ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള ജിറാഫിന്റെ കുഞ്ഞ്; വളഞ്ഞത് കഴുതപ്പുലികളും സിംഹവും, ഒടുവിൽ?

Giraffe Tries To Protect Her Baby From Lions, Hyenas and Jackals
Grab image from video shared on Youtube by Latestsightings
SHARE

ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള കരുതൽ മനുഷ്യരിലായാലും മൃഗങ്ങളിലായാലും വ്യത്യസ്തമല്ല.  നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മൃഗങ്ങൾ സ്വന്തം ജീവൻവരെ പണയംവച്ച് ശ്രമിക്കുന്നതിന്റെ ധാരാളം വാർത്തകളും ദൃശ്യങ്ങളും മുൻപും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രസവശേഷം തന്നാലാവുംവിധം പരിശ്രമിച്ചിട്ടും കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സാധിക്കാതെ പോയ ഒരു അമ്മ ജിറാഫ് ഒടുവിൽ കുഞ്ഞിന്റെ ജഡത്തെ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഫ്രീലാൻസ് ഗൈഡായ സ്റ്റെഫ് ബോത്ത എന്ന വ്യക്തിയാണ് ആരുടെയും കണ്ണു നനയിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് പെൺജിറാഫ് കുഞ്ഞിന് ജന്മം നൽകിയതായി കണ്ടത്. അമ്മ ജിറാഫ് പരിഭ്രാന്തിയിൽ നടക്കുന്നതായി കണ്ട് നിരീക്ഷിച്ചപ്പോൾ ഒരു ദിവസം പോലും പ്രായമെത്താത്ത കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. സാധാരണയായി ജനിച്ച് അധികം വൈകും മുൻപുതന്നെ ജിറാഫ് കുഞ്ഞുങ്ങൾ എഴുന്നേറ്റു നടക്കാറുണ്ട്. എന്നാലിവിടെ കുഞ്ഞു ജിറാഫിന് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. 

ജനിച്ചുവീണ സമയത്ത് പുറം ഭാഗത്തോ കാലുകൾക്കോ ക്ഷതമേറ്റതുമൂലമാവാം  കുഞ്ഞിന് എഴുന്നേൽക്കാൻ സാധിക്കാഞ്ഞതെന്നാണ് സ്റ്റെഫിന്റെ നിഗമനം. തന്നാലാവുംവിധം അമ്മ ജിറാഫ് കുഞ്ഞിനെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും തല ഉയർത്തിയ പാടെ കുഞ്ഞ് വീണ്ടും വീണുപോവുകയായിരുന്നു. ഇതിനിടെ ഒരു കഴുകൻ കുഞ്ഞു ജിറാഫിന്റെ അരികിലേക്കെത്തി. എന്നാൽ അമ്മ കഴുകനെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. പിന്നാലെ എത്തിയ കുറുനരികളെയും അമ്മ ജിറാഫ് വിരട്ടിയോടിച്ചു.

പിറ്റേന്ന് അതേ സ്ഥലത്ത് കൂടി സഞ്ചരിക്കുമ്പോഴാണ് കുഞ്ഞ് ചത്തതായി സ്റ്റെഫും സംഘവും കണ്ടെത്തിയത്. തലേരാത്രി തന്നെ കുഞ്ഞ് ചത്തെങ്കിലും അവിടെ നിന്നും മാറാൻ കൂട്ടാക്കാതെ തുടരുകയായിരുന്നു അമ്മ ജിറാഫ്. തന്റെ കുഞ്ഞിന് ജീവൻ നഷ്ടമായി എന്ന് മനസ്സിലായിട്ടും ജഡം മറ്റു ജീവികൾ ഭക്ഷണമാക്കാതിരിക്കാൻ അമ്മ ജിറാഫ് കാവൽ നിൽക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് അവർ കണ്ടത്.  പതിനഞ്ചു മാസമാണ് ജിറാഫുകളുടെ ഗർഭകാലം. അതിനുശേഷം ഏറെ കഷ്ടതയനുഭവിച്ചു ജന്മം നൽകിയ കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടിട്ടും 

കാവൽ നിൽക്കുന്ന  അമ്മ ജിറാഫ് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു എന്ന് സ്റ്റെഫ് പറയുന്നു.

കഴുതപ്പുലികളും കുറുനരികളും സിംഹങ്ങളും കഴുകന്മാരുമടക്കം നിരവധി ജീവജാലങ്ങളാണ് ജിറാഫിന്റെ ജഡം ഭക്ഷണമാക്കാൻ തക്കംപാർത്ത് അടുത്തുകൂടിയത്. ഒരു ഭാഗത്ത് കൂടി കഴുതപ്പുലികളെ വിരട്ടിയോടിക്കുമ്പോൾ മറുഭാഗത്തുകൂടി കുറുനരികൾ എത്തി കുഞ്ഞു ജിറാഫിന്റെ ശരീരം കടിച്ചു വലിക്കുകയായിരുന്നു. ഇടയ്ക്കുവച്ച് ഒരു പെൺ സിംഹമെത്തിയെങ്കിലും അമ്മ ജിറാഫ് സധൈര്യം അതിനെയും തുരത്തി. ഇതിനിടയിലുള്ള സമയമെല്ലാം തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാനാവുമോ എന്ന തോന്നലിൽ അതിന്റെ ശരീരം നക്കി തുടയ്ക്കുകയും ചെയ്തു. അഞ്ചു മണിക്കൂറിലധികം സമയമാണ് അമ്മ ജിറാഫ്  ഇത്തരത്തിൽ വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ കുഞ്ഞിനെ കാത്തത്.

എന്നാൽ ഒടുവിൽ ഒരു ആൺ സിംഹവും സ്ഥലത്തെത്തി. തുടക്കത്തിൽ കുഞ്ഞിന്റെ ജഡത്തിനു സമീപം തന്നെ നിന്ന് സിംഹത്തെ തുരത്താനായിരുന്നു അമ്മ ജിറാഫിന്റെ ശ്രമം. എന്നാൽ ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന ആൺസിംഹത്തിനു മുന്നിൽ ജിറാഫ് ഭയന്ന് പിന്തിരിഞ്ഞു. ഇനിയും കാത്തുനിന്നാൽ തന്റെ ജീവൻകൂടി അപകടത്തിലാകും എന്ന് മനസ്സിലാക്കി അവിടെനിന്ന് മാറി പോവുകയും ചെയ്തു. ഈ തക്കം നോക്കി ആൺസിംഹം കുഞ്ഞു ജിറാഫിന്റെ ജഡവും വലിച്ചെടുത്ത് കുറ്റിക്കാട്ടിലേക്ക് മറയുന്നതിന്റെ ചിത്രങ്ങളും സ്റ്റെഫ് പകർത്തിയിട്ടുണ്ട്.

English Summary: Giraffe Tries To Protect Her Baby From Lions, Hyenas and Jackals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA