ADVERTISEMENT

വളര്‍ത്തു നായ്ക്കളോട് ഒട്ടുമിക്ക ഉടമകള്‍ക്കും വൈകാരിക അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ അവയെ തിരിച്ചറിയുകയെന്നത് അവര്‍ക്ക് അത്ര വിഷമമുള്ള കാര്യമല്ല. നേരെ തിരിച്ച് നായ്ക്കള്‍ക്കാകട്ടെ തങ്ങളുടെ ഉടമകളെ ഏതൊരു ആള്‍ക്കൂട്ടത്തിലും എത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും തിരിച്ചറിയാന്‍ കഴിയാറുണ്ട്. എന്നാല്‍ കാനഡയിലെ ന്യൂ ഫൗണ്ട് ലാന്‍ഡ് മേഖലയിലെ ഒരു സ്ത്രീക്ക് സംഭവിച്ചത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന അബദ്ധമാണ്. ഇതിന് കാരണമായതാകട്ടെ നായ്ക്കള്‍ക്കായി നടത്തുന്ന ഒരു ബ്യൂട്ടിപാര്‍ലറും.

 

ബ്യൂട്ടി പാര്‍ലറില്‍  നായയുടെ രോമം വെട്ടാന്‍ കൊണ്ടുപോയതായിരുന്നു ഉടമ. എന്നാൽ തിരികെയെത്തിയപ്പോള്‍ മുതല്‍ നായ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട ഈ പെണ്‍നായ പേര് വിളിച്ചാല്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല പഴയ പോലെ അടുപ്പവും കാണിക്കാതായി. പലപ്പോഴും ഉടമയെ നോക്കി കുരയ്ക്കുക വരെ ചെയ്യുന്നു എന്നിങ്ങനെയായിരുന്നു ഉടമയായ സ്ത്രീയുടെ പരാതി. നാല് മാസത്തിന് ശേഷമാണ് തന്‍റെ കൂടെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തിരികെയെത്തിയത് സ്വന്തം നായ അല്ലായിരുന്നുവെന്ന് ഇവർ തിരിച്ചറിഞ്ഞത്.

 

കാഴ്ചയല്‍ നേരിയ വ്യത്യാസം പോലും ഇല്ലാത്തതിനാലാണ് താന്‍ നായയെ തിരിച്ചറിയാന്‍ വൈകിയതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നായയുടെ പെരുമാറ്റത്തിലുള്ള മാറ്റമാണ് സംശയം വർധിപ്പിച്ചതും ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവുണ്ടാക്കിയതും. എമ്മാ എന്നു പേരുള്ള നായ്ക്കുട്ടിയെയാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. ഉടമയുടെ അച്ഛനുമായി എമ്മയ്ക്ക് വലിയ അത്മബന്ധം ഉണ്ടായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോള്‍ മുതല്‍ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛനെ കാണാത്തതാകാം വിചിത്രമായ പെരുമാറ്റത്തിന് കാരണമെന്നാണ് ഉടമ ആദ്യം കരുതിയത്. എന്നാല്‍ താന്‍ എത്തിയ വീട്ടില്‍ തന്‍റെ ഉടമയേയോ മറ്റ് പരിചയമുള്ള ഒരാളെ പോലും കാണാത്തതാണ് നായയുടെ പെരുമാറ്റത്തെ ബാധിച്ചതെന്ന് പിന്നീടാണ് ഇവർ മനസ്സിലാക്കിയത്.

 

എന്നാല്‍ നാല് മാസം ഈ നായ്ക്കുട്ടിയെ പരിപാലിക്കുന്നതില്‍ ചെറിയ വീഴ്ച പോലും ഈ കുടുംബം വരുത്തിയില്ല. പതിവ് പോലെ ഭക്ഷണം കൊടുക്കുകയും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ പേര് വിളിക്കുമ്പോള്‍ പോലും നായ പ്രതികരിക്കാത്തത് കുടുംബാംഗങ്ങളെ വിഷമിപ്പിച്ചു. ഒടുവില്‍ നാല് മാസത്തിന് ശേഷം ഈ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തന്നെയാണ് കഴിവതും വേഗം നായയുമായി എത്തണമെന്ന അഭ്യർഥനയെത്തുന്നത്.

 

ഇതോടെയാണ് നായ മാറിപ്പോയിയെന്ന നിജസ്ഥിതി തിരിച്ചറിയുന്നത്. എമ്മ എന്നു കരുതി വീട്ടിൽ വളർത്തിയിരുന്നത് ബീര്‍ എന്നു വിളിക്കുന്ന മറ്റൊരു നായ്ക്കുട്ടിയെയായിരുന്നു. ഇവിടെ സംഭവിച്ചത് പോലെ തന്നെ യഥാർഥ എമ്മ താന്‍ എത്തിയ വീട്ടിലും ദുഖിതയായി ഉടമയെ കാണാതെ കഴിയുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാര്യം അറിയിച്ചതോടെ ഉടന്‍ തന്നെ അവിടെയെത്തി  എമ്മയെ ഇവര്‍ കൂടെക്കൂട്ടി. തന്നെ കണ്ടപ്പോഴുള്ള എമ്മയുടെ പ്രതികരണം കണ്ണീരണിയിക്കുന്നതായിരുന്നുവെന്നും ഇവര്‍ വിശദീകരിച്ചു. പിരിഞ്ഞതിന്‍റെ സങ്കടവും നിരാശയും മൂലം അവശയായ അവസ്ഥയിലായിരുന്നു എമ്മ എന്നും ഇവര്‍ പറഞ്ഞു.

 

ഏതായാലും സംഭവം ഇതോടെ ശുഭപര്യവസായിയായി. ബീര്‍ സ്വന്തം ഉടയുടെ പക്കലേക്കും എമ്മ സ്വന്തം വീട്ടിലേക്കകും തിരിച്ചെത്തി. കാഴ്ചയില്‍ നേരിയ തോതില്‍ പോലും വ്യത്യാസമില്ലാതിരുന്നതാണ് ഇങ്ങനെ മാറി പോയതിന് കാരണമായതെന്ന് ബ്യൂട്ടിപാര്‍ലര്‍ അധികൃതര്‍ വിശദീകരിച്ചു. ഒരേകുടുംബത്തില്‍ പിറന്ന ഇരട്ട സഹോദരിമാരെപ്പോലെയയിരുന്നു ഇരു നായ്ക്കളും. ഏതായാലും സംഭവിച്ച അബദ്ധത്തിന് പരിഹരമായി സമ്മാനങ്ങളുമായാണ് എമ്മയെ ഉടമകള്‍ക്കൊപ്പം ബ്യൂട്ടി പാര്‍ലറുകാര്‍ യാത്രയയച്ചത്.

 

English Summary: Woman Lived With The Wrong Dog For Four Months After Mix-Up At The Groomers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com