ADVERTISEMENT

വരണ്ട ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകൾ. സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാം മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ ഇവ കാണപ്പെടാറുള്ളൂ. പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഹണി ബാഡ്ജറുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം. സാധാരണയായി ഹണി ബാഡ്ജുകളെ വന്യജീവികളൊന്നും തന്നെ ആഹാരമാക്കാറില്ല. ഇവരുടെ ശരീരത്തിലെ കട്ടിയേറിയ ചർമവും ശത്രുക്കൾക്കെതിരെ പ്രയോഗിക്കുന്ന അതിരൂക്ഷമായ ഗന്ധമുള്ള സ്രവവുമാണ് ഇവയിൽ നിന്ന് മറ്റ് ഇരപിടിയൻമാരായ ജീവികളെ അകറ്റുന്നത്. ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷപ്പെടാൻ ഇവയ്ക്ക് കഴിയാറുണ്ട്.

 

27കാരനായ മാത്യു ലെയ് ആണ് ഈ അപൂർവ ദൃശ്യം പകർത്തിയത്. സ്വിറ്റ്സർലൻഡിൽ നിന്ന് സുഹൃത്തിനൊപ്പം ക്രൂഗർ ദേശീയ പാർക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മാത്യു. ബിയാമിതിക്കു സമീപം സഫാരിക്കിറങ്ങിയപ്പോഴാണ് ഇവർ ഈ അപൂർവ കാഴ്ച കണ്ടതും ക്യാമറയിൽ പകർത്തിയതും. ഇവരെത്തുമ്പോൾ പുള്ളിപ്പുലിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഹണി ബാഡ്ജറിനെയാണ് കണ്ടത്. രൂക്ഷമായ പ്രത്യാക്രമണം നടത്തിയിട്ടും ഹണി ബാഡ്ജറുടെ ശരീരത്തിലുള്ള പിടിവിടാൻ പുള്ളിപ്പുലി തയാറായില്ല. ഹണി ബാഡ്ജർ ശത്രുവിനെതിരെ പ്രയോഗിച്ച സ്രവത്തിന്റെ രൂക്ഷമായ ഗന്ധവും രക്തത്തിന്റെ ഗന്ധവും അവിടെമാകെ നിറഞ്ഞുനിന്നതായി മാത്യു വിശദീകരിച്ചു. ഒടുവിൽ പുള്ളിപ്പുലി ഹണി ബാഡ്ജറെ തൂക്കിയെടുത്ത് സമീപത്തുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. അപ്പോളും ഹണിബാഡ്ജർ ജീവനുവേണ്ടി പിടയുന്നുണ്ടായിരുന്നു. പിന്നീട് അതിന്റെ ശബ്ദം നേർത്തു നേർത്തു വന്നതായും ഇവർ പറഞ്ഞു.  ഹണി ബാഡ്ജറെ ആക്രമിച്ച പുള്ളിപ്പുലിയുടെ ചെവിയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.മറ്റ് ജീവികളുമായി ഏറ്റുമുട്ടിയപ്പോഴോ ഹണി ബാഡ്ജറുമായി ഏറ്റുമുട്ടിയപ്പോഴോ ഉണ്ടായതാകാം ഈ മുറിവെന്നാണ് നിഗമനം. 

 

English Summary: Honey Badger Tries Escaping Leopard’s Grip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com