ADVERTISEMENT

എത്ര പരിചയസമ്പന്നരാണെങ്കിലും കടലിലേക്കിറങ്ങുമ്പോൾ അപ്രതീക്ഷിതമായത് എന്തും സംഭവിക്കാമെന്ന് മുൻകൂട്ടി കാണേണ്ടതുണ്ട്. സമുദ്ര ജീവികളുടെ പെരുമാറ്റം എങ്ങനെയാകുമെന്നത് നമ്മുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും. ഇത് തെളിയിക്കുന്ന ഒരു വിഡിയോയാണ് ന്യൂസീലൻഡിൽ നിന്ന് പുറത്തു വരുന്നത്.  മത്സ്യബബന്ധന ബോട്ടിലേക്ക് വമ്പൻ ഒരു സ്രാവ് ചാടിക്കയറുന്നതിന്റെ ദൃശ്യമാണിത്. മാക്കോ സ്രാവ് വിഭാഗത്തിൽപ്പെട്ട സ്രാവുകളിലൊന്നാണ് ബോട്ടിലേക്ക് ചാടിക്കയറിയത്.

 

വടക്കൻ ന്യൂസീലൻഡിലെ കടലിൽ വച്ചായിരുന്നു സംഭവം. റയാൻ ചർച്ചസ് അടക്കം ആറുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കിങ്ഫിഷ് ഇനത്തിൽപ്പെട്ട മീനുകളെ പിടിക്കാനായി ഇവർ ചൂണ്ടയിടുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ ഇവരുടെ ചൂണ്ടയിൽ കുടുങ്ങിയത് ഷോർട്ട് ഫിൻ മാക്കോ ഇനത്തിൽപ്പെട്ട സ്രാവാണ്.  ചൂണ്ടയിൽ കുടുങ്ങിയ ഉടൻതന്നെ സ്രാവ് വെള്ളത്തിനു മുകളിലേക്ക് ഉയർന്ന് ചാടാൻ തുടങ്ങി. ഇതുകണ്ട റയാൻ ബോട്ടിലെ മറ്റു യാത്രികരോട് ഏതെങ്കിലും വിധേന സ്രാവ് ബോട്ടിൽ കയറിയാൽ അതിനരികിൽ നിന്നും മാറണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

 

ഒരു മുൻകരുതൽ പോലെ ഇങ്ങനെ പറഞ്ഞെങ്കിലും റയാൻ പോലും പ്രതീക്ഷിക്കാത്തതാണ് പിന്നീട് നടന്നത്. ചൂണ്ട നൂല് പോകുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചിരിക്കുകയായിരുന്നു സംഘം. ഞൊടിയിടയിൽ സ്രാവ് ദിശ മാറ്റി ബോട്ടിന് തൊട്ടരികിലെത്തി ഉയർന്നുപൊങ്ങി. എന്നാൽ  ചാട്ടത്തിന്റെ ശക്തിയിൽ അതു നേരെ വന്നു പതിച്ചത് അവരുടെ ബോട്ടിനു മുകളിലാണ്. ഇത് കണ്ടതോടെ ബോട്ടിലുണ്ടായിരുന്നവർ ഏറെ ഭയന്ന് സുരക്ഷിതസ്ഥാനത്തേക്ക് ഓടിനീങ്ങുകയും ചെയ്തു. സ്രാവ് ബോട്ടിൽ വന്ന് പതിക്കുന്നതും ബോട്ടിലുള്ളവർ ഉച്ചത്തിൽ നിലവിളിക്കുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം.

 

ചൂണ്ടയിൽ നിന്നും രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെയാണ് സ്രാവ് ബോട്ടിൽ വന്നു വീണത്. അവിടെ നിന്നും വെള്ളത്തിലേക്ക് തിരികെപോകാനായി അത് ഏറെ പരിശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ സ്രാവിന് കിടന്നിടത്തുനിന്നും അനങ്ങാനാകുമായിരുന്നില്ല. ഇതു കണ്ടതോടെ സ്രാവിനെ രക്ഷിക്കാനായി  എന്തെങ്കിലും ചെയ്യാനാവുമോ എന്നായിരുന്നു തന്റെ ചിന്തയെന്ന് റയാൻ പറയുന്നു. ഇത്രയും വലിയ സ്രാവിനു സമീപത്തെത്തി അതിനെ സഹായിക്കുകയെന്നത് ഏറെ അപകടകരമായ കാര്യവുമാണ്.  

 

രണ്ടു മിനിറ്റ് സമയം സ്രാവ് ബോട്ടിൽ തന്നെ തുടർന്നു. എന്നാൽ റയാന്റെയും സംഘത്തിന്റെയും സഹായം കൂടാതെ തന്നെ ഒടുവിൽ അത് പുളഞ്ഞ് ബോട്ടിന്റെ വക്കിലെത്തി കടലിലേക്ക് മടങ്ങുകയും ചെയ്തു. ഒൻപതടിയോളം നീളമുള്ള സ്രാവാണ് ബോട്ടിൽ വന്നു പതിച്ചത്. ഇതിന് ഏകദേശം 150 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. എന്നാൽ സ്രാവ് ബോട്ടിന്റെ മുൻഭാഗത്ത് വന്ന് പതിച്ചതാണ് രക്ഷയായതെന്ന് റയാൻ പറയുന്നു. ബോട്ടിന്റെ പിൻഭാഗത്തായിരുന്നുവെങ്കിൽ സ്രാവ് അവിടെ കുടുങ്ങി പോവുകയോ ആക്രമിക്കുകയോ ചെയ്യാനുള്ള സാധ്യതയേറെയായിരുന്നു. 13 അടി വരെ നീളത്തിൽ വളരുന്നവയാണ് മാക്കോ സ്രാവുകൾ. കടലിൽ താരതമ്യേന ചൂടുള്ള ഭാഗങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ മാക്കോ സ്രാവുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Watch Moment Huge Shark Jumps Onto Fishing Boat: 'We Were Lucky'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com