ADVERTISEMENT

3 ലക്ഷം ഡോളര്‍ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ എന്തെല്ലാം വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങും. 3 ലക്ഷം ഡോളര്‍ എന്നാല്‍ ഇന്ത്യന്‍ രൂപ ഏതാണ്ട് 2 കോടി 30 ലക്ഷം രൂപ. വാഹനമാണെങ്കില്‍ ഒരു ലംബോര്‍ഗിനി, അല്ലെങ്കില്‍ സ്വിമ്മിങ് പൂളോട് കൂടിയ ഒരു വീട് ഇതൊക്കയാകും പലരുടെയും ഈ തുകയ്ക്ക് സാധിക്കാവുന്ന പരമാവധി സ്വപ്നങ്ങള്‍. എന്നാല്‍ സ്വിമ്മിങ് പൂളല്ല മറിച്ച് ഒരു ഫിഷ് ടാങ്കില്‍ മാത്രം ഒതുങ്ങുന്ന ചെറു മത്സ്യത്തെ വാങ്ങാനാണ് ചിലര്‍ ഈ തുക ഉപയോഗിക്കുക. ലോകത്തെ ഏറ്റവും വിലയേറിയ വളര്‍ത്തു മത്സ്യങ്ങളില്‍ ഒന്നായ ഏഷ്യന്‍ അരോവനയുടെ ശരാശരി വിലയാണ് 3 ലക്ഷം ഡോളര്‍.

അമേരിക്കയിലെ സമ്പന്നരുടെ വീടുകളിലെ സ്റ്റാറ്റസിന്‍റെ പര്യായങ്ങളില്‍ ഒന്നാണ് ഏഷ്യന്‍ അരോവന മത്സ്യം. ചെറു മത്സ്യങ്ങളുടെ വില 300 ഡോളര്‍ മുതല്‍ ആരംഭിക്കുമെങ്കില്‍ വളരെ വിരളമായ വെളുത്ത ഏഷ്യന്‍ അരോവനകളാണെങ്കില്‍ വില 70000 ഡോളര്‍ വരെയാകും. ഇവയെ തീരെ ലഭിക്കാനില്ലാത്ത അവസരങ്ങളിലാണ് ഏഷ്യന്‍ അരോവനയുടെ വില മൂന്ന് ലക്ഷം ഡോളര്‍ വരെ എത്തുന്നത്. 

2 മുതല്‍ 3 അടി വരെ നീളം വയ്ക്കുന്ന ഇവയുടെ ശരീരത്തില്‍ ഡ്രാഗണുകളുടേതിനു സമാനമായ രീതിയില്‍ വലിയ ചെതുമ്പലുകള്‍ കാണാം. കീഴ്ചുണ്ടിന് താഴെയായി രണ്ട് നീണ്ട രോമങ്ങളും ഉണ്ട്. ഈ രോമങ്ങളും ചൈനീസ് പുതുവത്സര വേളയില്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന പേപ്പര്‍ ഡ്രാഗണുകളുടേതിന് സമാനമായ രൂപം ഈ മത്സ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ രൂപസാദൃശ്യം മൂലം ചില അന്ധവിശ്വാസങ്ങളും അരോവന മത്സ്യങ്ങളെ പറ്റിയുണ്ട്. ഇതിന്‍റെ ഉടമയ്ക്ക് എന്തെങ്കിലും ആപത്ത് നേരിടുന്ന സ്ഥിതി വന്നാല്‍ ഈ മത്സ്യം തന്നെ സൂക്ഷിച്ചിരിക്കുന്ന ടാങ്കില്‍ നിന്ന് പുറത്ത് ചാടി ജീവന്‍ വെടിയും എന്നാണ് ഈ വിശ്വാസം. ഇങ്ങനെ സംഭവിച്ചാല്‍ അത് മുന്നറിയിപ്പായി ഉടമകള്‍ എടുക്കണം.

