ADVERTISEMENT

ചില ദേശത്തിന്‍റെയും അവിടുത്തെ മനുഷ്യരുടെയും ജീവിതം പൂര്‍ണമാകാന്‍ ആ ദേശവുമായി ബന്ധപ്പെട്ട ചില ജീവികളുടെ സാന്നിധ്യം കൂടി ആവശ്യമാണ്. ഇത്തരം ഒരു സാന്നിധ്യമാണ് യുറോക് ഗോത്രത്തെ സംബന്ധിച്ച് കലിഫോര്‍ണിയ കോണ്ടോര്‍ കഴുകന്‍മാർ. പേരില്‍ കലിഫോര്‍ണിയ ഉണ്ടെങ്കിലും യഥാർഥത്തില്‍ ഈ കഴുകന്‍മാരുടെ സ്വദേശം വടക്കു പടിഞ്ഞാറന്‍ അമേരിക്കയാണ്. ഇപ്പോള്‍ റെഡ്‌വുഡ് ദേശീയ പാര്‍ക്കിന്‍റെ ഭാഗമായ ഈ പ്രദേശത്ത് അമേരിക്കന്‍ തദ്ദേശീയ ഗോത്രങ്ങളില്‍ ഒന്നായ യുറോക് ഗോത്രത്തിന്‍റെ വേരുകളുള്ളതും.

 

 The California Condor
Image Credit: James Michael Images/ Shutterstock

മരിച്ച പോയ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കളാണ് കഴുകന്‍മാരായി തിരികെയെത്തുന്നത് എന്നായിരുന്നു യുറോക് ഗോത്രത്തിന്‍റെ പുരാതന തലമുറയുടെ വിശ്വാസം. എന്നാല്‍ അധിനിവേശത്തിന്‍റെ നാളുകളില്‍ അമേരിക്കയിലെ മറ്റ് ഗോത്രവര്‍ഗങ്ങളെ പോലെ യുറോക് ഗോത്രവര്‍ഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു. ഈ ഗോത്രത്തോടൊപ്പം അവരുടെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയു ഭാഗമായി സംരക്ഷിക്കപ്പെട്ട് പോന്ന വലിയൊരു പാരിസ്ഥിതിക ജൈവവ്യവസ്ഥയുടെ അസ്ഥിത്വവും പിഴുതെറിയപ്പെട്ടു.

 

വിശ്വാസങ്ങളുടെ ബാധ്യതകള്‍ ഇല്ലാതിരുന്ന അധിനിവേശജനത അതുവരെ സംരക്ഷിക്കപ്പെട്ട പാരിസ്ഥിതിക സന്തുലനം തകര്‍ത്തു. ജീവികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. പല ജീവജാലങ്ങളും എന്നന്നേക്കുമായി അന്യം നിന്നുപോയി. ഇത്തരത്തില്‍ വേരറ്റു പോയ ജീവികളില്‍ ഒന്നായിരുന്നു കോണ്ടോര്‍ കഴുകന്‍മാരും. ഇന്ന് ഈ ജീവിവര്‍ഗത്തെയും തിരികെ കൊണ്ടുവരുന്നതിന്‍റെ അവസാനഘട്ടത്തിലേക്കാണ് ഗവേഷകര്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ പൂര്‍വികരുടെ അത്മാക്കാള്‍ ഒരിക്കല്‍ കൂടി റെഡ്‌വുഡിന്‍റെ ആകാശത്ത് പറക്കുന്നത് കാണാമെന്നു പ്രതീക്ഷിക്കുന്നതായി യുറോക് ഗോത്രാംഗവും കഴുകന്‍മാരെ തിരികെ എത്തിക്കാന്‍ ശ്രമം നടത്തുന്ന സംഘത്തിലെ അംഗവുമായ ടിയാന വില്യംസ് ക്ലോസണ്‍ പറയുന്നു.

