ഇംഗ്ലണ്ടിലെ ഒരു ഫാം ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു വിളവെടുപ്പിന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പകരം ഇപ്പോള്‍ ഇവിടെ നിന്ന് വിളവെടുക്കുന്നത് ഫോസിലുകളാണെന്ന് മാത്രം. ജുറാസിക് കാലഘട്ടം മുതലുള്ള ഫോസിലുകള്‍ ഇവിടെനിന്ന് വലിയ തോതില്‍ കണ്ടെത്തിക്കഴിഞ്ഞു. ജുറാസിക് കാലഘട്ടമെന്ന് പറയുമ്പോള്‍ അത് ദിനോസറുകളുടേത് മാത്രമാണെന്ന് കരുതേണ്ട. മുന്‍പ് സമുദ്രത്തിന്‍റെ ഭാഗമായിരുന്ന ഈ മേഖലയില്‍ നിന്ന് വംശനാശം സംഭവിച്ച പല പുരാതന കടല്‍ ജീവികളുടെയും ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.
ത്രിമാനരൂപത്തില്‍ ഒരു ഫോസില്‍
ബ്രിട്ടനിലെ കോട്സ്‌വേള്‍ഡ് മേഖലയിലെ ഗ്ലൗസ്സ്റ്റെര്‍ഷെയര്‍ പ്രദേശത്തെ ഫാമാണ് ഇപ്പോള്‍ ഫോസില്‍ ഖനന കേന്ദ്രമായി മാറിയിരിക്കുന്നത്. 20 കോടി മുതല്‍ 14 കോടി വർഷം വരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കടലിലെ വലിയ ഉരഗവര്‍ഗങ്ങളായിരുന്ന ഇഷ്തിസോറസ്, കണവകള്‍ തുടങ്ങിയവ മുതല്‍ ചെറുപ്രാണികള്‍ വരെ ഈ ഫോസിലുകളില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 180 ല്‍ അധികം ഫോസിലുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.
ഇക്കൂട്ടത്തിലെ ഒരു മത്സ്യത്തിന്‍റെ ഫോസിലാണ് കാഴ്ചയിലെ കൗതുകത്തിന്‍റെ പേരില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പാസ്കിമോറസ് എന്ന വിളിക്കുന്ന പുരാതന മത്സ്യത്തിന്‍റെ ഫോസിലാണിത്. ഒരു ത്രിമാന ചിത്രം പോലെയാണ് ഈ മത്സ്യത്തിന്‍റെ ഫോസില്‍ കാണപ്പെടുന്നത്. ചുണ്ണാമ്പ് കല്ല് ശേഖരത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഫോസില്‍ ഈ കല്ലില്‍ നിന്ന് പുറത്തേക്ക് തലയിട്ട് നോക്കുന്ന വിധത്തിലാണുള്ളത്. ഇത് മാത്രമല്ല ഈ മത്സ്യത്തിന്‍റെ കൊമ്പും ചെതുമ്പലുകളും പല്ലുകളുമെല്ലാം വലിയ കേടുപാടുകള്‍ കൂടാതെ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നതും ഗവേഷകര്‍ക്ക് സന്തോഷം നല്‍കുന്നു.
മത്സ്യത്തിന്‍റെ അനിമേഷന്‍ ചിത്രം
ത്രിമാന രീതിയിലുള്ള ഇത്തരം ഒരു ഫോസില്‍ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകര്‍ പറയുന്നു. ബമിങ്ഹാം സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനായ നെവിലെ ഹോളിങ്‌വര്‍ത്, ഭാര്യ സാലി എന്നിവരാണ് ഈ ഫാമിലെ ഫോസിലുകളുടെ ശേഖരം കണ്ടെത്തിയത്. ഇവര്‍ക്ക് തന്നെയാണ് ഈ ത്രിമാന രൂപത്തിലുള്ള മത്സ്യത്തിന്‍റെ ഫോസിൽ ലഭിച്ചതും. ഇത്തരം ഒരു ഫോസില്‍ താന്‍ കണ്ടിട്ടില്ലെന്നും ഒരു മത്സ്യത്തിന്‍റെ കണ്ണും നട്ടെല്ലും തൊലിയും വരെ വലിയ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും നെവിലെ പറയുന്നു.
ലഭിച്ച ത്രിമാന രൂപത്തിലുള്ള ഫോസിലിനെ മാതൃകയാക്കി ഇപ്പോള്‍ ഇതേ മത്സ്യത്തിന്‍റെ ഒരു ത്രിമാന അനിമേഷന്‍ രൂപം തയാറാക്കാനാകുമോയെന്നാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. ഇതിനായി തിങ്ക് സീ 3ഡി എന്ന കമ്പനിയേയും ഗവേഷകര്‍ സമീപിച്ചിട്ടുണ്ട്. ഇന്‍ററാക്ടീവ് ആയ അല്ലെങ്കില്‍ മനുഷ്യചലനങ്ങളോട് പ്രതികരിക്കുന്ന ഒരു ത്രിമാന അനിമേഷന്‍ രൂപമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിലൂടെ മത്സ്യത്തെക്കുറിച്ചും അതിന്‍റെ ചലനങ്ങളെക്കുറിച്ചും വിശദമായ പഠനം സാധ്യമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
സമുദ്രത്തിന് അടിയിലായിരുന്ന യുകെ
ബ്രിട്ടനിലെ ഈ ഫാമിന്‍റെ കാലിത്തൊഴുത്തിന്‍റെ പിന്നിലായാണ് ഗവേഷകര്‍ ഈ ഫോസിലുകള്‍ കണ്ടെത്തിയത്. തൊഴുത്ത് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കുഴിച്ചപ്പോഴാണ് അപരിചിതമായ ചില ജീവികളുടെ അവശിഷ്ടങ്ങള്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ഫാമിന്‍റെ ഉടമ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഗവേഷക സംഘം ഇവിടെയെത്തി ഖനനം ആരംഭിക്കുകയുമായിരുന്നു.
ഈ മത്സ്യങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ യുകെ പൂര്‍ണമായും സമുദ്രത്തിനടിയിലായിരുന്നു. ഈ കാലഘട്ടത്തിലെ ജീവികളുടെ അവശിഷ്ടങ്ങള്‍ പിന്നീട് അടിത്തട്ടിലെത്തി ചുണ്ണാമ്പ് കല്ലുകള്‍ക്കുള്ളില്‍ അകപ്പെട്ട് സംരക്ഷിക്കപ്പെടുകയായിരുന്നു. അധികം ആഴമില്ലാത്ത സമുദ്രമേഖലയായിരുന്നു ഇത്. അതുകൊണ്ട് തന്നെയാണ് സമുദ്രജലം പിന്‍വാങ്ങിയപ്പോള്‍ ഈ ചുണ്ണാമ്പുകല്ല് ശേഖരം വേഗത്തില്‍ കട്ടിയുള്ളതായതും ഇതിലൂടെ ഫോസിലുകള്‍ സംരക്ഷിക്കപ്പെട്ടതും.
English Summary: Amazing Prehistoric Fish Fossil Looks Like It's 'Leaping Out of The Rock'