ADVERTISEMENT

മലേഷ്യയിലെ സാബാ നദിയിൽ മുതലയുടെ ആക്രമണത്തില്‍ ഒരു വയസ്സുകാരന് ദാരുണാന്ത്യം. മീൻ പിടിക്കാനായി നദിയിൽ അച്ഛനൊപ്പം എത്തിയ കുഞ്ഞിനെ അദ്ദേഹത്തിന്റെ കൺമുന്നിൽ വച്ചാണ് മുതല ആക്രമിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എല്ലാം വിഫലമാവുകയായിരുന്നു. ഇപ്പോൾ മുതലയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. മീൻ പിടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ആയിരുന്നു മുതലയുടെ ആക്രമണം. മുതല കുഞ്ഞിനെ കടിച്ചെടുത്തതു കണ്ട അച്ഛൻ അതുമായി മൽപ്പിടുത്തം നടത്തുകയും ചെയ്തു. എന്നാൽ ജീവൻ തന്നെ പണയം വച്ച് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടും മുതലയുടെ വായയ്ക്കുള്ളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അല്പസമയം നീണ്ട പോരാട്ടത്തിനൊടുവിൽ  മുതല കുഞ്ഞുമായി വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. കുഞ്ഞിന്റെ ശരീരവുമായി ഉപരിതലത്തിലേക്ക് ഉയർന്നു വന്നെങ്കിലും വീണ്ടും അപ്രത്യക്ഷനാവുകയായിരുന്നു.

 

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുതലയെ പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചു.  സാബാ വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കുഞ്ഞിനെ ആക്രമിച്ച മുതലയെ കണ്ടെത്താനായിട്ടില്ല. ആക്രമണത്തെ തുടർന്ന് കുഞ്ഞിന്റെ അച്ഛന് സാരമായ പരിക്കുകളേറ്റിട്ടുണ്ട്. ശരീരത്തിൽ കടിയേറ്റ പാടുകളും തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ടെന്ന് രക്ഷാദൗത്യത്തിൽപങ്കെടുത്ത ഫയർ ആൻഡ് റെസ്ക്യൂ ഏജൻസി വിശദീകരിച്ചു. കുഞ്ഞിന്റെ ജഡവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

മലേഷ്യയിലെ നദികളിലും തീരദേശ മേഖലകളിലും ലവണജല മുതലകൾ ധാരാളമായുണ്ട്. ശുദ്ധജലത്തിൽ വസിക്കുന്ന മുതലകളെക്കാൾ ഏറെ ആക്രമണകാരികളാണ് ഇവ. ശക്തിയേറിയ താടിയെല്ലുകളും 80 പല്ലുകളുമാണ് ഇവയ്ക്കുള്ളത്.  ജീവന് ഭീഷണിയുണ്ടെന്നു തോന്നിയാൽ മാത്രമേ ഇവ  മനുഷ്യരെ ആക്രമിക്കാറുള്ളൂ.  എന്നാൽ മനുഷ്യരോടുള്ള ഭയം വിട്ടകന്നാൽ ഇവ കൂടുതൽ ആക്രമണകാരികളാകാറുമുണ്ട്. ഇവയെ കാണുന്ന സമയത്ത് മനുഷ്യർ ആഹാരം നൽകുന്നതാണ് ഈ പ്രവണതയ്ക്കുള്ള കാരണമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും ഇവയുടെ ആക്രമണം ഏറ്റ് മരണങ്ങൾ സംഭവിക്കുന്നത് അപൂർവമാണ്. മീൻ പിടിക്കുന്നതിനായി പ്രദേശവാസികൾ പതിവായെത്തുന്ന ഇടമാണ് സാബാ നദി. ആക്രമണകാരിയായ മുതലയെ പിടികൂടാത്തതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.  മുതലയെ കണ്ടെത്തിയാൽ അതിനെ കൊല്ലാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

English Summary: Manhunt Launched for Giant Crocodile That Ate 1-Year-Old in Front of Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com