ADVERTISEMENT

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് സൈക്കിൾ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹൽദിബാരി ആനിമല്‍ കോറിഡോറിൽ ജനുവരി 19നു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചത്. 

 

റോഡിലൂടെ സഞ്ചരിച്ചിരുന്ന സൈക്കിൾ യാത്രികനു നേർക്ക് പുള്ളിപ്പുലി പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പുലിയുടെ ആക്രമണത്തിൽ നിന്ന് ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സൈക്കിളിൽ ഇടിച്ച പുലി പരിഭ്രാന്തനായി ഉടൻ തന്നെ കാട്ടിലേക്ക് തിരികെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ പുലി അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. പ്രദേശത്ത് വാഹനങ്ങൾ നിർത്തിയിടരുതെന്നും വേണ്ടത്ര സുരക്ഷയില്ലാതെ ഇതുവഴി കടന്നു പോകരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി. 

 

''ജനുവരിയിലാണ് കാസിരംഗയിലെ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞത്. പുള്ളിപ്പുലി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു പേരും ഭാഗ്യവാന്മാരാണ്. പുള്ളിപ്പുലികൾ വളരെ വേഗം ഇണങ്ങുന്ന വർഗമാണ്. കൃഷിയിടങ്ങളിലും, കരിമ്പ് വിളകളിലും, തേയിലത്തോട്ടങ്ങളിലും ചിലപ്പോഴൊക്കെ ഇവയെ കാണാറുണ്ട്. ഒരു സൈക്കിൾ യാത്രികനെ നടുറോഡിൽ വച്ച് പുള്ളിപ്പുലി ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. 

 

ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ച വിഡിയോ ഇതിനോടകം നിരവധിപേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. 'ഇടിച്ചിട്ട് നി‌‌‌‌‌ർത്താതെ പോയതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ‘വലിയ രക്ഷപ്പെടൽ ’എന്നാണ് മറ്റൊരാൾ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം അപകടത്തിൽപപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ അതുവഴി കടന്നു പോയ മറ്റു യാത്രികരെ വിമർശിച്ചും കമന്റുകൾ എത്തി.

 

English Summary: Cyclist escapes close call with leopard on highway in Assam’s Kaziranga National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com