വീടു പൂട്ടാൻ മറന്നു, തിരികെയെത്തിയ വീട്ടുകാർ കണ്ടത് അപ്രതീക്ഷിത അതിഥിയെ!– വിഡിയോ

 ‘Fox in the house’: Family in UK shocked by unexpected visitor. Watch what happens next
Grab Image from video shared on Instagram by NowThis news
SHARE

വീട് തുറന്നിട്ട് പുറത്തു പോയാൽ കള്ളന്മാർ മാത്രമല്ല അപ്രതീക്ഷിതമായി ചില വിരുതന്മാരും വീടിനകത്ത് കയറി ആധിപത്യം സ്ഥാപിക്കും. അത്തരമൊരു അനുഭവമാണ് യുകെയിലുള്ള ഒരു കുടുംബത്തിന് കഴിഞ്ഞ ദിവസമുണ്ടായത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കി ഇവരുടെ വീടിനുള്ളിൽ കടന്നുകയറിയത് ഒരു കുറുക്കനാണ്.

തങ്ങളുടെ വളർത്തുനായയെയും കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു കുടുംബം. അബദ്ധവശാൽ ഇവർ വീടിന്റെ വാതിൽ കൃത്യമായി അടയ്ക്കാൻ മറന്നുപോയി. എന്നാൽ നടത്തം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ കുടുംബാംഗങ്ങൾ അക്ഷരാർഥത്തിൽ അമ്പരന്നു. ഏതോ വലിയ ആക്രമണം നടന്നതുപോലെ വീടിനകമാകെ അലങ്കോലമായി കിടക്കുന്ന കാഴ്ച. എന്താണ് സംഭവിച്ചതെന്ന് തിരക്കുന്നതിനിടെയാണ് അടുക്കളയിലെ കൗണ്ടർ ടോപ്പിന് മുകളിൽ സുഖമായുറങ്ങുന്ന കുറുക്കനെ ഇവർ കണ്ടത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. ഉടൻതന്നെ അതിന്റെ ദൃശ്യവും പകർത്തി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയതോ അവർ സംസാരിക്കുന്നതോ ഒന്നുമറിയാതെ കുറുക്കൻ സുഖമായുറങ്ങുന്നത് വിഡിയോയിൽ കാണാം. സാധാരണയായി മനുഷ്യരോട് ഇണങ്ങാത്ത മൃഗങ്ങൾ ആൾ പെരുമാറ്റം മനസ്സിലാക്കിയാൽ ഓടി മാറാൻ ശ്രമിക്കുകയാണ് പതിവ്. എന്നാൽ വീട്ടിലെ കോലാഹലങ്ങളൊന്നും വകവയ്ക്കാതെ വളർത്തു മൃഗത്തെപ്പോലെ കുറുക്കൻ പെരുമാറിയതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്.

ഇതൊന്നും പോരാഞ്ഞിട്ട് ഒരു കുടുംബാംഗം വളർത്തു നായയെ എന്നപോലെ കുറുക്കന്റെ അരികിൽ ചെന്ന് അതിന്റെ തലയിൽ തലോടുകയും ചെയ്തു. എന്നിട്ടും പോകാൻ കൂട്ടാക്കാത്ത കുറുക്കനെ എടുത്ത് വെളിയിൽ കളയാൻ വിഡിയോ പകർത്തിക്കൊണ്ടിരുന്ന ഗൃഹനാഥ ആവശ്യപ്പെടുന്നുമുണ്ട്. ഒടുവിൽ കുറുക്കനെ ലാളിച്ച വ്യക്തി തന്നെയാണ് അതിനെ കൈയിലെടുത്ത് പുറത്തുകൊണ്ടു വിട്ടത്. അവിടെനിന്ന് കുറുക്കൻ ഓടിയകലുന്നതും വിഡിയോയിൽ കാണാം.

സമൂഹ മാധ്യമങ്ങളിലെത്തിയ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്.  വീടിനുള്ളിൽ കുറുക്കൻ കയറിയത് അസാധാരണമാണെന്ന് കരുതുന്നുണ്ടെങ്കിലും ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയത് കുറുക്കൻ തന്നെയാണോയെന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. വീട് മുൻപും ഇതേ നിലയിൽ അലങ്കോലമായിരുന്നത ആവാമെന്നും അത് കണ്ട കുറുക്കൻ പുറത്ത് എവിടെയോ ആണ് താൻ എന്ന് കരുതി വീടിനുള്ളിൽ തന്നെ നിലയിറപ്പിച്ചതാകാമെന്നുമാണ് മറ്റൊരാളുടെ കമന്റ്. മനുഷ്യന്റെ സാന്നിധ്യമറിഞ്ഞിട്ടും ഇതേ രീതിയിൽ കിടക്കണമെങ്കിൽ കുറുക്കന് എന്തെങ്കിലും  അസുഖമുണ്ടായിരുന്നിരിക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട് . ഇത്തരത്തിൽ വന്യജീവികൾ തൊട്ടടുത്തുണ്ടെങ്കിൽ കുട്ടികളും വളർത്തുനായകളും അതിനരികിലേക്ക് എത്താതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചിലർ ഓർമിപ്പിക്കുന്നു.

English Summary: ‘Fox in the house’: Family in UK shocked by unexpected visitor. Watch what happens next

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS