ADVERTISEMENT

ടിബറ്റൻ പീഠഭൂമിയിലെ വിസ്തൃത ഹിമപ്പരപ്പുകൾക്കുള്ളിൽ ആയിരത്തോളം തരത്തിലുള്ള അജ്ഞാത സൂക്ഷ്മാണുക്കൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ പഠനം. രാജ്യാന്തര പരിസ്ഥിതി മേഖലയെ അലട്ടുന്ന പ്രശ്‌നമായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർധിത തോതിൽ എത്തിയാൽ ഈ ഹിമപ്പരപ്പുകൾക്ക് ഉരുക്കലുണ്ടാകുമെന്നും ഇവ പുറത്തെത്താൻ അതു വഴി വയ്ക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകത്ത് മറ്റ് മാരകങ്ങളായ മഹാമാരികൾ സൃഷ്ടിക്കാൻ ഇവയിൽ ചിലതിനു കഴിവുണ്ടെന്നും വിലയിരുത്തലുണ്ട്.

 

ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ നിന്നുള്ള ശാസ്ത്രഗവേഷകരാണ് ഹിമാലയൻ പർവത നിരകൾക്കും തക്ലമാക്കാൻ മരുപ്രദേശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ടിബറ്റൻ പീഠഭൂമിയിലെ 21 ഹിമപ്പരപ്പുകളിൽ നിന്നും സൂക്ഷ്മാണു സാംപിളുകൾ ശേഖരിച്ചത്. ഇതു പിന്നീട് ഡിഎൻഎ സീക്വൻസിങ് എന്ന പ്രക്രിയയ്ക്ക് വിധേയമാക്കി. ഇതാദ്യമായാണ് ഹിമത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മാണുക്കളെ ജനിതക സീക്വൻസിങ്ങിനു ശാസ്ത്രജ്ഞർ വിധേയമാക്കുന്നത്. സീക്വൻസിങ്ങിനു ശേഷം ശേഖരിച്ച വിവരങ്ങൾ ടിബറ്റൻ ഗ്ലേസിയർ ജീനോം ആൻഡ് ജീൻ (ടിജിടുജി) കാറ്റലോഗ് എന്ന പേരിൽ രൂപീകരിച്ചു. 968 സൂക്ഷ്മാണു സ്പീഷീസുകളെയാണ് ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞർ കണ്ടെത്തി തരം തിരിച്ചത്. ഇതിൽ കൂടുതലും ബാക്ടീരിയകളാണ്. ആൽഗെ, ഫംഗി തുടങ്ങിയവയുമുണ്ട്. 

 

ഇവയിൽ 98 ശതമാനം സൂക്ഷ്മാണുക്കളും ശാസ്ത്രലോകത്തെ സംബന്ധിച്ചു പുതിയതാണ്. പഠനഫലങ്ങൾ നേച്ചർ ബയോടെക്‌നോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഹിമത്തിനുള്ളിലെ അതിശീത കാലാവസ്ഥ, സൂര്യപ്രകാശത്തിന്‌റെ അഭാവം, പോഷക ധാതുക്കളുടെ കുറവ് തുടങ്ങിയ പ്രതികൂല ഘടകങ്ങളെ ഇവ അതിജീവിച്ചെന്നതു ശ്രദ്ധേയമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടെത്തപ്പെട്ട സൂക്ഷ്മജീവികളുടെ ജനിതകവിവരങ്ങൾ വിലയിരുത്തിയതിൽ നിന്ന് ഇവയിൽ ചിലത് മനുഷ്യർക്ക് അത്യന്തം ഹാനികരമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മനുഷ്യരുടെ ശരീരവ്യവസ്ഥയിൽ കടന്നുകയറാനും അധിവാസം നടത്താനും സഹായിക്കുന്ന കാൽ ലക്ഷത്തോളം വൈറുലൻസ് ഘടകങ്ങൾ ഇവയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തി കഴിഞ്ഞാൽ ഈ ജനിതക ഘടകങ്ങളെ ഭൂമിയിൽ ഇന്നു സർവസാധാരണമായുള്ള ബാക്ടീരിയകളിലേക്കു കൈമാറ്റം ചെയ്യാനും അവയെ അപകടകാരികളാക്കി മാറ്റാനും ഹിമത്തിനുള്ളിലെ ബാക്ടീരിയകൾക്ക് കഴിയും. തിബറ്റൻ ഹിമപ്പരപ്പുകൾ ലോകത്തെ ചില മഹാനദികളുടെ ഉദ്ഭവ സ്ഥാനമാണെന്നുള്ളതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന ഘടകമാണ്.

 

ഇവ എത്രത്തോളം പഴക്കമുള്ള സൂക്ഷ്മാണുക്കളാണെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കു വ്യക്തതയില്ല. പതിനായിരം വർഷത്തിലധികമായി ഹിമത്തിൽ സുഷുപ്തിയിലുള്ള സൂക്ഷ്മാണുക്കളെ വരെ തിരികെ ജീവനിലേക്കു കൊണ്ടുവരാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല തിബറ്റിൽ നിന്ന് ഈ വിധം ഐസിൽ സംരക്ഷിക്കപ്പെട്ട സൂക്ഷ്മജീവിവർഗങ്ങളെ കണ്ടെത്തുന്നത്. 2020 ജനുവരിയിൽ തിബറ്റിൽ നടത്തിയ ഒരു ഗവേഷണത്തിൽ 28 തരം പുതിയ വൈറസുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ലോകത്ത് ഇരുപതിനായിരത്തോളം ഹിമപ്പരപ്പുകളിലും ഇതുപോലെ ഉറക്കത്തിലുള്ള സൂക്ഷ്മാണുക്കളുണ്ടാകാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. സൈബീരിയയിലും മറ്റ് ഉത്തരധ്രുവ മേഖലകളിലുമുള്ള പെർമഫ്രോസ്റ്റ് ഐസ് നിക്ഷേപത്തിനടിയിലും ചരിത്രാതീത കാലത്തെ സൂക്ഷ്മാണുക്കളുണ്ടെന്ന് പഠനങ്ങൾ വെളിവാക്കിയിരുന്നു. ആഗോള താപനത്തെ മനുഷ്യരാശി നിയന്ത്രിക്കേണ്ടതിന്‌റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ശക്തമായ കാരണങ്ങളിലൊന്നാണു ഹിമത്തിലെ സൂക്ഷ്മാണുക്കൾ.

 

English Summary: Ancient never-before-seen viruses discovered locked up in Tibetan glacier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com