലായിട്ടുണ്ടാകും. ശരീരത്തിന്‍റെ പുറമെയുള്ള ഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട് പലപ്പോഴും അസ്ഥികളും പല്ലുകളും വരെ വെളിയില്‍ കാണുന്ന അവസ്ഥയിലും സാല്‍മണുകളെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യമാകുമ്പോഴേക്കും ഇവയുടെ ശരീരത്തിന്‍റെ ഭാഗങ്ങള്‍ ചെറുജീവികള്‍ ഭക്ഷണമാക്കാനും തുടങ്ങും. ഈ സംഭവങ്ങളെല്ലാം വീണ്ടും നമ്മെ അനുസ്മരിപ്പിക്കുന്നത് സോംബികളെ തന്നെയാണ്. അതുകൊണ്ടാണ് ഈ സാല്‍മണുകളെ സോംബി സാല്‍മണുകള്‍ എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നതും.

English Summary: Zombie Salmon Are the Real Walking Dead

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com