ADVERTISEMENT

തമിഴ്നാട്ടിലെ ഒരു മുതല പരിപാലന കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് മുതലകളെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഗ്രീൻസ് സുവോളജിക്കല്‍ റെസ്ക്യൂ ആന്റ് റീഹബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റുന്നു. രാജ്യത്താദ്യമായാണ് ഇത്രയും വലിയ മുതല കൈമാറ്റം നടക്കുന്നത്. മദ്രാസ് ക്രോക്കൊഡിൽ ബാങ്ക് ട്രസ്റ്റിൽ നിന്നാണ് ആയിരം മുതലകളെ ഇവിടേക്ക് എത്തിക്കുന്നത്. ആദ്യഘട്ടമായി 300 മുതലകളെയാവും കൊണ്ടുവരിക. താപനില ക്രമീകരിച്ച പ്രത്യേക വാഹനത്തിലാവും മുതലകളെ ഗുജറാത്തിലേക്ക് കൊണ്ടുപോകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഭക്ഷണം ആവശ്യമുള്ള ഇവയ്ക്ക് യാത്ര തുടങ്ങും മുൻപ് തന്നെ ഭക്ഷണം നൽകിയാവും വാഹനത്തിൽ കയറ്റുക. 

ഇത്രയുമധികം മുതലകളെ പരിപാലിക്കാനുള്ള സൗകര്യങ്ങൾ ഇല്ലെന്നു കാട്ടിയാണ് മദ്രാസ് ക്രോക്കൊഡിൽ ബാങ്ക് ട്രസ്റ്റ് ഇവയെ ഗ്രീൻസ് സുവോളജിക്കല്‍ റെസ്ക്യൂ ആന്റ് റീഹബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റുന്നത്. സ്ഥല പരിമിതിയടക്കം വെല്ലുവിളിയായപ്പോൾ നൂറുകണക്കിന് മുതലമുട്ടകൾ നശിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതർ പറയുന്നു. എല്ലാവർഷവും ഇതാണ് സ്ഥിതി. ഇതൊക്കെ പരിഗണിച്ചാൽ മുതലകളെ അങ്ങോട്ട് അയയ്ക്കുന്നതാണ് നല്ലത്. അവ സന്തോഷത്തോടെ അവിടെ ജീവിക്കട്ടെ എന്നാണ് അധികൃതർ പറയുന്നത്. 

8.5 ഏക്കർ മാത്രമാണ് ട്രസ്റ്റ് പ്രവർത്തിക്കുന്ന സ്ഥലമുള്ളത്. മുതലകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇത് വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു. അതേസമയം ഗുജറാത്തിലെ ജാംനഗറിലുള്ള ഗ്രീൻസ് സുവോളജിക്കല്‍ റെസ്ക്യൂ ആന്റ് റീഹബിലിറ്റേഷൻ സെന്ററാകട്ടെ 425 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടും മുതലകൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായിടം. 1976ലാണ് മദ്രാസ് ക്രോക്കൊഡിൽ ബാങ്ക് ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. അന്ന് 40 മുതലകളുമായാണ് തുടങ്ങിയതെങ്കിൽ ഇന്നത് ആയിരക്കണക്കിന് മുകളിലെത്തിയിരിക്കുന്നു.

മുതലകളുടെ പ്രത്യുത്പാദനശേഷി കുറയ്ക്കാനോ വന്ധ്യംകരിക്കാനോ നിലവിൽ‌ മാർഗങ്ങളൊന്നും തന്നെയില്ല. ഇവയുടെ എണ്ണം അനിയന്ത്രിതമായി പെരുകാൻ ഇത് പ്രധാന കാരണമാണ്. ആൺമുതലകളെയും പെൺമുതലകളയെും വേർതിരിച്ചിടാനും സാധിക്കില്ല. അങ്ങനെ ചെയ്താൽ മുതലകൾ തമ്മില്‍ അടികൂടുമെന്നും ട്രസ്റ്റ് നടത്തിപ്പുകാർ പറയുന്നു. എന്നാൽ മൃഗങ്ങളെ ഇങ്ങനെ മാറ്റിപ്പാർപ്പിക്കുന്ന രീതിക്കു പകരം സംരക്ഷിത വനത്തിന്റെ വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കങ്ങളാണ് കൈക്കൊള്ളേണ്ടതെന്ന അഭിപ്രായമുള്ളവരുമുണ്ട്.

English Summary: 1000 Chennai crocodiles to travel to Reliance Zoo in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com