ADVERTISEMENT

സ്രാവുകളെന്നു കേൾക്കുന്നതേ പൊതുവെ മനുഷ്യർക്ക് ഭയമാണ്. അപ്പോൾ ഇതേ സ്രാവുകള്‍ തന്നെ കൂടുതല്‍ പൈശാചിക രൂപത്തോടെ കടലില്‍ പ്രത്യക്ഷപ്പെട്ടാലോ?. ഏതാണ്ട് സമാനമായ കാര്യമാണ് ഇപ്പോൾ ഓസ്ട്രേലിയയുടെ തീരത്ത് സംഭവിച്ചിരിക്കുന്നത്. ആരെയും ഒറ്റനോട്ടത്തില്‍ ഭയപ്പെടുത്തുന്ന ഉന്തിയ ഉരുണ്ട കണ്ണുകളും കല്ലില്‍ കൊത്തിവച്ചതു പോലുള്ള രൂപവും മനുഷ്യര്‍ ചിരിക്കുന്നതിന് സമാനമായ രീതിയില്‍ തള്ളി നില്‍ക്കുന്ന പല്ലുകളുമായാണ് ഈ സ്രാവ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഈ സ്രാവ് ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടില്ല.

 

ആഴക്കടലില്‍ മാത്രം കണ്ട് വരുന്നവയാകാം ഈ സ്രാവെന്ന് കരുതുന്നു. സ്രാവിന്‍റെ നിറവും കണ്ണുകളുടെ വലുപ്പവും ഘടനയുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. ശരീരമാകെ കറുത്ത നിറത്തോടെ കാണപ്പെടുന്ന ഈ സ്രാവ് കോണ്‍ജറിങ് സിനിമ പരമ്പരയിലെ നണ്‍ എന്ന പ്രേത കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ്. ഏതായാലും ഏത് വര്‍ഗത്തിൽ പെട്ടതാണ് ഈ സ്രാവെന്നറിയാന്‍ ഗവേഷകര്‍ പഠനം ആരംഭിച്ചു കഴിഞ്ഞു. ട്രാപ്മാന്‍ ബെര്‍മാഗ്വി എന്നറിയപ്പെടുന്ന ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വ്യക്തിയാണ് ഈ സ്രാവിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഓസ്ട്രേലിയിലെ ന്യൂ സൗത്ത് വെയ്ല്‍സ് തീരത്ത് ഏതാണ്ട് 650 മീറ്റര്‍ ആഴത്തില്‍ വച്ചാണ്  ഈ സ്രാവ് പിടിയിലായത്. ഈ സ്രാവിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ സ്രാവിന്‍റെ രൂപം അദ്ഭുതപ്പെടുത്തുന്നതായും ഭയപ്പെടുത്തുന്നതായുമൊക്കെ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി.

 

സ്രാവിന്‍റെ ജനുസ്സിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം

ഇതുവരെ ഈ സ്രാവ് ഏത് വര്‍ഗത്തില്‍ പെട്ടതാണെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സ്രാവിന്‍റെ ശാരീരിക ഘടന കണക്കാക്കി ഈ ജീവി കുക്കീകട്ടര്‍ എന്ന സ്രാവുകളുടെ വിഭാഗത്തില്‍ പെടുന്നവയാണെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. ലാന്‍റേണ്‍ സ്രാവുകള്‍, ഗോബ്ലിന്‍ സ്രാവുകള്‍ തുടങ്ങിയവയുടെ വര്‍ഗത്തില്‍ പെട്ടതാകാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ആക്രമിക്കുന്ന ജീവികളുടെ ശരീരത്തില്‍ വിചിത്രമായ രീതിയിലുള്ള കടിയുടെ അടയാളങ്ങള്‍ ശേഷിപ്പിക്കുന്നതിനാലാണ് കുക്കീ കട്ടര്‍ സ്രാവുകള്‍ക്ക് ആ പേര് ലഭിച്ചത്. ഓസ്ട്രേലിയയില്‍ കണ്ടെത്തിയ സ്രാവിന്‍റെ പല്ലുകളുടെ ഘടന കുക്കീ കട്ടർ സ്രാവുകളോട് ഏറെ സമാനതയുള്ളതാണ്. 