പരിസ്ഥിതി നാശം സൃഷ്ടിച്ച വിലക്കയറ്റം

ഈ മത്സ്യത്തിന്‍റെ ഇപ്പോഴത്തെ സവിശേഷ സ്ഥാനം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒന്നല്ല. 1970 കളിലാണ് ഈ മത്സ്യം ഇത്രയധികം ആരാധകരെ അമേരിക്കയില്‍ സൃഷ്ടിക്കുന്നത്. ഇതിന് മുന്‍പ് തെക്കനേഷ്യയില്‍ ചതുപ്പുകളിലും കായലുകളിലും വളരെ സമൃദ്ധമായിരുന്നു ഈ മത്സ്യം. സ്വാദിഷ്ടമായ ഭക്ഷണമായി കരുതിയിരുന്ന ഇവ ധാരാളമായ ലഭ്യവുമായിരുന്നു. എന്നാല്‍ പിന്നീട് ഈ ചതുപ്പ് നിലങ്ങളും കായലുകളും കൈയേറി നികത്തപ്പെട്ടതോടെ ഈ മത്സ്യത്തിന്‍റെ ലഭ്യതയും കുറഞ്ഞു. 1975 ല്‍ ഈ മത്സ്യത്തിന്‍റെ രാജ്യാന്തര കയറ്റുമതി നിരോധിച്ചു. അമേരിക്കയും ഈ മത്സ്യത്തെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി.

ലഭ്യത ഗണ്യമായി കുറഞ്ഞതോടെയാണ് ഈ മത്സ്യം സ്വാഭാവികമായും ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയത്. മത്സ്യത്തിന് ആവശ്യക്കാരെ ഉറപ്പാക്കാന്‍ ഇടനിലക്കാരും കള്ളക്കടത്തുകാരും കെട്ടിപ്പടച്ച കഥകള്‍ കൂടിയായപ്പോള്‍ ഏഷ്യന്‍ അരോവനകളില്‍ കള്ളക്കടത്തിലൂടെ എത്തിക്കുന്ന ജീവികളില്‍ ഏറ്റവും വിലയുള്ളവയില്‍ ഒന്നായി മാറി. മറ്റ് പല ജീവികളെയും പോലെ രാജ്യാന്തര തലത്തിലുള്ള നിരോധനമാണ് മത്സ്യത്തിന് വിനയായതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. നിരോധനം വന്നതോടെ ഈ മത്സ്യത്തിന് ആവശ്യക്കാര്‍ വർധിച്ചു. ലഭ്യത ഇല്ലാത്തത് മൂലം വില ഏറി. ഇതോടെ അനധികൃത മാര്‍ഗത്തില്‍ ഈ മത്സ്യത്തെ പിടിച്ച് കള്ളക്കടത്ത് നടത്തുക എന്ന രീതി വർധിച്ചു.

മത്സ്യ മോഷണം

അമേരിക്കയില്‍ മാത്രമല്ല, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേയക്കും ഈ ജീവിയെ കരിഞ്ചന്തയിലൂടെ എത്തിക്കുന്നുണ്ട്. ഉടമകളുടെ വീട്ടില്‍ നിന്ന് ഈ മത്സ്യത്തെ മോഷ്ടിച്ചു കൊണ്ടു പോകുന്നതും പതിവാണ്. സിംഗപ്പൂരിൽ ഒരാഴ്ചയ്ക്കിടെ നാല് അരോവന മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒന്നില്‍ ഉടമയുടെ തലറുത്ത് കൊന്ന ശേഷമാണ് മത്സ്യത്തെയും കൊണ്ട് മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്.  ഇവയെ കൃഷി ചെയ്യുന്ന തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഫാമുകളില്‍ സായുധരായ കാവല്‍ക്കാരാണ് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരിക്കുന്നത്. കൂടാതെ ഈ മത്സ്യങ്ങളില്‍ ട്രാക്ക് ചെയ്യാനുള്ള ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്.

English Summary: The Fanciest Pet Fish Around Is Worth $300,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com