ADVERTISEMENT

ഘടാഘടിയൻമാരായ ഏഴ് കടുവകൾ. അവർക്കിടയിലൂടെ നടക്കുകയാണ് ഒരു പെൺ ഗോൾഡൻ റിട്രീവർ നായ. അടുത്തുകൂടി നടന്നിട്ടും കടുവകൾ നായയെ ഒന്നും ചെയ്യുന്നില്ല. നായ ഇടയ്ക്ക് കുരയ്ക്കുന്നതിന്റെയും കടുവകളെ തൊട്ടുരുമ്മി നടക്കുന്നതിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. ടൈഗർ ബിഗ്ഫാൻ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് കൗതുകകരമായ വിഡിയോ  പങ്കുവച്ചത്. ഈ വിഡിയോയ്ക്ക് 12 ലക്ഷം വ്യൂകളും അരലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.എന്താകും മറ്റൊരു വിഭാഗത്തിലുള്ള ജീവിയായ നായ തങ്ങൾക്കിടയിലൂടെ നടന്നിട്ടും കടുവകൾ ഒന്നും ചെയ്യാതിരിക്കുന്നത്. ഇതിനുള്ള ഉത്തരം വളരെ കൗതുകരമാണ്. ഈ ഏഴ് കടുവകളും ഈ പെൺനായയുടെ മുലപ്പാൽ കുടിച്ചായിരുന്നത്രേ വളർന്നത്. അതിനാൽ തന്നെ അമ്മയോടുള്ള സ്നേഹമാണ് കടുവകൾക്ക് നായയോടുള്ളത്.

കഴിഞ്ഞ മാസം ചൈനയിലെ ഒരു മൃഗശാലയിൽ ഒരു ലാബ്രഡോർ പെൺനായ 3 കടുവക്കുട്ടികളെ പരിപാലിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. ജനിച്ചതിനു ശേഷം ഈ കടുവക്കുട്ടികളെ നോക്കാൻ ഇവരുടെ അമ്മ കടുവ വിസമ്മതിക്കുകയും കുട്ടികളെ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്നാണു ലാബ്രഡോർ നായ ഇവരുടെ സംരക്ഷണം ഏറ്റെടുത്തത്. ഈ വിഡിയോയും ലോകവ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. കടുവകളും നായകളും തമ്മിൽ ദൃഢബന്ധത്തിലായതിനു വേറെയും ഉദാഹരണങ്ങളുണ്ട്. 

ബ്ലാക്കി, ഹ്യൂഗോ, ജെന്നി എന്നീ മൂന്ന് ജർമൻ ഷെപ്പേഡ് നായകളും സൂരിയ, സണ്ണി എന്നീ കടുവകളും തമ്മിൽ സൈബീരിയയിലെ ഒരു മൃഗശാലയിൽ പുലർത്തുന്ന ശക്തമായ സൗഹൃദം 2015ൽ വാർത്തയായിരുന്നു. 2009ൽ യുഎസിലെ കൻസാസ് മൃഗശാലയിൽ ഇസബെല്ല എന്ന ഗോൾഡൻ റിട്രീവർ നായ 3 കടുവക്കുട്ടികളെ പരിപാലിച്ചു യുവാക്കളാക്കി. സിൻഡി എന്ന നായക്കുട്ടിയും ഇസബെല്ലയ്ക്കുണ്ടായിരുന്നു. ഇസബെല്ലയെ അമ്മയായും സിൻഡിയെ സഹോദരിയായുമാണ് കടുവക്കുട്ടികൾ കണ്ടത്. എന്നാൽ കടുവകൾ പൂർണവളർച്ചയെത്തിയപ്പോൾ ഇവയെ കൂട്ടിൽ നിന്നു മാറ്റുകയായിരുന്നു.

English Summary: Golden Retriever Roams Among Tigers Fearlessly, Internet Shocked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com