ADVERTISEMENT

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പാമ്പുകൾ കയറുന്നത് അത്ര അപൂർവമല്ല. എത്ര ശ്രദ്ധിച്ചാലും ഇവ കാറിന്റെയും സ്കൂട്ടറിന്റെയുമൊക്കെ ഉള്ളിൽ കയറാനുള്ള വഴി കണ്ടെത്തുകയും ചെയ്യും. യാത്ര ചെയ്യുന്നതിന് മുൻപായി ഇവയെ കണ്ടെത്താനായില്ലെങ്കിൽ ഒരുപക്ഷേ വലിയ അപകടം തന്നെ  ഉണ്ടായെന്നും വരാം. ഇത്തരമൊരു അപകടത്തിൽ നിന്ന് പാമ്പുകടിയേൽക്കാതെ തലതാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ വനിത.

വീട്ടിൽ നിന്നും പുറത്തിറങ്ങി കാറിൽ കയറി യാത്ര പുറപ്പെടാൻ തുടങ്ങുകയായിരുന്നു ഷെല്ലി ബ്രിഡ്ജ് എന്ന യുവതി. കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് വിരലിനു തൊട്ടടുത്തായി ഒരു പാമ്പ് ഇഴഞ്ഞു നീങ്ങിന്നത് ഷെല്ലി കാണുന്നത്. ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു പോയി. എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. ഷെല്ലിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്കിറങ്ങിവന്നു. ഉടൻതന്നെ കാറിൽ നിന്നും പുറത്തിറങ്ങിയ ഷെല്ലി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. അപ്പോഴേക്കും ആളനക്കം മനസ്സിലാക്കിയ പാമ്പ് കാറിന്റെ ഡാഷ്ബോർഡിനുള്ളിലേക്ക് ഇഴഞ്ഞു നീങ്ങിയിരുന്നു. ഉഗ്രവിഷമുള്ള റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാസാണ് ഷെല്ലിയുടെ കാറിനുള്ളിൽ കയറിയത്. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന പാമ്പുകളാണിവ.

ഓസ്ട്രേലിയയുടെ കിഴക്കൻ തീരമേഖലയിലാണ് റെഡ് ബെല്ലീഡ് ബ്ലാക്ക് ഇനത്തിൽപ്പെട്ട പാമ്പുകളെ കൂടുതലായി കണ്ടെത്തുന്നതെന്നും ഇവയ്ക്ക് ഇടത്തരം വലുപ്പം മാത്രമാണുള്ളതെന്നും ഓസ്ട്രേലിയൻ മ്യൂസിയം വ്യക്തമാക്കി. വിഷമുള്ള ഇനമാണെങ്കിലും ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണ്. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞാൽ അനങ്ങാതെ കിടക്കുന്ന ഇവ പ്രതിരോധം എന്ന നിലയിൽ മാത്രമേ ശക്തമായി കടിക്കാറുള്ളൂ. 

എന്തായാലും പാമ്പിനെ കണ്ട ഉടൻതന്നെ ഷെല്ലി ഒരു പാമ്പുപിടുത്ത വിദഗ്ധനെ വിവരം അറിയിച്ചു. പാമ്പ് പടം പൊഴിക്കുന്ന സമയമാണ് കാറിൽ കയറിയതെന്നാണ് നിഗമനം. എന്നാൽ ഷെല്ലിയെ നടുക്കിയത് മറ്റൊരു വിവരമാണ്. ഏതാണ്ട് രണ്ടാഴ്ചയായി പാമ്പ് ഇതേ കാറിനുള്ളിൽ തന്നെ പതുങ്ങി കഴിയുകയായിരുന്നുവെന്നാണ് പാമ്പുപിടുത്ത വിദഗ്ധൻ അറിയിച്ചത്. ഡാഷ്ബോർഡിന്റെ ഇടയിൽ മറഞ്ഞിരുന്ന പാമ്പിനെ പിടികൂടി വനമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു.

English Summary: Woman Shares Terrifying Encounter With Venomous Snake in Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com