ചീറ്റകൾ ഇന്ത്യയിലേക്കു വരുന്നു, 70 വർഷങ്ങൾക്കു ശേഷം; പുലികളും ചെന്നായകളും ഭീഷണിയാകുമോ?

Cheetahs all set to return to India this August after 70 years!
Image Credit: GUDKOV ANDREY /Shutterstock
SHARE

സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ മാർജാര കുടുംബത്തിലെ ഏറ്റവും വലിയ വേഗക്കാരായ ചീറ്റപ്പുലികളില്ല. എന്നാൽ ഈ ഓഗസ്റ്റ് മുതൽ അതായിരിക്കില്ല സ്ഥിതി. ചീറ്റപ്പുലികളുടെ ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കൽ ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഇതു പ്രകാരം 16 വരെ ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുമെന്നാണു വിവരം. ഇതിൽ ആദ്യ സംഘം ഈ ഓഗസ്റ്റിൽ തന്നെയെത്തും. ചീറ്റകളുടെ പ്രധാന അധിവാസകേന്ദ്രങ്ങളായ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്. ലോകത്തുള്ള മൊത്തം ചീറ്റകളിൽ പകുതിയും ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്സ്വാനയിലുമാണ് താമസിക്കുന്നത്.

1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ജീവികളായ ചീറ്റകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും. വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്ന ചീറ്റകളിൽ വെറും 7000 എണ്ണം മാത്രമാണ് ഇന്ന് ലോകത്തുള്ളത്. 2020ൽ ഈ പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ആദ്യമായി എത്തുന്ന ചീറ്റസംഘത്തിനെ മധ്യപ്രദേശിലെ കുനോ–പാൽപുർ ദേശീയോദ്യാനത്തിലാകും പാർപ്പിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമുള്ളതാണ് കുനോ–പാൽപുർ ദേശീയോദ്യാനം.

ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാറ്റിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ.  ഏഷ്യാറ്റിക് ചീറ്റകൾ അറേബ്യൻ ഉപദ്വീപ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ളിടങ്ങളിൽ പണ്ട് കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിൽ മാത്രമാണ് ഇവയുള്ളത്. അവിടെയും 12 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.

Cheetahs all set to return to India this August after 70 years!
Image Credit: Vaganundo_Che /Shutterstock

മുൻപ് തന്നെ ഇന്ത്യയിൽ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങളുണ്ടായിരുന്നു. എഴുപതുകളിൽ ഇറാനിൽ നിന്ന് കുറച്ചു ചീറ്റയെ ഇന്ത്യയിലെത്തിക്കാൻ ഊർജിത ശ്രമം നടന്നു. അന്ന് ഇറാനിൽ 300 ചീറ്റകളുണ്ടായിരുന്നു. എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു നിഷ്കാസിതരായതോടെ ഈ പദ്ധതി മുടങ്ങി. 

ചീറ്റകളെ മയക്കിക്കിടത്തിയാകും ആഫ്രിക്കയിൽ നിന്നു യാത്രയാക്കുക. ജൊഹാനസ്ബർഗിൽ നിന്നു നീണ്ട വിമാനയാത്രയ്ക്കു ശേഷം ഇന്ത്യയിലെത്തുന്ന ഇവയെ റോഡ് മാർഗമോ,ഹെലികോപ്റ്റർ ഉപയോഗിച്ചോ കുനോ–പാൽപുർ ദേശീയോദ്യാനത്തിലെത്തിക്കും. യാത്രയിലുടനീളം മൃഗാരോഗ്യ വിദഗ്ധന്റെ സാമീപ്യമുണ്ടാകും. കേന്ദ്രസർക്കാർ, നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, മധ്യപ്രദേശ് എന്നിവർ പങ്കാളികളായ പ്രോജക്ടിനു വേണ്ടി നമീബിയയുമായി നേരത്തെ എംഒയു ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ചീറ്റപ്പുലികളുടെ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ആവാസപരിപാലനം, പരിസ്ഥിതി വികസനം എന്നിവയ്ക്കായി 5 വർഷത്തേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപയിലേറെ സംഭാവന നൽകും.  എന്നാൽ കുനോ– പാലൻപുർ ദേശീയോദ്യാനത്തിൽ ചീറ്റകൾക്ക് ഭീഷണികളുമുണ്ടായേക്കാമെന്ന് വിദഗ്ധർ പറയുന്നു. പുലികളാകും പ്രധാനഭീഷണി. ചീറ്റകളുടെ കുഞ്ഞുങ്ങളെ പുലികൾ കൊന്നൊടുക്കാറുണ്ട്. ചെന്നായകൾ, കഴുതപ്പുലികൾ തുടങ്ങിയവയും ചീറ്റകളോടു മത്സരിക്കാനിടയുണ്ട്.

English Summary: Cheetahs all set to return to India this August after 70 years!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}