ADVERTISEMENT

അപകടം പറ്റിയാൽ എത്രയും വേഗം ആശുപത്രിയിലെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മറ്റാരും സഹായത്തിനില്ലെങ്കിലും ഏതു വിധേനയും ചികിത്സ തേടുക തന്നെ വേണം. എന്നാൽ മനുഷ്യനെ പോലെതന്നെ ഇക്കാര്യം അറിയാവുന്ന മൃഗങ്ങളും ഉണ്ടെന്ന് വേണം കരുതാൻ. കാരണം കിഴക്കൻ ടർക്കിയിലെ ഒരു ആശുപത്രിയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ചികിത്സ തേടിയെത്തിയത് ഒരു പൂച്ചയാണ്. പാദത്തിൽ ഒടിവ് സംഭവിച്ച പൂച്ച തനിയെ ആശുപത്രിയിൽ എത്തുന്നതിന്റെയും ചികിത്സ തേടുന്നതിന്റെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ബിറ്റ്ലിസ് ജില്ലയിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. കറുപ്പും വെളുപ്പും നിറമുള്ള പൂച്ച പിൻകാലുകളിൽ ഒന്ന് തറയിൽ കുത്താനാവാത്ത നിലയിൽ ആശുപത്രി വരാന്തയിൽ ചുറ്റിത്തിരയുന്നത് വിഡിയോയിൽ കാണാം. തുടക്കത്തിൽ ആശുപത്രിയിലെ ജീവനക്കാരോ അവിടെയെത്തിയ രോഗികളോ ഒന്നും പൂച്ചയെ ശ്രദ്ധിച്ചില്ല. എന്നാൽ തനിക്ക് സഹായം വേണമെന്ന മട്ടിൽ ആശുപത്രിയിലുടനീളം നടക്കുകയായിരുന്ന പൂച്ച. ഒടുവിൽ അത്യാഹിത വിഭാഗത്തിന്റെ വാതിലിലൂടെ തന്നെ അകത്തു കയറുകയും ചെയ്തു.

ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചപ്പോഴാണ് പൂച്ചയുടെ കാലിന് സാരമായ എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. ഏറെ വേദനയോടെ തങ്ങൾക്കരികിലെത്തിയ പൂച്ചയെ സഹായിക്കാനുള്ള മനസ്സും അവർ കാണിച്ചു. അബുസർ ഒസ്‌ഡെമിർ എന്ന് നേഴ്സാണ് പൂച്ചയെ പരിചരിച്ചത്. ചികിത്സിക്കുന്ന സമയത്ത് ആശുപത്രി മുറിയിലെ കസേരയിൽ അനുസരണയോടെ കിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളും അധികൃതർ പുറത്തു വിട്ടിട്ടുണ്ട്. പൂച്ചയുടെ പിൻകാൽ ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് അബുസർ പറയുന്നു. കാല് വളയാതിരിക്കാനായി ബാൻഡേജ് ചുറ്റി അല്പനേരം നിരീക്ഷിച്ച ശേഷമാണ് പൂച്ചയെ ഇവർ വിട്ടയച്ചത്.

തനിക്ക് വഴി അറിയാമെന്ന മട്ടിൽ വന്ന ദിക്കിലേക്ക് തന്നെ പൂച്ച ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ അവിടംകൊണ്ടും തീർന്നില്ല. സ്വന്തം കാര്യത്തിൽ ഉത്തരവാദിത്തമുള്ള മറ്റേതൊരു രോഗിയെയും പോലെ ഏതാനും ദിവസങ്ങൾക്കകം കാലിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി പൂച്ച വീണ്ടും ആശുപത്രിയിലെത്തിയിരുന്നു. എന്തായാലും തങ്ങൾക്കരികിലെത്തിയ അസാധാരണ രോഗിയോട് അങ്ങേയറ്റം സ്നേഹം തോന്നിയതായി ജീവനക്കാർ പറയുന്നു. ദാവ്സോ എന്നാണ് ഇവർ പൂച്ചയ്ക്ക് പേര് നൽകിയിരിക്കുന്നത്. മുൻപ് ആശുപത്രിയിൽ ദത്തെടുത്തു വളർത്തിയിരുന്ന പൂച്ചയുടെ പേരാണിത്. അതേസമയം പൂച്ചയ്ക്ക് എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. 

 

English Summary:  Stray Cat With Broken Paw Visits Hospital On Its Own In Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com