ADVERTISEMENT

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വാർത്തകളാണ് സാധാരണയായി മാധ്യമങ്ങളിൽ എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. അവയിൽ ഏറ്റവും പ്രധാനം മൃഗങ്ങൾ മനുഷ്യവാസ മേഖലയിൽ അതിക്രമങ്ങൾ സൃഷ്ടിക്കുന്നതിന്റെയും മൃഗങ്ങളെ മനുഷർ ഉപദ്രവിക്കുന്നതിന്റെയും വാർത്തകളാണ്.  എന്നാൽ അപൂർവമായെങ്കിലും മൃഗങ്ങളും മനുഷ്യരും തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്നതിന്റെ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അത്തരം ഒരു വിഡിയോയാണ് നേപ്പാളിൽ നിന്നും പുറത്തു വരുന്നത്. ഏറെ ജനസഞ്ചാരമുള്ള ഒരു പട്ടണത്തിൽ കൂടി യാതൊരു ഭയവുമില്ലാതെ നടന്നു നീങ്ങുന്ന ഒരു കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണിത്.

ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദയാണ്  വ്യത്യസ്തമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജനങ്ങൾ തിരക്കിട്ട് നീങ്ങുന്ന നഗരത്തിലെ വഴിയിലൂടെ വളരെ സാവധാനത്തിൽ വമ്പൻ ഒരു കാണ്ടാമൃഗം നടന്നു നീങ്ങുന്നത് വിഡിയോയിൽ കാണാം. ഏറെ കൗതുകകരമായ കാര്യം അതൊന്നുമല്ല. മനുഷ്യർ ശരീരത്തിൽ തൊട്ടു തലോടിയിട്ടും പ്രകോപിതനാവാതെ സൗമ്യഭാവത്തിലാണ് കാണ്ടാമൃഗത്തിന്റെ നടത്തം. കണ്ടുനിന്നവർ അടുത്ത് ചെന്ന് ദൃശ്യവും പകർത്തുന്നുണ്ട്. സമീപത്തുകൂടി വാഹനങ്ങൾ കടന്നുപോയിട്ടും ആക്രമിക്കാൻ കാണ്ടാമൃഗം മുതിർന്നിരുന്നില്ല  ഇത് നേപ്പാളിലെ ചിത്വാൻ ദേശീയോദ്യാനത്തിന് സമീപമുള്ള ഒരു മാർക്കറ്റാണെന്നാണ് പ്രതികരണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. സാധാരണഗതിയിൽ പശുക്കളാണ് ഇത്തരത്തിൽ ഭയമേതുമില്ലാതെ നഗരങ്ങളിൽ കൂടി സ്വതന്ത്ര വിഹാരം നടത്തുന്നത്. ആ സ്ഥാനത്ത് ഒരു കാണ്ടാമൃഗത്തിനെ കണ്ടതിന്റെ കൗതുകമാണ് പലരും കമന്റുകളിൽ കുറിക്കുന്നത്.

ഈ മേഖലയിൽ രാത്രികാലങ്ങളിൽ രണ്ട് കണ്ടാമൃഗങ്ങൾ പതിവായി ഇറങ്ങാറുണ്ടെന്ന് മറ്റൊരാൾ കുറിക്കുന്നു. എന്നാൽ ജനവാസ മേഖലയിലേയ്ക്ക് മൃഗങ്ങൾ ഇറങ്ങുന്നതിന്റെ കാരണം എന്താവും എന്ന സംശയമാണ് മറ്റൊരാൾ പങ്കുവയ്ക്കുന്നത്. അതേസമയം കാണ്ടാമൃഗത്തിന്റെ കൊമ്പ് മുറിച്ചു കളഞ്ഞ നിലയിലായതിനാൽ അത് ഉപദ്രവകാരിയല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജനങ്ങൾ ഇത്ര ധൈര്യത്തോടെ അടുക്കുന്നത് എന്നും പ്രതികരണങ്ങളുണ്ട്. നടത്തം കണ്ടിട്ട് കാണ്ടാമൃഗം ഈ പ്രദേശത്തിന്റെ മേയറാണെന്നും പതിവായി ജനങ്ങളെ കാണാൻ ഇറങ്ങുന്നതാണെന്നും തോന്നിപ്പോകുന്നു എന്നാണ് രസകരമായ മറ്റൊരു കമന്റ്. സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

 

English Summary: Rhinoceros walks on Nepal road unmindful of people touching it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com