ADVERTISEMENT

മഞ്ഞുമൂടിയ പർവതങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്ന ഹിമപ്പുലികളെ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മഞ്ഞിനോട് ചേർന്നു നിൽക്കുന്ന നിറം മൂലം അവ മനുഷ്യന്റെ കണ്ണിൽപ്പെട്ടെന്നും വരില്ല. അതിനാൽ തന്നെ ഇവയുടെ ചിത്രങ്ങൾ പകർത്തുകയെന്നത് അസുലഭ അവസരമാണ്. ഇത്തരത്തിൽ പകർത്തിയ ഒരു ഹിമപ്പുലിയുടെ മനംമയക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ തരംഗമാവുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ സുശാന്ത നന്ദയാണ് ഹിമപ്പുലിയുടെ ദൃശ്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

കാരക്കോറം പർവതനിരയിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കശ്മീരിൽ ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ അതിർത്തികളിലായി വ്യാപിച്ചുകിടക്കുന്ന മേഖലയാണ് കാരക്കോറം. മഞ്ഞു വീണുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഒരു മരത്തിന് സമീപത്തായി വിശ്രമിക്കുകയാണ് ഹിമപ്പുലി. ഉടലാകെ മഞ്ഞുമൂടിയ നിലയിലാണ് . ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യത്തിൽ പുലിയുടെ മുഖത്തെ ശൗര്യവും വ്യക്തമായി കാണാം. ഇടയ്ക്ക് പുലി ക്യാമറയിലേക്ക് നോക്കുന്നുമുണ്ട്.

 

ദൃശ്യത്തിൽ പുലിയുടെ മുരൾച്ചയും കേൾക്കാം. മഞ്ഞിൽ പുതഞ്ഞ് പശ്ചാത്തലവുമായി ഇഴുകിചേർന്ന്  പ്രൗഢിയോടെയുള്ള ഹിമപ്പുലിയുടെ ഇരിപ്പും ഗാംഭീര്യവും ദൃശ്യങ്ങൾ കാണുന്നവരുടെ മനം നിറയ്ക്കും. അരലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. പുലിയുടെ ഭംഗി കണ്ട് മതിമറന്നു പോകുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. അവിശ്വസനീയമായ കാഴ്ച എന്ന് പലരും ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നു. ഇതിലും മനോഹരമായി പ്രകൃതി ആസ്വദിക്കാനാവുമോ എന്നതാണ് മറ്റൊരാളുടെ ചോദ്യം.

 

കാഴ്ചയിൽ തന്നെ ഹിമപ്പുലി എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാനാകുന്നുണ്ടെങ്കിലും അതിന്റെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന തരത്തിലും കുറിപ്പുകളുണ്ട്. രാജകീയത എന്നാൽ ഇതാണെന്നും ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടി ഇതാണെന്നുമെല്ലാം ഹിമപ്പുലിയെ വിശേഷിപ്പിക്കുന്നവരും കുറവല്ല. മറ്റുചിലർ ദൃശ്യങ്ങൾ പകർത്തിയ ഫൊട്ടോഗ്രാഫറെ മനം നിറഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.

 

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മധ്യഏഷ്യയിലെ 12 രാജ്യങ്ങളിലുള്ള ദുർഘടം നിറഞ്ഞ പർവത മേഖലകളിലാണ് ഹിമപ്പുലികളെ കാണാനാവുന്നത്. ഏറ്റവും മോശമായ കാലാവസ്ഥയിൽ പോലും ഇര പിടിക്കാനുള്ള കഴിവ് ഹിമപ്പുലികൾക്കുണ്ട്. സ്വന്തം ശരീരത്തെക്കാൾ മൂന്നുമടങ്ങ് അധികം ഭാരമുള്ളവയെ പോലും നിഷ്പ്രയാസം ഇവ ആക്രമിച്ച് കീഴ്പ്പെടുത്തും. എന്നാൽ കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതുമെല്ലാം മൂലം ഇവയുടെ നിലനിൽപ് ഭീഷണിയിലാണ്.

 

English Summary: ‘Incredible footage’: Elusive snow leopard in Karakoram range caught on camera. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com