ADVERTISEMENT

ജപ്പാനിലെ യമാഗൂച്ചി നഗരം സമീപകാലത്ത് വാർത്തകളിൽ നിറയുന്നുണ്ട്. ഈ നഗരത്തിലുള്ള ജനങ്ങളെ ഒരു സംഘം കുരങ്ങുകൾ ആക്രമണങ്ങൾ കൊണ്ട് വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അൻപതിലധികം ആക്രമണങ്ങൾ ഈ കുപ്രസിദ്ധ കുരങ്ങുസംഘം നഗരത്തിൽ നടത്തിക്കഴിഞ്ഞു. ഇതിനെ നേരിടാനായി നഗരത്തിലെ ആളുകൾ തന്നെ ആയുധങ്ങളും മറ്റും കൈയിൽ വച്ചുകൊണ്ട് നടക്കുകയാണെന്ന് വാർത്തകളിലുണ്ടായിരുന്നു. ഈ കുപ്രസിദ്ധ കുരങ്ങുസംഘത്തിലെ ഒരു അംഗത്തെയാണ് ഇപ്പോൾ ജപ്പാനിൽ പ്രത്യേകമായി നിയമിക്കപ്പെട്ട വേട്ടക്കാർ കൊന്നിരിക്കുന്നത്.

ജാപ്പനീസ് മക്കാക്ക് എന്ന വിഭാഗത്തിൽപെട്ട കുരങ്ങൻമാരാണ് നഗരത്തിൽ ആക്രമണം നടത്തുന്നത്. നഗരവാസികളുടെ മേലേക്ക് ചാടിവീണ് മാന്തുകയും കടിക്കുകയും ചെയ്തായിരുന്നു ഇവയുടെ ആക്രമണ പരമ്പരയുടെ തുടക്കം. ആദ്യമാദ്യം തെരുവുകളിൽ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഇവ ഇപ്പോൾ വീടുകളിലേക്കും അപ്പാർട്ടുമെന്റുകളിലേക്കുമൊക്കെ കടന്ന് ആക്രമണങ്ങൾ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. വാതിലുകളും ജനാലകളുമൊക്കെ തുറക്കാനും മുറികൾക്കുള്ളിലേക്കു കടന്നുകയറാനുമൊക്കെ ഇവ പഠിച്ചുകഴിഞ്ഞത്രേ.

കുട്ടികളെയും ഈ കുരങ്ങുകൾ ആക്രമിക്കുന്നുണ്ട്. അടുത്തിടെ യമാഗൂച്ചി നഗരത്തിലെ ഒരു നഴ്‌സറി സ്‌കൂളിൽ കടന്നുകയറിയ ഒരു കുരങ്ങ് നാലുവയസ്സുള്ള ഒരു ബാലികയെ ആക്രമിക്കാൻ ശ്രമിച്ചു. മൂർച്ചയുള്ള അഗ്രമുള്ള കുടകളും പ്രത്യേകം തയാർ ചെയ്ത കുന്തം പോലുള്ള ആയുധങ്ങളും ഈ കുരങ്ങുഗ്യാങ്ങിനെ നേരിടാനായി ആളുകൾ കൊണ്ടുനടക്കുന്നുണ്ട്. നഗരത്തിലെ ചില സ്‌കൂളുകൾ കൊച്ചുകുട്ടികൾ പ്ലേഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അധികാരികൾ കൊന്ന കുരങ്ങൻ മുൻപ് നഗരത്തിൽ നടന്ന ആക്രമണങ്ങളിലൊന്നിൽ പങ്കെടുത്തിട്ടുള്ള നാലുവയസ്സുള്ള ജീവിയാണ്. പതിറ്റാണ്ടുകളായി യമാഗൂച്ചിയിൽ മനുഷ്യരും മക്കാക്കുകളും തമ്മിൽ പ്രശ്‌നവും പ്രതിസന്ധികളുമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നഗരത്തിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും കുരങ്ങുശല്യം രൂക്ഷമാണ്. ഗ്രാമമേഖലയിലെ വിളകളും മറ്റും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്. ജാപ്പനീസ് മക്കാക്കുകളുടെ അംഗസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരുകാലത്ത് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ജീവികളാണ് മക്കാക്കുകൾ. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജപ്പാനിൽ സംഭവിച്ച വ്യാപകമായ വനനാശം ഈ കുരങ്ങുകളെ നന്നായി ബാധിച്ചു. രണ്ടാം ലോകയുദ്ധത്തിലെ അച്ചുതണ്ടു ശക്തികളിലൊന്നായ ജപ്പാനിൽ ആക്രമണങ്ങൾ നടന്നത് മൂലം പലമേഖലകളിലും മക്കാകുകൾ പൂർണമായി ഒടുങ്ങി. വ്യാപകവേട്ടയും ഇവയ്ക്ക് ഭീഷണിയുയർത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം മക്കാക്കുകളെ വേട്ടയാടുന്നത് ജപ്പാൻ നിരോധിച്ചു. തുടർന്ന് ഇവയുടെ എണ്ണം കൃത്യമായി വർധിച്ചു വന്നു. ഇവയെ വേട്ടയാടുന്ന മൗണ്ടൻ ഹോക്ക് എന്ന പരുന്ത്, ജാപ്പനീസ് വൂൾഫ് എന്ന ചെന്നായ എന്നീ ജീവികൾ അക്കാലമായപ്പോഴേക്കും നാമാവശേഷമായതും മക്കാക്കുകൾക്ക് ഗുണമായി. 

 

English Summary: Macaques in Yamaguchi Form Aggressive Monkey Gang Responsible for Over 50 Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com