സൂചി പോലെയുള്ള മുള്ളുകൾ നിറഞ്ഞ ശരീരം; തീരത്തടിഞ്ഞത് അന്യഗ്രഹ ജീവിയോ?

Man Discovers Fluorescent Green 'Alien' While Walking On Beach. Here's What It Was
Image Credit: Twitter/ texasgulfcoast
SHARE

സാങ്കേതികവിദ്യകൾ എത്രയൊക്കെ പുരോഗമിച്ചിട്ടും സമുദ്രത്തിൽ ഒളിഞ്ഞിരിക്കുന്ന അനന്തമായ വിസ്മയങ്ങളിൽ കാൽഭാഗം പോലും ഇനിയും മനുഷ്യന് കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയിട്ടുള്ളവയിൽ തന്നെ സാധാരണക്കാർക്ക് കേട്ടുകേൾവി പോലുമില്ലാത്ത ആയിരക്കണക്കിന് ജീവജാലങ്ങളുമുണ്ട്. അത് തെളിയിക്കുന്ന ചില ചിത്രങ്ങളാണ് എഡിൻബർഗിലെ പോർട്ടോബല്ലോ ബീച്ചിൽ നിന്നും പുറത്തു വരുന്നത്. കടൽത്തീരത്ത് വന്നടിഞ്ഞ ഒരു അജ്ഞാത ജീവിയുടെ ചിത്രങ്ങളാണfത്.

കടൽത്തീരത്ത് സന്ദർശനത്തിന് എത്തിയ മൈക്ക് ആർനോട്ട് എന്ന 33 കാരനാണ് വിചിത്ര ജീവിയെ കണ്ടെത്തിയത്. സ്വർണ നിറവും ഫ്ലൂറസെൻറ് പച്ച നിറവും ഇടകലർന്ന നിലയിൽ സൂചി പോലെയുള്ള മുള്ളുകളോട് കൂടിയ വസ്തു കണ്ട് ആദ്യം അത് ഏതോ പ്രത്യേക ഇനത്തിൽപ്പെട്ട പായലാണെന്നാണ് മൈക്ക് കരുതിയത്.  എങ്കിലും അതിന്റെ നിറം കണ്ട് അടുത്തുപോയി നോക്കാൻ തന്നെ തീരുമാനിച്ചു. ജീവിക്ക് തൊട്ടരികയിലെത്തിയ മൈക്ക് അതിനെ തിരിച്ചിട്ടപ്പോഴാണ് ധാരാളം ചെറിയ കാലുകൾ കണ്ടെത്തിയത്.  അപ്പോൾ മാത്രമാണ് അത് ജീവനുള്ള ഒന്നായിരുന്നുവെന്ന് തനിക്ക് മനസ്സിലായതെന്ന് മൈക്ക് പറയുന്നു.

ഇത്തരത്തിലുള്ള ഒരു ജീവിയെക്കുറിച്ച് കേട്ടോ വായിച്ചോ പരിചയമില്ലാത്തതിനാൽ അതിന് എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നി. ഉടൻതന്നെ അതിന്റെ ചിത്രങ്ങളും പകർത്തി. ഏതോ അന്യഗ്രഹ ജീവിയോ അല്ലെങ്കിൽ കടലിന്റെ അടിത്തട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട അജ്ഞാത ജീവിയോ ആകാം ഇതെന്നായിരുന്നു മൈക്കിന്റെ നിഗമനം. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ അത് ചർച്ചയായി. എന്നാൽ മൈക്ക് കരുതിയത് പോലെ അത് ഒരു അന്യഗ്രഹജീവി ആയിരുന്നില്ല.

കടലിൽ ജീവിക്കുന്ന സീ മൗസ് എന്നറിയപ്പെടുന്ന ഒരിനം പുഴുവാണ് ഇതെന്ന് സ്കോട്ടിഷ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ഉദ്യോഗസ്ഥനായ പീറ്റ് ഹസ്കെൽ വ്യക്തമാക്കി. വെള്ളത്തിന് പുറത്ത് ഇവയെ കണ്ടെത്തുന്നത് അത്ര സാധാരണമല്ല. എങ്കിലും യുകെയിലെ തീരദേശ മേഖലകളിൽ സീ മൗസുകൾ ധാരാളമായുണ്ട്. തിളങ്ങുന്ന പച്ചനിറവും സ്വർണ നിറത്തിലുള്ള കുറ്റിരോമങ്ങളുമാണ് ഇവയെ വേറിട്ടു നിർത്തുന്നത്.  ഇരപിടിയന്മാരെ അകറ്റിനിർത്താൻ ചില സമയങ്ങളിൽ കുറ്റിരോമങ്ങൾ പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലേക്ക് മാറ്റാനുള്ള കഴിവും ഇവയ്ക്കുണ്ട്. 30 സെന്റീമീറ്റർ നീളത്തിൽ വരെ ഇവ വളരും.  ചെറു ഞണ്ടുകൾ പോലെയുള്ള ജീവജാലങ്ങളെ ഭക്ഷിച്ചാണ് ഇവ കഴിയുന്നത്. അഫ്രോഡിറ്റ അക്യുലീറ്റ എന്നാണ് ഈ ജീവിയുടെ ശാസ്ത്രീയ നാമം. മണലിനുള്ളിലേക്ക് തല പൂഴ്ത്തി  കിടക്കുന്നത് ഇവയുടെ സ്വഭാവ രീതിയാണ്. കടലിൽ 3000 മീറ്റർ ആഴത്തിൽ വരെ ഇവയെ കണ്ടെത്താറുണ്ട്.

English Summary: Man Discovers Fluorescent Green 'Alien' While Walking On Beach. Here's What It Was

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS