വളർത്തു പൂച്ചയെ വരിഞ്ഞു മുറുക്കിയത് 12 അടിയോളം നീളമുള്ള പെരുമ്പാമ്പ്. തായ്ലൻഡിലെ ബാങ്കോക്കിലാണ് സംഭവം നടന്നത്. ഫാക്ടറി തൊഴിലാളിയായ നാം എന്ന 50കാരിയാണ് ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടത്. ഉടൻതന്നെ ഇവർ പുറത്തിറങ്ങി നോക്കി. അപ്പോഴാണ് പെരുമ്പാമ്പിന്റെ പിടിയിൽ കിടന്നു ശ്വാസം കിട്ടാതെ പിടയുന്ന പൂച്ചയെ കണ്ടത്. ഫാക്ടറിയിലെ തൊഴിലാളികളുടെ വളർത്തു പൂച്ചയായ പെഡ്രോയായിരുന്നു അത്. ഇരയെ പിടികൂടിയാൽ അതിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് പെരുമ്പാമ്പുകളുടെ രീതി. അതുകൊണ്ട് തന്നെ പൂച്ചയെ എത്രയും പെട്ടെന്നു രക്ഷിക്കാനായിരുന്നു അടുത്ത ശ്രമം.
സമീപത്തു കണ്ട കുട്ടികളുടെ കളിപ്പാട്ടമെടുത്താണ് ഇവർ പാമ്പിനു സമീപത്തേക്ക് ഓടിയെത്തിയത്. കമ്പി പോലുള്ള ഉപകരണം ഉപയോഗിച്ച് പാമ്പിനെ അടിച്ചു നോക്കി. പിന്നീട് അതിന്റെ ശരീരത്തിൽ ശക്തമായി കുത്തിപ്പിടിച്ചതോടെ ഇരയുടെ മേലുള്ള പാമ്പിന്റെ പിടുത്തം അയഞ്ഞു. പാമ്പിന്റെ പിടി അയഞ്ഞതും ഞൊടിയിടയിൽ പൂച്ച സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഫാക്ടറി ജീവനക്കാരുടെയെല്ലാം അരുമയാണ് പെഡ്രോ. അതുകൊണ്ടാണ് ഏതുവിധേനയും അതിനെ രക്ഷിച്ചതെന്ന് നാം വ്യക്തമാക്കി. ഇരയെ നഷ്ടപ്പെട്ട പെരുമ്പാമ്പും സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പായിരുന്നു ഇത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന പാമ്പാണിത്.
English Summary: Pet cat saved from being strangled by python