 The California Condor
Image Credit: Georgi Baird/ Shutterstock

 

കലിഫോര്‍ണിയ കോണ്ടോര്‍

വടക്കേ അമേരിക്കന്‍ മേഖലയിലെ തദ്ദേശീയ പക്ഷിവര്‍ഗങ്ങളിലെ ഏറ്റവും വലുപ്പം കൂടിയ വര്‍ഗമാണ് കലിഫോര്‍ണിയന്‍ കോണ്ടോറുകള്‍. ചിറക് വിരിച്ചാല്‍ 10 അടിവരെ നീളം വരുന്ന ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിവര്‍ഗങ്ങളില്‍ ഒന്നാണ്. ഒരു കാലത്ത് വടക്കേ അമേരിക്കയില്‍ ധാരാളമായി ഉണ്ടായിരുന്നു എങ്കില്‍ 1970 ഓടെ ഇവ പൂര്‍ണമായും വടക്കന്‍ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായി. വേട്ടയും, ജൈവ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളുമെല്ലാം ക്രമേണ ഈ പക്ഷികളുടെ വംശം അറ്റുപോകുന്ന സ്ഥിതിയിലേക്കെത്തിക്കുകയായിരുന്നു. 

 

അമേരിക്കയിലാകെ 22 കോണ്ടോര്‍ കഴുകന്‍മാരാണ് 1980 കളുടെ തുടക്കത്തില്‍ ശേഷിച്ചത്. കോണ്ടോര്‍‍ കഴുകന്‍മാരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകരാണ് ആദ്യം ഇവയുടെ സംരക്ഷണത്തിന് മുന്‍കൈയെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പരിസ്ഥിതി സംഘടനകളും മുന്നോട്ടു വന്നു. ശേഷിക്കുന്ന കഴുകന്‍മാരെ പിടികൂടി കൃത്രിമ സാഹചര്യം ഒരുക്കി സംരക്ഷിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഇവയുടെ പ്രത്യുൽപാദനം ഉറപ്പാക്കുകയും പുതിയ തലമുറയെ സുരക്ഷിതമായ പ്രദേശങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയും ചെയ്തു.

 

കലിഫോര്‍ണിയ ഉള്‍പ്പടെയുള്ള തെക്കന്‍ മേഖലകളിലാണ് 1990 കളുടെ തുടക്കത്തില്‍ ഇവയെ സ്വതന്ത്രമാക്കിയത്. ഇന്ന് മധ്യഅമേരിക്കന്‍ മേഖലയില്‍ ഏതാണ്ട് മൂന്നൂറിലധികം കോണ്ടോര്‍ കഴുകന്‍മാരുണ്ട്. അടുത്തിടെ ഉണ്ടായ കാട്ടുതീയില്‍ 18 കോണ്ടോര്‍ കഴുകന്‍മാര്‍ കൊല്ലപ്പെട്ടു എങ്കിലും ഇപ്പോഴും വനമേഖലയില്‍ ഇവ സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്ടോര്‍ കഴുകന്‍മാരെ അവയുടെ ജന്മദേശത്തേക്കു തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതും.

 

ഈ പദ്ധതി അനുസരിച്ച് അടുത്ത 20 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 6 കഴുകന്‍മാരെ വീതം റെഡ്‌വുഡ് മേഖലയില്‍ സ്വതന്ത്രമാക്കാനാണ് തീരുമാനം. 10 നും -15 നും ഇടയില്‍ പ്രായമുള്ള സ്വയം ഇര തേടാന്‍ ശേഷിയുള്ള കഴുകന്‍മാരെയാകും മേഖലയില്‍ എത്തിക്കുക. 60 വയസ്സ് വരെയാണ് കോണ്ടോര്‍ കഴുകന്‍മാരുടെ ശരാശരി ആയുസ്സ്. 

 

English Summary: The California Condor Has A Lead Problem, And Here’s How We Fix It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com