ADVERTISEMENT

ആഴക്കടലിൽ ജീവിക്കുന്ന സമുദ്രജീവിയുടെ ഭയപ്പെടുത്തുന്ന ചിത്രം പുറത്ത്. തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നു പിടികൂടിയ ഈ ജീവിയുടെ രൂപം ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്നു നിരീക്ഷകർ പറയുന്നു. ഓസ്‌ട്രേലിയയിലെ മത്സ്യബന്ധന തൊഴിലാളിയും സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യവുമായ ജേസൻ മോയ്‌സാണു ചിത്രം പങ്കുവച്ചത്. ട്രാപ്മാൻ ബെർമഗ്വി എന്നാണ് ജേസണിന്റെ സമൂഹമാധ്യമ അക്കൗണ്ടിന്റെ പേര്. താനിത്രനാളും പിടിച്ചതിൽ ഏറ്റവും ഭയപ്പെടുത്തുന്ന ജലജീവിയെന്നാണു ജേസൻ മോയ്‌സ് ഇതിനെ വിശേഷിപ്പിച്ചത്. പിങ്ക് നിറത്തിലുള്ള ശരീരവും ഉണ്ടക്കണ്ണുകളും മുഖത്തു ചെറിയ കൊമ്പുകളും വിചിത്രമായ ഘടനകളും ഈ ജീവിക്കുണ്ട്. മൂർച്ചയേറിയ പല്ലുകളുടെ നിരകളും ഇതിന്റെ വായിലുണ്ട്.

തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ ബെർമഗ്വി പട്ടണത്തിനു സമീപത്തുള്ള കടലിൽ നിന്നാണു ജേസന് ഈ ജീവിയെ കിട്ടിയത്. തനിക്കോ തന്റെ ബോട്ട് നിയന്ത്രിച്ച ക്യാപ്റ്റനോ ഇതേതു ജീവിയാണെന്നു മനസ്സിലായില്ലെന്ന് ജേസൺ പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 1770 അടി താഴ്ചയിൽ നിന്നാണ് ഈ ജീവിയെ കിട്ടിയതെന്ന് ജേസൺ പറഞ്ഞു. 4 കിലോയായിരുന്നു ഇതിന്റെ ഭാരം. ബ്ലോബ്ഫിഷാണ് ഈ ജീവിയെന്ന് ജേസൺ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചെറിയ കണ്ണുകളും വലിയ വായയും ബ്ലാഡർ പോലെയുള്ള രൂപവുമാണ് ബ്ലോബ്ഫിഷുകളുടെ പ്രത്യേകത. സൈക്രോലൂട്ടിഡേ എന്ന ജീവികുടുംബത്തിൽപെട്ടതാണു ബ്ലോബ്ഫിഷ്. ഫാറ്റ്‌ഹെഡ് സ്‌കൽപിൻസ് എന്നും ഇവ അറിയപ്പെടുന്നു.

തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലും താസ്മാനിയയിലുമുള്ള കടലുകളിലാണ് ബ്ലോബ് ഫിഷിന്റെ ആവാസവ്യവസ്ഥ. സമുദ്രനിരപ്പിൽ നിന്ന് 2000 അടി വരെ താഴെ ശക്തമായ മർദ്ദത്തെ അഭിമുഖീകരിച്ചാണ് ഈ ജീവികൾ കഴിയുന്നത്. കടലിന്റെ അടിത്തട്ടിലൂടെ ഒഴുകിനടന്നാണ് ഇവയുടെ സഞ്ചാരം. ഇതിനിടയിൽ വരുന്ന ചെറിയ ഇരജീവികളെ അകത്താക്കുകയും ചെയ്യും. ഓസ്‌ട്രേലിയയിൽ ബ്ലോബ് ഫിഷിന്‌റെ എണ്ണം കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തലുണ്ട്. ആഴക്കടൽ മത്സ്യബന്ധനമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.

English Summary: Mysterious Deep-sea Fish Caught in Australia is What Nightmares Look Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com