നാവ് തുരന്ന് തിന്നുന്ന ‘പരാന്നജീവി’; കയറ്റുമതി ചെയ്യാനെത്തിയ മത്സ്യങ്ങളുടെ വായിൽ കണ്ടെത്തിയത്?

Tongue-eating parasites discovered in shipment of fish at Port of Felixstowe in Suffolk
Image Credit: Suffolk Coastal Port Health Authority (SCPHA)
SHARE

മത്സ്യങ്ങളുടെ നാവ് തുരന്നു തിന്നുന്ന പരാന്നഭോജിയെ കണ്ടെത്തി.  ഇംഗ്ലണ്ടിലെ സഫോക്ക് തുറമുഖത്താണ് പിടികൂടിയ മത്സ്യങ്ങളുടെ വായിൽ നിന്നും പാരസൈറ്റിനെ കണ്ടെത്തിയത്. സഫോക്ക് കോസ്റ്റൽ പോർട്ട് ഹെൽത്ത് അതോറിറ്റിയാണ് മത്സ്യങ്ങളുടെ നാവ് തുരന്നു ഭക്ഷിച്ച ശേഷം അവിടെത്തന്നെ തുടരുന്ന പരാന്നജീവിയെ കണ്ടെത്തിയത്. പോർട്ട് ഹെൽത്ത് മാനേജർ റിച്ചാർഡ് ജേക്കബാണ് ആദ്യം ഇവയെ കണ്ടത്.  കയറ്റുമതി ചെയ്യാനെത്തിയ സീ ബ്രീം വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളുടെ വായിൽ പാരസൈറ്റിനെ കണ്ടെത്തിയതിനെ തുടർന്ന് പായ്ക്കിങ് നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കയറ്റുമതി ചെയ്യാനെത്തിയ മിക്ക് സീ ബ്രീമുകളുടെ ശരീരത്തിലും ഇവയെ കണ്ടെത്തുകയായിരുന്നു. ഈ മത്സ്യങ്ങളെ നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സിമോതോവ എക്സിഗ്വാ എന്നയിനം പരാന്നജീവിയെയാണ് മത്സ്യങ്ങളുടെ ശരീരത്തിൽ കടന്നുകൂടിയത്.

മീനിന്റെ നാവു തുരന്നെടുത്ത് പകരം അവിടെ സ്ഥാനം ഉറപ്പിക്കുന്ന ഈ ജീവികൾ ശേഷിച്ച കാലം മുഴുവൻ അവിടെ തന്നെ കഴിയുകയാണ് ചെയ്യുന്നത്. കടലിൽ മീനുകളെ ആശ്രയിച്ചുകഴിയുന്ന 280 തരം പരാന്നജീവികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. . ജീവിതചക്രത്തിന്റെ  തുടക്കത്തിൽ ഇവ ആൺവർഗങ്ങളായാവും ജീവിക്കുന്നത്. മീനിന്റെ ചെകിളകളിൽ കൂടി ഉള്ളിൽ കടന്നുകൂടുന്ന ഇവ പിന്നീട് വായ്ക്കുള്ളിലേക്കെത്തുന്നു. മീനിന്റെ നാവിൽ കയറിപ്പറ്റിയ ശേഷം മുൻകാലുകളിലെ നഖങ്ങൾ  അവയുടെ രക്തക്കുഴലുകളിലേക്ക് ആഴ്ത്തി യിറക്കി രക്തം വലിച്ചു കുടിച്ചാണ് ഇവ കഴിയുന്നത്. ഒരു ഘട്ടമെത്തുമ്പോൾ അവയുടെ ശരീരത്തിൽ മാറ്റങ്ങളുണ്ടാവുകയും പെൺവർഗമായി രൂപാന്തരപ്പെടുകയും ചെയ്യും.

ശേഷിച്ച കാലം മുഴുവൻ വായ്ക്കുള്ളിൽ കഴിയുന്നതിനാൽ ഇവയ്ക്ക് പിന്നീട് സഞ്ചരിക്കേണ്ടി വരില്ല. അതിനാൽ വളരുന്നതിനൊപ്പം ഇവയുടെ കണ്ണുകളും ചുരുങ്ങി തുടങ്ങും. കാലക്രമേണ രക്തം വറ്റി മീനുകളുടെ നാവ് മുറിഞ്ഞു വീഴും. അതോടെ ഈ ജീവികൾ ആ സ്ഥാനം കൈക്കലാക്കി അവിടെ നിലയുറപ്പിക്കും.

എന്നാൽ ഈ ജീവി നാവില്ലാതാക്കുമെങ്കിലും മീനിന് കാര്യമായ ആപത്തൊന്നും സംഭവിക്കാറില്ല. പെൺ വർഗത്തിൽപെട്ട ഒരു ജീവി ഉള്ളിലുണ്ടെങ്കിൽ മീനിനെ ആശ്രയിക്കാനെത്തുന്ന മറ്റു ജീവികൾ ആൺവർഗമായി മീനിന്റെ ചെകിളയ്ക്കടിയിൽ സ്ഥാനം പിടിക്കും. ഇവ ഇടയ്ക്ക് ഉള്ളിൽ കടന്ന് മീനിന്റെ ശരീരത്തിലുള്ള പെൺ വർഗവുമായി  ഇണചേർന്നാണ് പ്രത്യുൽപാദനം നടത്തുന്നത്. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ചെകിളകളിലൂടെ തന്നെ പുറത്തുവന്നു മറ്റു മീനുകളെ തേടി പിടിച്ച് അവിടെ ജീവിക്കുകയാണ് പതിവ്.

English Summary: Tongue-eating parasites discovered in shipment of fish at Port of Felixstowe in Suffolk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS