ADVERTISEMENT

പാമ്പുകളുടെ ആജൻമ ശത്രുക്കളാണ് കീരികൾ. പാമ്പുകളെ എവിടെ കണ്ടാലും കീരികൾ വെറുതെ വിടാറില്ല. വിഷമുള്ള പാമ്പാണെങ്കിലും വിഷമില്ലാത്തതാണെങ്കിലും പാമ്പിനെ കണ്ടാൽ കീരികൾ കടിച്ചുകുടയുമെന്ന് മാത്രമല്ല, ഭക്ഷണമാക്കുകയും ചെയ്യും. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കീരിയും ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ബ്ലാക് മാംബയും തമ്മിലുള്ള പോരാട്ടത്തിന്റെ ചിത്രങ്ങളാണിത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഗൈഡായ അങ്കിയ പ്യുസെ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.

 

വിനോദ സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് പക്ഷികൾ ഉച്ചത്തിൽ ചിലച്ചുകൊണ്ട് പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇരപിടിയൻമാർ എത്തുമ്പോഴുള്ള അപായ സൂചനയാണിത്. ഇവയെ ശ്രദ്ധിച്ചപ്പോഴാണ് കുറ്റിച്ചെടികൾക്കു മുകളിലിരിക്കുന്ന ബ്ലാക്ക് മാംബയേയും അതിനെ ആക്രമിക്കാൻ ശ്രമിക്കുന്ന കീരിയേയും സഞ്ചാരികൾ കണ്ടത്. പാമ്പിനെ ആക്രമിക്കാൻ കുതിച്ചെത്തിയ കീരി അതിനെ കടിച്ചശേഷം അതിവേഗം താഴേക്കിറങ്ങി. ബ്ലാക്ക് മാംബ പ്രത്യാക്രമണം നടത്തിയെങ്കിലും കീരി അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. സ്ലെൻഡർ മങ്കൂസ് ഇനത്തിൽപ്പെട്ട കീരിയാണ് ബ്ലാക്ക് മാമ്പയെ ആക്രമിച്ചത്.ഏകദേശം 30 മിനിട്ടോളം ഈ പോരാട്ടം തുടർന്നു. 

 

ആക്രമണത്തിനിടയിൽ നിരവധി തവണ കീരി ബ്ലാക്ക് മാംബയെ കടിച്ചു മുറിവേൽപ്പിച്ചു. കുറ്റിച്ചെടികൾക്ക് മുകളിലിരുന്നായിരുന്നു ബ്ലാക്ക് മാംബയുടെ പ്രത്യാക്രമണം. ഒടുവിൽ കീരി ബ്ലാക്ക് മാമ്പയെ ഒഴിവാക്കി മാളത്തിലേക്ക് മടങ്ങി. സമീപത്തെവിടെ കുഞ്ഞുങ്ങളുള്ളതിനാലാവാം ബ്ലാക്ക് മാമ്പയെ കീരി തുരത്താൻ ശ്രമിച്ചതെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. സാധാരണയായി പാമ്പുകളെ ആക്രമിച്ചാൽ അവയെ കൊന്ന് ഭക്ഷണമാക്കുകയാണ് കീരികൾ ചെയ്യാറുള്ളത്. ഇവിടെ ബ്ലാക്ക് മാമ്പയെ അവിടെ നിന്ന് തുരത്തുകയെന്നത് മാത്രമായിരുന്നു കീരിയുടെ ലക്ഷ്യം. അപൂർവ കാഴ്ചയെന്നാണ് വിനോദ സഞ്ചാരികൾ ഈ പോരാട്ടത്തെ വിശേഷിപ്പിച്ചത്.

അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ അപകടകാരിയായ വിഷപ്പാമ്പാണ് ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ് ബ്ലാക്ക് മാംബ ഒട്ടേറെ ഭീതിദമായ കഥകൾ. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം.കുതിരയേക്കാൾ വേഗത്തിൽ നീങ്ങുന്ന പാമ്പ്, മലഞ്ചെരിവുകളിൽ ശരീരം വളയം പോലെയാക്കി അതിവേഗത്തിൽ ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആളുകളെ പ്ലാൻ ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന പാമ്പ്.. ഇതു കടിച്ചാൽ മരണം ഉടനടി നടക്കും.. ബ്ലാക്ക് മാംബയെക്കുറിച്ച് പ്രചരിക്കുന്ന അദ്ഭുത കഥകൾക്ക് പഞ്ഞമൊന്നുമില്ല. എന്നാൽ ഇതെല്ലാം വെറുതെയാണ്.

പക്ഷേ ബ്ലാക്ക് മാംബ അപകടകാരിയായ ഒരു പാമ്പാണ്. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ കഥകളിൽ പറയുന്നതു പോലെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ച് ആക്രമിക്കുന്ന പാമ്പല്ല ബ്ലാക്ക് മാംബയെന്ന് ഗവേഷകർ പറയുന്നു. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. എന്നാ‍ പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്.

 

കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും. ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്. ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.

 

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.

 

English Summary: Mongoose Attacks World’s Most Feared Snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com