ADVERTISEMENT

മരം മുറിച്ചപ്പോൾ വീണുകിട്ടിയ കാക്കക്കുഞ്ഞ് നാടിന്റെ കേശുവായി മാറിയ കഥയാണ് കൊല്ലത്തു നിന്ന് പുറത്തുവരുന്നത്. കൊല്ലം അഞ്ചൽ കൈപ്പള്ളിയിൽ പഴയ സൊസൈറ്റി ജംക് ഷനിലാണ് കേശു എന്ന കാക്കയും കുറെ നല്ല മനുഷ്യരും ഉള്ളത്. ഇവിടെ കട നടത്തുന്ന വിനോദിന്റെ പരിചരണത്തിലാണ് പത്തുമാസമായി കേശു കാക്ക. കൈപ്പള്ളിയിലെ കേശുവിന് ഇപ്പോൾ പാലും ബിസ്ക്കറ്റും വേണമെന്നില്ല. സെവൻഅപ്പും പെപ്സിയുമൊക്കെയാണ് ഏറെയിഷ്ടം. നാട്ടുകാരുടെ പ്രിയപ്പെട്ട കേശുവിനെ കിട്ടിയത് 10 മാസം മുൻപ് തീരെ കുഞ്ഞായിരുന്നപ്പോഴാണ്.

 

കടയുടെ എതിർവശത്തുള്ള തെങ്ങു മുറിച്ചപ്പോൾ അതിനൊപ്പം താഴെവീണതാണ് കാക്കക്കുഞ്ഞ്. കാക്കക്കൂട്ടിൽ മൂന്ന് കാക്ക കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം താഴെ വീണപ്പോൾ തന്നെ ചത്തിരുന്നു. ഒന്നിന് നേരിയ ശ്വാസം മാത്രമാണുണ്ടായിരുന്നത്. അതിനെ അവിടെ ഉപേക്ഷിക്കാൻ വിനോദിന് മനസ്സു വന്നില്ല. സമീപ പ്രദേശത്ത് നിറയെ കാക്കകളുണ്ടായിരുന്നിട്ടും വിനോദ് കാക്കക്കുഞ്ഞിനെ എടുത്തുകൊണ്ടു പോന്നപ്പോൾ അവയൊന്നും ബഹളം കൂട്ടിയില്ല. അന്നുമുതൽ കടലിൽ വച്ചിരിക്കുന്ന പെട്ടിക്കുള്ളിലാണ് കേശുവിന്റെ ജീവിതം. തീരെ ചെറുതായിരുന്നപ്പോൾ പാലും ബിസ്ക്കറ്റുമാണ് നൽകിയിരുന്നത്. പത്തുമാസം കഴിഞ്ഞപ്പോൾ മാത്രമാണ് ഇങ്ങനെയൊരാൾ കടയിൽ വളരുന്നുണ്ടെന്ന കാര്യം എല്ലാവരും അറിയുന്നത് തന്നെ.

 

ഇപ്പോൾ കേശു സമീപത്തുള്ള കടയിലുള്ളവരുടെയും പ്രദേശവാസികളുടെയും കണ്ണിലുണ്ണിയാണ്. രാത്രിയിൽ വിനോദ് കടയടയ്ക്കുമ്പോൾ തന്നെ കേശു കടയ്ക്കുള്ളിലുള്ള പെട്ടിക്കുള്ളിൽ കയറിയിരുന്നു കഴിയും. പിറ്റേന്ന് രാവിലെ 6 മണിക്കു തന്നെ മുറിക്കുള്ളിലെ കിളിവാതിലൂടെ കക്ഷി പുറത്തിറങ്ങൂ. ലക്ഷ്യം സമീപത്തുള്ള പലചരക്കുകടയാണ്. അവിടെ അച്ചായനരികിലേക്ക് പറക്കുന്ന കേശു അവിടെ നിന്ന് ഭക്ഷണം കഴിച്ച് പിന്നെ പോകുന്നത് സമീപത്തുള്ള ഹോട്ടലിലേക്കാണ്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് ഇവിടേക്ക് മടങ്ങിയെത്തും. പിന്നീട് മീൻകാരനെത്തുമ്പോൾ മീനും മുട്ടക്കാരനെത്തുമ്പോൾ മുട്ടയും കേശുവിനു കിട്ടും. ഇടയ്ക്ക് ചിക്കൻ കടയിൽ നിന്ന് ചിക്കൻ കഷണങ്ങളും കേശുവിന് കൊടുക്കും . മൊത്തത്തിൽ രാജകീയമായിട്ടാണ് കേശുവിന്റെ ഇവിടുത്തെ ജീവിതം. 

 

English Summary:  Unusual Friendships Between Humans And crow 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com