ADVERTISEMENT

മനുഷ്യ സാമീപ്യം മനസ്സിലാക്കിയാൽ പിന്നെ കണ്ണിൽപ്പെടാതെ പതുങ്ങിയിരിക്കാനാകും പാമ്പുകളുടെ ശ്രമം. വീടിനുള്ളിൽ കയറിയ ശേഷംഅവ ഇങ്ങനെ പതുങ്ങിയിരുന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തിന്റെ തോത് വളരെ വലുതായിരിക്കും. അലമാരകളുടെയും മേശകളുടെയും ഇടയിലും ചിലപ്പോൾ കട്ടിലിലെ വിരിപ്പിനടിയിൽ വരെ പതുങ്ങിയിരുന്ന ശേഷം ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടത്തിൽ അവ ആക്രമിച്ചെന്നും വരാം. എന്നാൽ കഴിഞ്ഞദിവസം ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ഒരു വീട്ടിൽ കയറിയ പാമ്പ് പതുങ്ങിയിരുന്നത് വാഷിങ് മെഷീനുള്ളിലാണ്. അതും അങ്ങേയറ്റം അപകടകാരിയായ ഈസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട ഒന്നിനെയാണ് വാഷിങ് മെഷീനുള്ളിൽ നിന്നും കണ്ടെത്തിയത്.

 

വാഷിങ് മെഷീനുള്ളിൽ പാമ്പ് കയറിയത് കണ്ടെത്തിയ ഉടൻ തന്നെ വീട്ടുടമസ്ഥ മുൻകരുതലുകൾ സ്വീകരിച്ചു.  മെഷീൻ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് തുറക്കുന്ന വാതിലുകൾ അടച്ച ശേഷം വാതിലിന്റെ താഴെയുള്ള വിടവുകൾ ടവലുകളും തലയിണകളും ഉപയോഗിച്ചടച്ചു. അതേ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിൽ തുറന്നിടാനും ഇവർ മറന്നില്ല. പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ച ശേഷം അലരെത്തുന്നതുവരെ പാമ്പ് എവിടേക്കെങ്കിലും നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു അടുത്ത പടി. അല്പസമയത്തിനുശേഷം മാഡിൻസ് ഗ്ലാഡ്സ്റ്റോൺ റീജനൽ സ്നേക് ക്യാച്ചർ എന്ന സ്ഥാപനത്തിന്റെ ഉടമയായ ടോം മാഡിൻ സ്ഥലത്തെത്തി.

 

അപ്പോഴും വാഷിങ് മെഷീനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു പാമ്പ്. അതിന്റെ തലഭാഗം മാത്രം മെഷീന്റെ മുകൾഭാഗത്തുനിന്നും പുറമേ കാണാനാവുമായിരുന്നു.  മെഷീനിന്റെ നാലുഭാഗത്തും തട്ടി ശബ്ദമുണ്ടാക്കിയതോടെ പാമ്പ് വെളിയിലേക്കു വന്നു. ഏറെ ഭയന്ന പാമ്പ് ഒളിക്കാനുള്ള ഇടം തേടി. ഒട്ടും സമയം വൈകാതെ ടോം തന്റെ കൈയിൽ കൈയിൽ കരുതിയിരുന്ന സ്നേക് ബാഗ് പാമ്പിനു മുന്നിൽ വച്ചതോടെ പാമ്പ് അതിനുള്ളിലേക്ക് കയറുകയായിരുന്നു. തുടർന്ന്  പുറത്തെത്തിയ ശേഷം ജനവാസമില്ലാത്ത മേഖലയിലേക്ക് അതിനെ തുറന്നു വിടുകയും ചെയ്തു.

 

പാമ്പുകൾ വീട്ടിൽ കയറിയാൽ ഈ വീട്ടുടമ ചെയ്തതുപോലെ ആദ്യം തന്നെ മറ്റു മുറികളിലേക്ക് കയറാനുള്ള എല്ലാ മാർഗങ്ങളും തടയുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് ടോം പറയുന്നു. വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാൽ വളർത്തു മൃഗങ്ങളെയും കൊച്ചുകുട്ടികളെയും ഉടൻതന്നെ വീടിനുള്ളിലാക്കിയ ശേഷം വാതിലടച്ച് സുരക്ഷിതമാക്കുക. വീടിനകത്താണ് കയറിയതെങ്കിൽ സ്വന്തമായി അതിനെ പിടികൂടാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടാൻ ശ്രമിക്കണമെന്നും ടോം വ്യക്തമാക്കി. 

 

അതീവ അപകടകാരിയായ വിഷപ്പാമ്പുകളാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. ഓസ്ട്രേലിയയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഇവയുടെ കടിയേറ്റത് മൂലമാണ് . പാമ്പുകൾ ഏറെയുള്ള മേഖലകളിൽ അവ വീടിനു സമീപമെത്തുന്നത് പൂർണമായി ഒഴിവാക്കുകയെന്നത് സാധ്യമല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ഭീഷണി ഒരു പരിധിവരെ ഒഴിവാക്കി നിർത്താൻ സാധിക്കുകയും ചെയ്യും. കഴിവതും വെള്ളം വീടിനു പുറത്ത് വയ്ക്കാതിരിക്കുക. പാമ്പുകൾ ഭക്ഷണമാക്കുന്ന എലികളെ പോലെയുള്ള ജീവികളെ പരമാവധി വീട്ടിൽ നിന്നും തുരത്തുക. ആഹാരവും വെള്ളവും ഒളിക്കാനുള്ള ഇടവുമുള്ള സ്ഥലങ്ങളാണ് പാമ്പുകൾ തേടിയെത്തുന്നത്.  ഈ സാഹചര്യങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് പാമ്പുകളെ ഒഴിവാക്കാനുള്ള പ്രധാന മാർഗം.

 

English Summary: Deadly Snake Slithers into Woman's Washing Machine: 'Shaken'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com