ഇരയെ പിടികൂടി വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചു കൊന്നശേഷം അവയെ ഒന്നാകെ വിഴുങ്ങുകയാണ് പെരുമ്പാമ്പുകളുടെ രീതി. എന്നാൽ പിടികൂടുന്ന എല്ലാ മൃഗങ്ങളെയും ഒരേപോലെ വിഴുങ്ങാൻ അവയ്ക്ക് സാധിക്കണമെന്നില്ല. അത്തരത്തിൽ സഞ്ചി നിറയെ കുഞ്ഞുങ്ങളുള്ള ഒരു പോസത്തെ വിഴുങ്ങാനാവാതെ ബുദ്ധിമുട്ടുന്ന പെരുമ്പാമ്പിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും മറ്റും കാണപ്പെടുന്ന എലിവർഗത്തിൽപ്പെട്ട സഞ്ചിമൃഗമാണ് പോസം. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഹാരിസൺസ് ഗോൾഡ് കോസ്റ്റ് ആൻഡ് ബ്രിസ്ബെയ്ൻ സ്നേക്ക് ക്യാച്ചേഴ്സ് എന്ന സ്ഥാപനമാണ് പെരുമ്പാമ്പിന്റെ ഇരപിടിത്തത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേക്കും പോസ്സം ചത്തിരുന്നതായി ഇവർ കുറിക്കുന്നു. ഇതോടെ പെരുമ്പാമ്പ് പോസ്സത്തിനെ വിഴുങ്ങുന്നതും കാത്ത് നാലുമണിക്കൂർ സമയം ഉദ്യോഗസ്ഥർ കാത്തിരിക്കുകയും ചെയ്തു. എന്നാൽ സഞ്ചിയിൽ നിറയെ കുഞ്ഞുങ്ങളുള്ള നിലയിൽ പോസ്സത്തിനെ വിഴുങ്ങാൻ സാധിക്കാതെ പെരുമ്പാമ്പ് പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടാറുള്ള കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പാണ് പോസത്തിനെ ഇരയാക്കിയത്.
ഇരയെ വിഴുങ്ങാൻ സാധിക്കില്ലെന്ന് പൂർണ ബോധ്യമായതോടെ പെരുമ്പാമ്പ് അതിനെ ഉപേക്ഷിച്ചു. തങ്ങളെക്കാൾ ഏറെ വലുപ്പമുള്ള മൃഗങ്ങളെയും എളുപ്പത്തിൽ വിഴുങ്ങാനാവുന്ന തരത്തിൽ വഴക്കമുള്ളതാണ് പെരുമ്പാമ്പുകളുടെ വായഭാഗം. എന്നാൽ ഇവിടെ പാമ്പ് പരമാവധി വായ പിളർത്തിയിട്ടും പോസത്തിനെ വിഴുങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു. വായിലാക്കിയ പോസത്തിന്റെ ശരീരഭാഗം പുറത്തു കളഞ്ഞ ശേഷമാണ് പെരുമ്പാമ്പ് അവിടെ നിന്നും ഇഴഞ്ഞുനീങ്ങിയത്.
4.3 അടി നീളം മാത്രമാണ് പെരുമ്പാമ്പിനുണ്ടായിരുന്നത്. പോരാത്തതിന് മനുഷ്യന്റെ കൈയേക്കാൾ വലുപ്പവും കുറവായിരുന്നു ശരീരത്തിന്. ഇതു മൂലമാണ് അതിന് പോസത്തിനെ ഭക്ഷിക്കാൻ സാധിക്കാതെ വന്നത്. പാമ്പ് മാറിയതോടെ പോസത്തിന്റെ സഞ്ചിയിലുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അവയും ജീവനറ്റ നിലയിൽ തന്നെയാണ് ഉണ്ടായിരുന്നത്. അതോടെ പോസത്തിനെയും കുഞ്ഞുങ്ങളെയും വനപ്രദേശത്ത് മറ്റു മൃഗങ്ങൾക്ക് ഭക്ഷിക്കാനായി ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
23 ഇഞ്ച് നീളത്തിൽ വളരെ വളരുന്നവയാണ് പോസമുകൾ ഇതിനുപുറമേ ഒരടിയോളം നീളമുള്ള വാലും ഇവയ്ക്കുണ്ട്. പ്രായപൂർത്തിയെത്തിയ പോസത്തിന് നാലര കിലോഗ്രാമിൽ അധികം ഭാരവുമുണ്ടാവും. 16 മുതൽ 18 ദിവസം വരെ മാത്രമാണ് ഇവയുടെ ഗർഭകാലം. ഒരിഞ്ചു മാത്രം വലുപ്പത്തിൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ അമ്മയുടെ സഞ്ചിയുടെ സുരക്ഷിതത്വത്തിലാണ് വളരുന്നത്. പിന്നീട് നാല് -അഞ്ച് മാസക്കാലം സഞ്ചിക്കുള്ളിൽ കിടന്ന് പൂർണ വളർച്ചകൈവരിക്കും.
കാർപെറ്റ് പൈതണുകൾ ആറര മുതൽ 12 അടി നീളത്തിൽ വരെ വളരുന്നവയാണ്. ഓസ്ട്രേലിയയ്ക്കു പുറമേ ഇന്തോനീഷ്യ, പാപുവ ന്യൂഗിനിയ എന്നിവിടങ്ങളിലും ഇവയെ ധാരാളമായി കാണാറുണ്ട്. മറ്റ് പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇവ തവളകളെയും പല്ലികളെയും പക്ഷികളെയും താരതമ്യേന ചെറിയ സസ്തനികളെയുമൊക്കെയാണ് ആഹാരമാക്കാറുള്ളത്.
English Summary: Python Tries and Fails To Eat Possum With Pouch Full of Babies: 'Too Big'