ADVERTISEMENT

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ജീവികളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഹിപ്പപ്പൊട്ടാമസുകൾ അങ്ങേയറ്റം അപകടകാരികളുണ്. കാഴ്ചയിലും പെരുമാറ്റത്തിലും ശാന്തശീലരാണെന്നു തോന്നിയാലും അവയോട് അടുക്കുമ്പോൾ വളരെ സൂക്ഷിച്ചില്ലെങ്കിൽ ഏതു നിമിഷവും ആക്രമിച്ചെന്നുവരാം. ഇപ്പോഴിതാ ഡെൽഹിയിലെ മൃഗശാലയിൽ സുരക്ഷാവേലി ചാടിക്കടന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഹിപ്പൊപ്പൊട്ടാമസിനെ സ്വന്തം ജീവൻ  പണയംവച്ച് തിരിച്ചിറക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.  

ഏതാനും മാസങ്ങൾക്കു മുൻപ് ഡൽഹി മൃഗശാലയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. സുരക്ഷാവേലി ചാടിക്കടന്ന് പുറത്തേക്കിറങ്ങാനായി ഇരുകാലുകളും മതിലിനു മുകളിൽ വച്ച് നിൽക്കുകയായിരുന്നു ഹിപ്പോ. ഈ കാഴ്ച കണ്ട് മൃഗശാലയിലെത്തിയ സന്ദർശകർ ഭയന്നു. അൽപം അകലെയായി സന്ദർശകർ കൂടി നിൽക്കുന്നതും വിഡിയോയിൽ കാണാം. ഒരു ചുവടു കൂടി മുന്നോട്ടുവച്ചാൽ ഹിപ്പോയ്ക്ക് പുറത്തിറങ്ങാനാകുമെന്ന് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ ഉടൻ തന്നെ അതിനെ തിരിച്ചിറക്കാൻ ഇടപെടുകയായിരുന്നു.

ഹിപ്പോയുടെ മുഖത്തും ശരീരത്തിലും കൈപ്പത്തികൊണ്ട് അടിച്ചാണ് അതിനെ പിന്തിരിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഹിപ്പൊയുടെ തൊട്ടടുത്ത് നിന്ന് അതിനെ അടിക്കുന്നത് അപകടകരമാണെങ്കിലും സന്ദർശകരെ രക്ഷിക്കാൻ മറ്റു മാർഗമുണ്ടായിരുന്നില്ല. തുടക്കത്തിൽ ഹിപ്പോ പിന്തിരിയാൻ തയാറായില്ലെന്നു മാത്രമല്ല സുരക്ഷാ ജീവനക്കാരന് നേരെ വായ പിളർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.  ഇതുകണ്ട ഉദ്യോഗസ്ഥൻ അൽപം പിന്നോട്ട് മാറിയെങ്കിലും വീണ്ടും ഹിപ്പൊയുടെ സമീപമെത്തി അതിനെ സുരക്ഷാവേലിക്കുള്ളിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചു.

ഒടുവിൽ പുറത്തിറങ്ങാൻ മാർഗമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നപോലെ ഹിപ്പൊ വെള്ളത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു 45 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. സുരക്ഷാ ജീവനക്കാരന്റെ ധൈര്യത്തെ പലരും പ്രശംസിക്കുന്നുണ്ടെങ്കിലും ഹിപ്പൊയെ അടിച്ചത് ശരിയായില്ലെന്ന തരത്തിലാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്. ഏതു സാഹചര്യത്തിലും മൃഗങ്ങളെ തല്ലുന്നത് തെറ്റാണെന്നും അവയെ തടവിൽ പാർപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം സുരക്ഷാ ജീവനക്കാരൻ അടിച്ചതു ഹിപ്പോ അറിഞ്ഞിട്ടേയില്ലെന്നും സ്വയം തീരുമാനിച്ചതുകൊണ്ട് മാത്രമാണ് അത് പിന്തിരിഞ്ഞതെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം.

English Summary: This hippo got out of zoo enclosure. Watch how the security guard put it back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com