 

അതേസമയം ഈ നിഗമനങ്ങളെല്ലാം ട്രാപ്മാന്‍ തള്ളിക്കളയുന്നു. ട്രാപ്മാന്‍റെ അഭിപ്രായത്തില്‍ ഈ സ്രാവ് എന്‍ഡവര്‍ ഡോഗ്ഫിഷ് ഇനത്തില്‍ പെട്ടതാണ്. കുക്കീ കട്ടര്‍ സ്രാവുകളുടെ ശരീരഘടന പോലെയല്ലെ തന്‍റെ കൈയിൽ കുടുങ്ങിയ സ്രാവിന്‍റേതെന്നും ട്രാപ്മാന്‍ അഭിപ്രായപ്പെടുന്നു. മറിച്ച് ഈ സ്രാവിന്‍റെ തൊലി വളരെ കാഠിന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് സാമ്യം എന്‍ഡവര്‍ ഡോഗ് ഫിഷിനോടാണ്. ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ചതുകൊണ്ടാകാം ഈ സ്രാവിന്‍റെ കണ്ണിനും വായയ്ക്കും രൂപവ്യത്യാസമുള്ളതെന്നും ട്രാപ്മാന്‍ പറയുന്നു.

 

ആഴക്കടലില്‍ ശരാശരി 1000 മീറ്റര്‍ആഴത്തില്‍ കാണപ്പെടുന്ന ജീവികളാണ് എന്‍ഡവര്‍ ഡോഗ് ഫിഷുകള്‍. ഗള്‍പര്‍ സ്രാവുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ എന്‍ഡവര്‍ ഡോഗ് ഫിഷുകള്‍ ലോകത്തെ എല്ലാ സമുദ്രങ്ങളിലും കണ്ടുവരാറുണ്ടെന്ന് ഷാര്‍ക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. എന്നാല്‍ ട്രാപ്മാന്‍റെ വലയില്‍ കുടുങ്ങിയ ജീവിയുമയി കാഴ്ചയില്‍ ഒരു സാമ്യവും എന്‍ഡവര്‍ ഡോഗ് ഫിഷുകള്‍ക്കില്ല. അതുകൊണ്ട് തന്നെയാണ് വിശദമായ പഠനം നടത്താതെ ഈ സ്രാവ് ഏത് വിഭാഗത്തില്‍ പെട്ടതാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്നതും.

 

പുതിയ സ്രാവ് ജനുസ്സിനുള്ള സാധ്യത

സ്രാവിന്‍റെ ജനുസ്സിനെ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. കലിഫോര്‍ണിയയിലെ സ്റ്റേറ്റ് സര്‍വകലാശാല ഷാര്‍ക്ക് ലാബിന്‍റെ ഡയറക്ടറായ ക്രിസ്റ്റഫര്‍ ലോബിന്‍റെ അഭിപ്രായത്തില്‍ ഈ ജീവി ഡീപ് വാട്ടര്‍ കൈറ്റ് ഫിന്‍ ഷാര്‍ക്ക് എന്ന ഇനത്തില്‍ പെട്ടവയാണ്. ഫൊട്ടോ മാത്രം കണ്ടാണ് താന്‍ഈ അഭിപ്രായെ പങ്കുവയ്ക്കുന്നതെന്നും അന്തിമ തീരുമാനമെടുക്കാന്‍ സ്രാവിന്‍റെ സ്പെസിമെന്‍ പരിശോധിക്കാതെ കഴിയില്ലെന്നും ക്രിസ്റ്റഫര്‍ പറയുന്നു. അതോടൊപ്പം തന്നെ നിലവിലുള്ള ഒരു ജീവിയും ആയിരിക്കില്ല ഈ സ്രാവെന്നും മനുഷ്യന്‍ ഇതുവരെ കണ്ടെത്താത്ത ഒരു സ്രാവ് വര്‍ഗമായാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും ക്രിസ്റ്റഫര്‍ വിശദീകരിക്കുന്നു.

 

English Summary: No One Is Quite Sure Which Species This Creepy 'Nightmare' Shark Belongs to

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com