ADVERTISEMENT

പേടിപ്പെടുത്തുന്ന മുഖവും വായ നിറയെ സൂചി അടുക്കിവച്ചതുപോലുള്ള പല്ലുകളുമായി യുഎസിലെ തീരത്തണഞ്ഞ ദുരൂഹമത്സ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ക്രിസ്റ്റീൻ ടിലോട്സൺ എന്നയാളാണ് മത്സ്യത്തിന്റെ ചിത്രമെടുത്തതും റെഡിറ്റിലേക്ക് പോസ്റ്റ് ചെയ്തതും.

യുഎസിലെ ഒറിഗണിലെ ബ്രൂക്കിങ്സിലുള്ള മിൽബീച്ചിൽ പാറക്കൂട്ടങ്ങൾക്കിടയിലാണ് ഈ മത്സ്യത്തെ കണ്ടുകിട്ടിയത്. ചത്ത ഈ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നു അഴുകിയതു മൂലം മാംസം നഷ്ടപ്പെട്ടിരുന്നു. ഇതേതു മത്സ്യമാണെന്നു കണ്ടെത്താൻ സഹായിക്കുമോയെന്ന് ക്രിസ്റ്റീൻ സമൂഹമാധ്യമ ഉപയോക്താക്കളോട് ചോദിച്ചിരുന്നു. ഇതെത്തുടർന്ന് ഈ മത്സ്യമേതെന്നു കണ്ടെത്താനായി ചർച്ച ഉടലെടുത്തു. ലിങ്‌കോഡ്, വൂൾഫ് ഈൽ എന്നീ വിഭാഗങ്ങളിലുള്ള മത്സ്യമാണിതെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ഇതല്ലെന്ന് താമസിക്കാതെ തെളിഞ്ഞു.

പിന്നീട് ഇത് മങ്കിഫേസ് ഈൽ എന്ന മത്സ്യമാണെന്ന് കണ്ടെത്തി. യുഎസിന്റെ പസിഫിക് തീരങ്ങൾക്കടുത്തായി കാണപ്പെടുന്നതാണ് ഈ മത്സ്യങ്ങൾ. തെക്കൻ ഓറിഗൺ മുതൽ കലിഫോർണിയ വരെയുള്ള മേഖലയിൽ അധിവസിക്കുന്ന ഈ മത്സ്യങ്ങൾ സാധാരണഗതിയിൽ തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ച് അധികം അകലേക്ക് സഞ്ചരിക്കാറില്ല.

കഴിഞ്ഞ മാർച്ചിലും ബീച്ചിലടിഞ്ഞ ഒരു വിചിത്രജീവി ഇതുപോലെ ദുരൂഹത സൃഷ്ടിക്കുകയും ഇതെന്താണെന്നു കണ്ടെത്താനായി ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് ജീവി അടിഞ്ഞത്. ഇതൊരു അന്യഗ്രഹജീവിയാണെന്ന മട്ടിൽ വാർത്തകൾ പരക്കുകയും വലിയ കൗതുകത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പോസം എന്ന ഒരിനം ചെറുജീവിയാണെന്നു കണ്ടെത്തപ്പെട്ടു.

English Summary: Bizarre Sea Creature With Needle-Like Teeth Washes Ashore In US, Internet Baffled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com