മധുര മീനാക്ഷി ക്ഷേത്രത്തിലെ പാർവതി എന്ന ആനയ്ക്കു തിമിരം. ഇരുകണ്ണുകളുടെയും കാഴ്ച മങ്ങിയതോടെ ആചാരങ്ങള്‍ക്ക് ആനയെ ഉപയോഗിക്കാന്‍ കഴിയാതെയായി. തായ്‌ലൻഡില്‍ നിന്നുള്ള വിദഗ്ധ ആനചികിത്സകരെത്തി ചികില്‍സ തുടങ്ങിയിട്ടുണ്ട്. ആരാധകർ ഏറെയുള്ള ആനയാണ് ഇരുപത്തിനാലുകാരിയായ പാർവതി. ആനയുടെ ഇടതുകണ്ണിന് നേരത്തേ കാഴ്ച കുറഞ്ഞിരുന്നു. വലതുകണ്ണിലും പ്രശ്നങ്ങള്‍ തുടങ്ങിയതോടെയാണ് ചികില്‍സയ്ക്കു വിദഗ്ധരെ എത്തിച്ചത്.
ബാങ്കോക്കിലെ കാര്‍ഷിക സര്‍വകാലാശാലയില്‍ നിന്നുള്ള ഏഴംഗ സംഘമാണ് പാർവതിയെ ചികിൽസിക്കുന്നത്. പാർവതിയുടെ കാഴ്ചപ്രശ്നം വാർത്തയായതോടെ തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍. പളനിവേല്‍ ത്യാഗരാജന്റെ ഇടപെടലിലാണ് ചികില്‍സകരെത്തിയത്. തിമിരം മാറ്റാൻ ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയുണ്ടായാല്‍ അവസ്ഥ ഗുരുതരമാകും. അണുബാധയുണ്ടാകാതെ സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ ശ്രമമാണെന്നു ഡോക്ടര്‍മാരും പറയുന്നു. കുറച്ചു ദിവസത്തെ ചികില്‍സയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ആരോഗ്യം വീണ്ടെടുത്തു മണിയും കിലുക്കി പാര്‍വതി നടന്നുവരുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണു ഭക്തരും പാര്‍വതിയുടെ ആരാധകരും.