ADVERTISEMENT

പുള്ളിപ്പുലികൾ മരത്തിനു മുകളിൽ കയറുന്നത് പുതുമയുള്ള കാര്യമല്ല. കൂടുതൽ സമയവും മരത്തിനു മുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. വേട്ടയാടിയ ഇരയെ സ്വസ്ഥമായി ഭക്ഷിക്കാനും ഇവ മരങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ശത്രുക്കളിൽ നിന്ന് ഓടി രക്ഷപ്പെടാനും വലിയ മരങ്ങളിൽ കയറുകയാണ് പതിവ്. ഇങ്ങനെ ശത്രുവിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നാസിക്കിലെ ഒരു കരിമ്പിൻ പാടത്തിലാണ് പുലിയിറങ്ങിയത്. സംഗ്‌വി ഗ്രാമത്തിലെ സിന്നർ താലൂക്കിലാണ് സംഭവം നടന്നത്.

 

ഗ്രാമവാസികളാണ് കരിമ്പിൻ പാടത്തിനു നടുവിലെ മരത്തിനു മുകളിലേക്ക് കയറുന്ന പുള്ളിപ്പുലിയെ കണ്ടതും ദൃശ്യം പകർത്തിയതും. കുഞ്ഞുങ്ങളെ വളർത്താനും പതുങ്ങിയിരിക്കാനുമൊക്കെയായി കരിമ്പിൻ പാടങ്ങളിൽ പുള്ളിപ്പുലികൾ എത്തുന്നത് പതിവാണ്. ഇങ്ങനെയെത്തിയ പുലിയാണ് തെങ്ങിനു മുകളിലേക്ക് എന്തോ കണ്ട് ഭയന്ന് ഓടിക്കയറിയത്. അൽപ നേരത്തിനു ശേഷം ചുറ്റും പരതിയ പുള്ളിപ്പുലി മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങി. താഴെയെത്തിയതും പുള്ളിപ്പുലി ശരവേഗത്തിൽ മുകളിലേക്ക് വീണ്ടും കയറിയതും ഒന്നിച്ചായിരുന്നു. പിന്നാലെ മറ്റൊരു പുള്ളിപ്പുലി ആക്രമിക്കാനെത്തിയത് അപ്പോൾ മാത്രമാണ് ഗ്രാമവാസികളും കണ്ടത്. ഈ പുലിയെ ഭയന്നാകാം പുള്ളിപ്പുലി തെങ്ങിനു  മുകളിൽ കയറിയതെന്ന് അപ്പോൾ മാത്രമാണ് കാഴ്ചക്കാർക്ക് മനസ്സിലായത്. ഐഎഫ്എസ് ഉദ്യോഗസ്ഥരായ സുശാന്ത നന്ദയും പർവീൺ കസ്വാനും ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 77 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇപ്പോൾത്തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

 

English Summary: IFS official shares clip of a leopard climbing a coconut tree; ending packs a massive surprise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com