ADVERTISEMENT

കഴിഞ്ഞദിവസം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി. ഒരു കൂട്ടം കറുത്ത ഉറുമ്പുകൾ ഒരു സ്വർണമാല കടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയിൽ. പാറപോലെ തോന്നിക്കുന്ന ഒരു പ്രതലത്തിലായിരുന്നു ഉറുമ്പുകളുടെ ഈ പ്രകടനം. ചെറിയ സ്വർണക്കടത്തുകാർ. ചോദ്യമിതാണ്, ഐപിസിയുടെ ഏതു സെക്ഷനാണ് ഇവർക്കു മേൽ ചാർജ് ചെയ്യേണ്ടത്- എന്ന ക്യാപ്ഷനോടെയാണു സുശാന്ത നന്ദ 7 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ പങ്കുവച്ചത്. ഒട്ടേറെ ട്വിറ്റർ ഉപയോക്താക്കൾ ഇതിനു രസകരമായ കമന്റുകൾ നൽകി.

അൽപം പഞ്ചസാര നൽകിയാൽ അവ സ്വർണം ഉപേക്ഷിച്ചു പൊയ്‌ക്കോളുമെന്നായിരുന്നു ഒരു ഉപയോക്താവ് നൽകിയ മറുപടി. ഉറുമ്പുകളുടെ റാണിക്കുവേണ്ടിയാണ് ഈ മാലയെന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. വിലക്കയറ്റം സംഭവിക്കുന്നതിനാലാണ് ഉറുമ്പുകൾ ഭക്ഷണപദാർഥങ്ങളൊക്കെ ഉപേക്ഷിച്ച് സ്വർണം ശേഖരിക്കാൻ തുടങ്ങിയതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അച്ചടക്കം, ടീംവർക്ക് എന്നിവയിൽ മനുഷ്യർക്കു മുന്നിലുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഉറുമ്പുകൾ എന്നതായിരുന്നു മറ്റൊരു കമന്റ്. ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്‌കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്.

വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ തൊഴിലെടുക്കുന്നതു പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ട രീതിയിലാണ് ഉറുമ്പുകൾ ജോലി ചെയ്യുന്നതെന്ന് 2015ൽ ഇസ്രയേലിൽ നടത്തിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഭാരം വഹിക്കുന്ന ഉറുമ്പുകൾ തങ്ങളുടെ നേതാക്കളെ അനുസരിക്കും. ഏതു ദിശയിൽ പോകണമെന്നും എങ്ങനെ പോകണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഈ നേതാക്കളാണ്. ട്വിറ്ററിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള സുശാന്ത നന്ദ 1989 ബാച്ച് ഐഎഫ്എസ് ഓഫിസറാണ്. വന്യജീവികളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ പോസ്റ്റുകൾ അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവയ്ക്കാറുണ്ട്.

English Summary: Viral Video: Ants Carry Gold Chain, Internet Says "Nothing Is Impossible"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com