ADVERTISEMENT

ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കാൻ പണം സ്വരുക്കൂട്ടിവച്ചും  കടമെടുത്തുമെല്ലാം ലക്ഷങ്ങൾ ചിലവാക്കാൻ തയ്യാറാവുന്നവരുണ്ട്. ഇഷ്ടപ്പെട്ട വീടും വസ്ത്രങ്ങളും വാഹനങ്ങളുമൊക്കെ എത്ര വില കൊടുത്തും ഇവർ സ്വന്തമാക്കും. എന്നാൽ വെറുമൊരു ചെമ്മരിയാടിനായി കണ്ണഞ്ചിപ്പിക്കുന്ന തുക ചെലവാക്കിയാലോ. സംഗതി കെട്ടുകഥയല്ല. കേവലം ഒരു ചെമ്മരിയാടിനെ സ്വന്തമാക്കുന്നതിനായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള നാലുപേർ ചേർന്ന് രണ്ട് കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള ചെമ്മരിയാട് എന്ന റെക്കോർഡും ഈ ചെമ്മരിയാട് സ്വന്തമാക്കി കഴിഞ്ഞു.

 

ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ഇനത്തിൽപ്പെട്ട ചെമ്മരിയാടിനെയാണ് നാലുപേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. ചെമ്മരിയാട് വളരെ മികച്ചതാണെന്ന് തോന്നിയതിനാലാണ് ഇത്രയും തുക ചെലവിട്ട്  അതിനെ വാങ്ങാൻ തീരുമാനിച്ചത് എന്ന് പുതിയ ഉടമസ്ഥരിൽ ഒരാളായ  സ്റ്റീവ് പെട്രിക് പറയുന്നു. ചെമ്മരിയാടിന്റെ ഉടമസ്ഥാവകാശം നാലുപേർക്കും തുല്യമായിട്ടായിരിക്കും. നാലുപേരും ചെമ്മരിയാടുകളെ വളർത്തുന്ന ഫാം നടത്തുകയാണ്. പെട്ടെന്ന് വളരുന്ന ഇനമാണ് ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ്.  അതേസമയം തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് മുൻ ഉടമയായ ഗ്രഹാം ഗില്‍മോറിന്റെ പ്രതികരണം.

 

ഓസ്ട്രേലിയയിൽ കമ്പിളിക്കും ചെമ്മരിയാടിന്റെ ഇറച്ചിക്കും എത്രത്തോളം ഡിമാൻഡുണ്ട് എന്നതാണ് ഈ വില്പന എടുത്തു കാണിക്കുന്നത്. ചെമ്മരിയാടുകളുടെ രോമം മുറിച്ചെടുക്കുന്ന ആളുകളുടെ എണ്ണം ഓസ്ട്രേലിയയിൽ ഇപ്പോൾ നന്നേ കുറവാണ്. ഇതുമൂലം ചെമ്മരിയാടിന്റെ ഇറച്ചിയുടെ വിലയും കുതിച്ചുയരുന്നുണ്ട്. രോമം നീക്കം ചെയ്യാനുള്ള പ്രക്രിയ അല്പം കടുപ്പമേറിയതായതിനാൽ താരതമ്യേന രോമം കുറഞ്ഞ ഓസ്ട്രേലിയൻ വൈറ്റ് ഷീപ്പ് ഇനത്തിൽപ്പെട്ട ചെമ്മരിയാടുകളെയാണ് ഇപ്പോൾ കൂടുതൽ ആളുകളും വളർത്തുന്നത്. ഈ കാരണം കൊണ്ട് തന്നെയാവും തന്റെ ചെമ്മരിയാടിന് ഇത്രയധികം വില കിട്ടിയതെന്നും ഗ്രഹാം പറയുന്നു.

 

ചെമ്മരിയാടുകളുടെ വിൽപനയ്ക്കായി സെൻട്രൽ ന്യൂ സൗത്ത് വെയ്ൽസ് സെയിൽ എന്നൊരു പരിപാടി തന്നെ സംഘടിപ്പിക്കപ്പെടാറുണ്ട്. വിൽപ്പന മേളയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ഇനത്തിൽപ്പെട്ട ചെമ്മരിയാടുകൾക്കാണ്. കഴിഞ്ഞവർഷം 1.35 കോടി രൂപയ്ക്ക് മറ്റൊരു ചെമ്മരിയാടിന്റെ വില്പന നടന്നിരുന്നു.

 

English Summary: In A New Record, World's Most Expensive Sheep Sold For Rs 2 Crore In Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com